ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ക്രൊയേഷ്യയുടെ മരിൻ സിലിച്ച് നേടി. സിലിച്ചിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. ഗ്രാൻസ്ലാമിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായ ജപ്പാന്റെ കെയ് നിഷികോരിയെ പരാജയപ്പെടുത്തിയാണ് സിലിച്ച് യു.എസ് ഓപ്പൺ ചാമ്പ്യനായത്. നിഷികോരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിലിച്ച് പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3, 63, 6-3.

ഫൈനലിലെ നിഷികോരിക്കെതിരായ ജയത്തോടെ സിലിച്ച് ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേയ്ക്ക് കയറി. ലോക മൂന്നാം നമ്പർ താരം റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് സിലിച്ച് നിഷികോരിയുമായുള്ള ഫൈനലിന് യോഗ്യത നേടിയത്.

വനിതാ വിഭാഗം കിരീടം അമേരിക്കയുടെ സെറീന വില്യംസാണ് സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് യു.എസ് ഓപ്പൺ വനിതാ കിരീടത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് മുത്തമിട്ടത്. ഡെന്മാർക്കിന്റെ കരോളിൻ വൊസനിയാക്കിയെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-3ന് തറപറ്റിച്ചാണ് സെറീന ഇത്തവണ ഫ്‌ളഷിങ് മെഡോസിൻ കിരീടം ഉയർത്തിയത്.

ഇത് സെറീനയുടെ 18ാം ഗ്രാൻഡ് സ്‌ളാം കിരീടനേട്ടമായിരുന്നു. ഗ്രാൻഡ് സ്‌ളാം നേട്ടത്തിൽ ക്രിസ് എവർട്ടിനും മാർട്ടിന നവരത്‌ലോവയ്ക്കുമൊപ്പമെത്താനും സെറീനയ്ക്കായി. ഗ്രാൻഡ് സ്‌ളാം നേട്ടത്തിൽ ഇനി സെറീനയ്ക്ക് മുന്നിൽ സ്റ്റെഫി ഗ്രാഫും (22), മാർഗരറ്റ് കോർട്ടും (24) മാത്രമേയുള്ളൂ. കരിയറിൽ സെറീനയുടെ യു.എസ് ഓപ്പൺ കിരീട നേട്ടം ആറായി. നാട്ടുകാരി കൂടിയായ സെറീന കിരീടം നേടുമെന്ന് ഉറപ്പിച്ച് തന്നെയാണ് വൊസിനിയാക്കിക്കെതിരെ ഫൈനലിനിറങ്ങിയത്.