ന്റെ വിരസമായ ഓഫീസ് ജോലി ഉപേക്ഷിച്ച് ഒന്ന് ലോകം ചുറ്റിയാലോ എന്ന മരിന പിറോ എന്ന 25കാരിയുടെ ചിന്തയിൽ നിന്നാണ് അവർ ഒരു പരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി അവർ 500 പൗണ്ട് മുടക്കി തന്റെ കാറിന്റെ പിൻസീറ്റുകൾ നീക്കുകയും അവിടെ കിടക്കയും അടുക്കളയും നിർമ്മിക്കുകയായിരുന്നു.തുടർന്ന് ഈ കാറിൽ തന്റെ പട്ടിക്കുട്ടിക്കൊപ്പം ലോകം ചുറ്റാൻ ലണ്ടനിലെ ഈ ഇറ്റാലിയൻ യുവതിയുടെ ആരംഭിച്ചിരിക്കുകയാണ്. .ഇറ്റലിയിലാണ് ജനിച്ചതെങ്കിലും നിലവിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ലണ്ടനിലാണ് ജീവിക്കുന്നത്. യാത്രക്കായി 2001 മോഡൽ ഫൈവ് ഡോർ റിനൗൾട്ട് കൻഗൂവാണ് അവർ പരിഷ്‌കരിച്ച് ഒരു വീടിന് സമാനമാക്കിയിരിക്കുന്നത്. ഈ വാനിൽ ലോകം ചുറ്റുന്ന യാത്രയിൽ തന്റെ ലാബ്രഡൂഡിൽ പട്ടിക്കുട്ടിയായ ഓഡി മാത്രമാണ് മരിനയ്ക്കൊപ്പമുള്ളത്.

തന്റെ കാർ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അവർ അതിൽ അടുക്കള, ബെഡ്, കർട്ടനുകൾ, ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിക്കുകയും ഒരു ചെറിയ വീടിന് സമാനമാക്കുകയുമായിരുന്നു. പാം ദി വാൻ എന്നാണീ വാനിന് യുവതി പേര് നൽകിയിരിക്കുന്നത്. മറ്റ് രീതിയിലുള്ള യാത്രാ, താസമ ചെലവുകൾ തനിക്ക് താങ്ങാനാവാത്തതിനാലാണ് ഈ പുതിയ യാത്രാ രീതി പരീക്ഷിക്കുന്നതെന്നും മരിന വ്യക്തമാക്കുന്നു. കഴിഞ്ഞ 11 മാസങ്ങൾക്കിടെ അവർ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. ഫ്രാൻസിലെ തടാകങ്ങൾ, ഇറ്റലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറേക്കാലമായി വിരസമായ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ താൻ ബന്ധനത്തിൽ അകപ്പെട്ടത് പോലെ മരിനയ്ക്ക് തോന്നുകയും പരമ്പരാഗതമായ നിലനിൽപ്പിന് വേണ്ടി ഭൗതികമായ കെട്ടുപാടിൽ പെട്ടതായി അവർക്ക് അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് അതിൽ നിന്നും രക്ഷപ്പെടാനാണ് ജോലി വലിച്ചെറിഞ്ഞ് വിചിത്രമായ രീതിയിലുള്ള ഈ ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

തന്റെ വാൻ യാത്രക്ക് അനുയോജ്യമായ വിധത്തിൽ പരിഷ്‌കരിക്കുന്നതിന് മുമ്പ് മരിന രണ്ട് മാസത്തോളം ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. നിലവിൽ റോഡുകളിലൂടെയുള്ള തന്റെ പുതിയ ജീവിതത്തെ മരിന ഏറെ സ്നേഹിക്കുന്നുണ്ട്. ഭാവിയിലും തന്റെ സഞ്ചാരം തുടരാൻ തന്നെയാണീ യുവതി തീരുമാനിച്ചിരിക്കുന്നത്. കാഷ്വൽ ജോലികൾ സ്വീകരിക്കാനും വിദൂരമായ സ്ഥലങ്ങളിലിരുന്ന സ്വതന്ത്രമായി ജോലി ചെയ്യാനുമാണ് ഇവർ ആഗ്രഹിക്കുന്നത്.തുടർന്ന് ആ പണമുപയോഗിച്ച് യാത്ര ചെയ്യാനും മരിന പദ്ധതിയിടുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തന്റെ യാത്രകൾക്കിടയിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതി സമ്മതിക്കുന്നു. ഉദാഹരണമായി ഫ്രാൻസിലെ റെയിംസിലെ തെരുവിൽ വാൻ പാർക്ക് ചെയ്ത് താനും ഓഡിയും കൂടി മണിക്കൂറുകളോളം കറങ്ങി തിരിച്ചെത്തിയപ്പോൾ വാൻ എവിടെയാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിയ കാര്യം മരിന ഓർക്കുന്നു.

ആ സമയത്ത് തന്റെ ഫോണിലെ ബാറ്ററി തീർന്ന് കട്ടായിരുന്നുവെന്നും പാസ്പോർട്ട് കൈയിലില്ലായിരുന്നുവെന്നും കൈയിലുണ്ടായിരുന്ന പണം തീർന്നിരുന്നുവെന്നും മരി ന വെളിപ്പെടുത്തുന്നു. തുടർന്ന് ഏറെ നേരം തിരഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ വാൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാൻ നിർത്തിയിടുന്ന സ്ട്രീറ്റിന്റെ പേര് മരിന കുറിച്ചിടാൻ തുടങ്ങി. എന്നാൽ ഇത്തരം ചില ബുദ്ധിമുട്ടുകളല്ലാതെ യാത്രക്കിടയിൽ മറ്റുള്ളവരിൽ നിന്നും തന്റെ സുരക്ഷയ്ക്ക് നേരെ യാതൊരു ഭീഷണികളും ആക്രമണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മരിന വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ ഉള്ളിലടക്കി കഴിയുന്ന മറ്റ് സ്ത്രീകൾക്ക് തന്റെ സാഹസിക യാത്ര പ്രചോദനമാകണമെന്നും മരിന ആഗ്രഹിക്കുന്നു. നല്ലൊരു കത്തി, വലിയ ടോർച്ച്, എമർജൻസി ബാറ്റരി സ്റ്റാർട്ടർ, ഓഡിക്ക് കളിക്കാനുള്ള ബോൾ, നെറ്റടക്കമുള്ള ടേബിൾ ടെന്നീസ് സെറ്റ്, മെക്കാനിക്ക് ടൂൾ സെറ്റ്, ഫയർ എക്സ്റ്റിൻഗ്യൂഷർ, യോഗാ മാറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സാധനങ്ങൾ അത്യാവശ്യത്തിനായി ഈ കാറിൽ മരിന കരുതിയിട്ടുണ്ട്.