- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പൽ ചാലിന് ആഴമില്ലാത്തതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതു വരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതി; ലക്ഷക്കണക്കിനു രൂപയുടെ ഇന്ധന നഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസും ഉണ്ടാക്കി; മടത്ത് സർവ്വീസ് അവസാനിപ്പിച്ച് ചരക്ക് കപ്പൽ; ജലപാതയും ജലരേഖയോ? സിൽവർലൈനിൽ വീമ്പു പറയുന്നവർ അറിയാൻ
കണ്ണൂർ: ജലപാത ജലരേഖയായില്ലെന്ന് പറഞ്ഞ് വിമർശകരെ ട്രോളിയെ മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈനിൽ അനുമതി തേടി പ്രധാനമന്ത്രി മോദിയെ കണ്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജലപാതയിൽ ചില പ്രസ്താവനകൾ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തി. അതും വെറും തള്ളാകുമോ എന്ന സംശയമാണ് മനോരമയിലെ ഈ വാർത്ത പങ്കുവയ്ക്കുന്നത്. കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് മാരിടൈം ബോർഡ് ആരംഭിച്ച ചരക്കു കപ്പൽ സർവീസ് ഉപേക്ഷിച്ച് കപ്പൽ കമ്പനിയെന്നതാണ് കണ്ണൂരിൽ നിന്ന് എൻ.പി.സി.രംജിത് റിപ്പോർട്ട് ചെയ്യുന്നു.
കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഒരു കപ്പലാണ് സർവ്വീസ് നടത്തിയിരുന്നത്. ജലപാതാ വികസനം ത്വരിത ഗതിയിൽ നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ അവകാശപ്പെട്ടത്. ഇതിനിടെയാണ് തുറമുഖങ്ങളിൽ ചരക്കു നീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ഇൻസെന്റീവ് കുടിശിക ഒരു കോടി രൂപ കടന്നിട്ടും തുക അനുവദിക്കാത്തതും മൂലം ചരക്കു കപ്പൽ യാത്ര അവസാനിപ്പിക്കുന്നത്. കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും നല്ലത് ജനപാതയാണെന്നതാണ് വസ്തുത. എന്നാൽ അതിന് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് ഈ വാർത്ത വ്യക്തമാക്കുന്നത്.
നൂറ്റാണ്ടിലേറെയായി ഷിപ്പിങ് രംഗത്തുള്ള രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്‌സി ഗ്രൂപ്പിന്റെ ചൗഗ്ലെ 8 എന്ന കപ്പലായിരുന്നു കേരള തീരത്ത് ഷിപ്പിങ് സേവനം ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ജൂലൈ 4നു മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കപ്പൽ 9 മാസത്തിനിടെ 43 സർവീസുകളിലായി 3330 കണ്ടെയ്‌നറുകളാണു കൈകാര്യം ചെയ്തത്. ബേപ്പൂരിൽ നിന്ന് ഇന്നലെ രാത്രി കൊച്ചിയിൽ എത്തിയ കപ്പൽ അടുത്ത ദിവസം ഗോവയിലേക്കു കൊണ്ടുപോകും. മുംബൈ-ഗുജറാത്ത് തീരങ്ങളിൽ പുതിയ സർവീസ് ആരംഭിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
20 അടി നീളമുള്ള 106 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് ചൗഗ്ലെ 8. ബേപ്പൂരിലെയും അഴീക്കലിലെയും കപ്പൽ ചാലുകൾക്ക് ആഴമില്ലാത്തതിനാൽ പകുതിയിൽ താഴെ കണ്ടെയ്‌നറുകൾ മാത്രമേ കയറ്റാൻ സാധിക്കുന്നുള്ളൂ. വർഷങ്ങളായി ഡ്രജിങ് നടക്കാത്ത അഴീക്കലിലേക്ക് 20 കണ്ടെയ്‌നറുകൾ എത്തിക്കുന്നതു തന്നെ വളരെ പാടുപെട്ടാണ്. കപ്പൽ ചാലിന് ആഴമില്ലാത്തതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതു വരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ലക്ഷക്കണക്കിനു രൂപയുടെ ഇന്ധന നഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസിലും കപ്പൽ കമ്പനിക്ക് ഉണ്ടാകുന്നത്.
അഴീക്കലിലെ കപ്പൽ ചാലിന്റെ ആഴം സർക്കാരിനു പണച്ചെലവില്ലാത്ത രീതിയിയിൽ റിവേഴ്‌സ് ഡ്രജിങ് നടത്തി 7 മീറ്ററാക്കാൻ മാരിടൈം ബോർഡ് തീരുമാനിച്ചിട്ടു മാസങ്ങളായെങ്കിലും തുറമുഖ വകുപ്പ് അനുമതി നൽകിയില്ല. ക്യാപിറ്റൽ ഡ്രജിങ്ങിനു തുറമുഖ വകുപ്പ് 65 കോടി രൂപ ചെലവു കണക്കാക്കിയ സാഹചര്യത്തിലായിരുന്നു 40 കോടി രൂപയെങ്കിലും സർക്കാരിനു ലഭിക്കാവുന്ന തരത്തിൽ റിവേഴ്‌സ് ഡ്രജിങ് നടത്താൻ മാരിടൈം ബോർഡ് തീരുമാനിച്ചത്. ഇതിനു പിന്നാലെ ബോർഡിന്റെ കാലാവധി പ്രത്യേക ഓർഡിനൻസിലൂടെ അഞ്ചിൽ നിന്നു മൂന്നു വർഷമായി വെട്ടിക്കുറച്ചതോടെ ബോർഡ് തന്നെ ഇല്ലാതായി-ഇതാണ് മനോരമ വർത്ത പറയുന്നത്.
അഴീക്കലിലും ബേപ്പൂരിലും കൊല്ലത്തും കസ്റ്റംസിന്റെ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) സൗകര്യം പൂർണസജ്ജമാകാത്തതും രാജ്യാന്തര ചരക്കുകൾ കൈകാര്യം ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ജലപാതിയിലെ മനോരമയുടെ മുൻ റിപ്പോർട്ടുകളെ ദേശാഭിമാനിയിലൂടെ സിപിഎം തള്ളി പറഞ്ഞിരുന്നു. ദീർഘനാളായി മുടങ്ങിക്കിടന്നതിനാൽ 'ജലരേഖ'യെന്ന് ചിലർ വിശേഷിപ്പിച്ച ദേശീയ ജലപാത വികസനവും ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവെന്നാണ് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തത്.
കൊല്ലംമുതൽ കോട്ടപ്പുറംവരെയുള്ള 168 കിലോമീറ്റർ ദേശീയ നിലവാരത്തിൽ ഗതാഗതയോഗ്യമാക്കി. കൊല്ലം ചവറ കോവിൽത്തോട്ടത്ത് ഒരു നടപ്പാലവും ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജും പുനർനിർമ്മിക്കുകയാണ്. കോട്ടപ്പുറംമുതൽ കോഴിക്കോടുവരെയുള്ള 160 കിലോമീറ്റർ വികസിപ്പിക്കുന്നതിനുള്ള ഡിപിആർ അഥോറിറ്റി തയ്യാറാക്കി. പൊന്നാനി ചേറ്റുവ കനാലിന്റെ തുടക്കഭാഗമായ വെളിയംകോട് ഭാഗത്ത് നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. കോവളംമുതൽ വർക്കലവരെ 1275 കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് 247.2 കോടി രൂപയുടെ ഭരണാനുമതി നൽകി.
കനോലി കനാൽ വികസിപ്പിക്കുന്നതിനും കിഫ്ബി വഴി 1118 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മാഹി- വളപട്ടണം ഭാഗത്ത് 26.5 കിലോമീറ്റർ കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനായി 650 കോടി രൂപയും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്റർ കനാൽ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനായി 189 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. പാർവതീ പുത്തനാർ ഭാഗത്തെ ഫ്‌ളാറ്റ് മോഡൽ പുനരധിവാസത്തിനുള്ള ചുമതല കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനെ ഏൽപ്പിച്ചിട്ടുണ്ട്- മുഖ്യമന്ത്രി ഇങ്ങനെയാണ് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ