- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്ത്രപ്രധാന നഗരമായ മരിയുപോൾ പിടിച്ചെടുക്കാൻ റഷ്യ; ആയുധം വെച്ച് കീഴടങ്ങാനുള്ള അന്ത്യശാസനം തള്ളി യുക്രൈൻ; ഓരോ 10 മിനിറ്റിലും ബോംബ് വർഷിച്ച് റഷ്യൻ ആക്രമണം; റഷ്യയുമായി വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ നേതാക്കളോട് സെലൻസ്കി
മോസ്‌കോ: യുക്രൈനിലെ തന്ത്രപ്രധാന നഗരമായ മരിയുപോൾ പിടിച്ചെടുക്കാൻ പോരാട്ടം കടുപ്പിച്ച് റഷ്യ. തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുൻപ് ആയുധം വെച്ച് കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനം യുക്രൈൻ തള്ളിയതോടെയാണ് ഓരോ 10 മിനിറ്റിലും കനത്ത ബോംബാക്രമണം നടത്തി റഷ്യ ആഞ്ഞടിക്കുന്നത്.
മരിയുപോളിനെ കീഴടങ്ങാൻ അനുവദിക്കില്ലെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് വ്യക്തമാക്കി. റഷ്യൻ പട്ടാളം വളഞ്ഞുകഴിഞ്ഞ തെക്ക് കഴിക്കൻ നഗരമായ മരിയുപോൾ കൈവിട്ടുകളയാൻ റഷ്യയുടെ കേണൽ ജനറൽ മിഖായേൽ മിസിൻസ്റ്റേവാണ് ആവശ്യപ്പെട്ടത്.
വെള്ളവും വൈദ്യുതിയും ഇല്ലാതെ മൂന്നരലക്ഷം പേർ ഇവിടെ ശ്വാസം മുട്ടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. കീഴടങ്ങിയാൽ പുറത്തേക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്തുനൽകുമെന്ന് റഷ്യ അന്ത്യശാസനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പോരാളികൾ അതിന് വഴങ്ങാതെ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു. ഏതാണ്ട് 40,000 പേർ മരിയുപോൾ നഗരം ഉപേക്ഷിച്ച് ഓടിപ്പോയതായും യുക്രൈൻ പറയുന്നു.
മരിയുപോൾ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം യുക്രൈൻ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോൾ പിടിച്ചാൽ 2014ൽ റഷ്യ പിടിച്ചെടുത്ത യുക്രൈനിലെ ക്രിമിയയെ റഷ്യൻ വിഘടനവാദികൾക്ക് ആധിപത്യമുള്ള ഡോണെറ്റ്സ്‌ക്, ലോഹാൻസ്‌ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും.
അതോടെ യുക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വർധിപ്പിക്കൽ എളുപ്പമാകും. എന്നാൽ കടുത്ത യുക്രൈൻ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോൾ എന്ന തുറമുഖ നഗരത്തിന് കാവൽ നിൽക്കുന്നത്.
കൊന്ന് അറപ്പ് തീർന്നവരാണ് അസൊവ് പോരാളികൾ. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിർഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങൾ എടുത്തിട്ടും റഷ്യയ്ക്ക് മരിയുപോൾ പിടിക്കാൻ കഴിയാത്തത്. കീവ്, ഡിനിപ്രോ, ഒഡേസ തുടങ്ങിയ നഗരങ്ങളെ സംരക്ഷിക്കുന്നത് മരിയുപോളിൽ അസൊവ് പോരാളികൾ നടത്തുന്ന ശക്തമായ പ്രതിരോധമാണ്. ഈ പ്രതിരോധ വല പൊളിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
ഇതിനിടെ യുക്രൈൻ തലസ്ഥാനമായ കീവിലെ മാളിന് നേരെയും തിങ്കളാഴ്ച റഷ്യ ഷെല്ലാക്രമണം നടത്തി. ഇതിൽ എട്ട് പേർ കൊല്ലപ്പെട്ടു.
അതേ സമയം കരിങ്കടലിൽ കൂടുതൽ റഷ്യൻ യുദ്ധക്കപ്പൽ നീങ്ങുന്നതായി കാണുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ കപ്പലുകളിൽ നിന്നും ദീർഘദൂരമിസലൈകുൾ ഒഡേസയിൽ വന്നുവീഴുന്നതായും പറയുന്നു.
കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ തിയറ്ററും 400 പേർ അഭയം തേടിയ സ്‌കൂളും യൂറോപ്പിലെ തന്നെ വലിയ സ്റ്റീൽ പ്ലാന്റുകളിലൊന്നായ അസോവ്സ്റ്റാൾ പ്ലാന്റും ബോംബാക്രമണത്തിൽ തകർത്തിരുന്നു. റഷ്യൻ ടാങ്കുകൾ മരിയുപോളിലെത്തിയതായും പലയിടങ്ങളിലും പട്ടാളക്കാർ തമ്മിൽ നേരിട്ട് തെരുവുയുദ്ധം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേ സമയം റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി രംഗത്തെത്തി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
'ദയവായി റഷ്യയുടെ യുദ്ധായുധങ്ങൾ സ്പോൺസർ ചെയ്യരുത്. അധിനിവേശക്കാർക്ക് യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവർക്ക് മുന്നിൽ അടയ്ക്കുക. അവർക്ക് നിങ്ങളുടെ ഉൽപ്പന്നം കയറ്റുമതി ചെയ്യരുത്. ഊർജ്ജ വിഭവങ്ങൾ നിഷേധിക്കുക. യുക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കുക.' - സെലെൻസ്‌കി ഒരു വീഡിയോ അഭിസംബോധനയിൽ പറഞ്ഞു.
'നിങ്ങൾക്ക് ശക്തിയുണ്ട്, യൂറോപ്പിന് ശക്തിയുണ്ട്.' ജർമ്മനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് സെലെൻസ്‌കി പറഞ്ഞു
എന്നാൽ റഷ്യൻ ഊർജ ഇറക്കുമതി പൂർണമായി നിർത്തുന്നതിനെ ജർമ്മനി എതിർത്തു. യുക്രൈൻ വിഷയം ചർച്ച ചെയ്യാനും റഷ്യയ്ക്കെതിരെയുള്ള ഉപരോധം കർശനമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സെലെൻസ്‌കിയുടെ അഭ്യർത്ഥന.




