കൊല്ലം: അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷിക്കാനെത്തിയ അമേരിക്കൻ പൗരന് നീതി നിഷേധിച്ച് പൊലീസ്. മാനസിക വിഭ്രാന്തി കാട്ടിയ മരിയ സപ്പോട്ടയ്ക്ക് ക്രൂര മർദ്ധനമേറ്റ സംഭവത്തിൽ കേസെടുക്കാതെ ഹോട്ടൽ തല്ലിത്തകർത്തു എന്ന പരാതിയിൽ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. നാട്ടുകാരും പൊലീസും മർദ്ധിച്ചില്ലെന്നും അക്രമാസക്തനായ ഇയാളെ കയർ ഉപയോഗിച്ച് കെട്ടിയപ്പോൾ നിസാര പരിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ എന്നും കരുനാഗപ്പള്ളി സി.ഐ രാജീവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മാരിയോ സപ്പോട്ടയ്ക്ക് ക്രൂരമായ മർദ്ധനമാണേറ്റിരിക്കുന്നത്. കിഡ്‌നി സംബന്ധമായും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടുകൾ അവഗണിച്ചാണ് മാരിയോയ്ക്ക് മർദ്ധനമേറ്റിട്ടില്ലെന്നും നിസാര പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പൊലീസ് വാദിക്കുന്നത്. എന്നാൽ നിസാര സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസിന് യാതൊരു മടിയുമില്ലായിരുന്നു എന്നതാണ് രസകരം. നിസാര വകുപ്പുകൾ ചുമത്തി ജാമ്യം ലഭിക്കുന്ന തരത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ മാനസിക രോഗിയാണ് എന്ന റിപ്പോർട്ട് കിട്ടിയാൽ കേസ് എഴുതിത്ത്തള്ളുമെന്നും പൊലീസ് പറയുന്നുണ്ട്.

അതേ സമയം അമൃതാനന്ദമയി മഠം സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഇതേപ്പറ്റി ആശ്രമം ഇന്റർനാഷണൽ ഓഫീസ് പത്ര കുറിപ്പും ഇറക്കി. സെപ്റ്റംബർ 6 നാണ് മാരിയോ ആശ്രമത്തിലെത്തിയതെന്നും ടൂറിസ്റ്റ് വിസയിലെത്തിയ ഇയാൾ ഇതിന് മുൻപ് സന്ദർശിച്ചിട്ടില്ല. മെഡിക്കൽ കോളേജ് അധികൃതർ രോഗിയോടൊപ്പം ബൈസ്റ്റാന്റർ വേണമെന്നാവശ്യപ്പെട്ടു. ഉടൻ അമേരിക്കയിലുള്ള മാരിയോയുടെ പിതാവ് സപ്പോട്ടയ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം മറ്റൊരു അമേരിക്കൻ പൗരനെ കുടെ അക്കുകയായിരുന്നുവെന്നും പറയുന്നു. ആശ്രമത്തിന് പുറത്ത് പരിസരവാസികളുമായി ഉണ്ടായ തർക്കമാണിതെന്നും മറ്റു വിഷയങ്ങളില്ലെന്നും പത്ര കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ മരിയോ സപ്പോട്ടയുടെ പിതാവ് സപ്പോട്ട മാരിയോ അക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം അമൃതാനന്ദമയി ആശ്രമത്തിലേക്ക് അയച്ച ഇ മെയിൽ സന്ദേശത്തിന്റെ പകർപ്പ് കൂടി പത്ര കുറിപ്പിൽ കാണിച്ചിട്ടുണ്ട്.

2007 മുതൽ ബൈ പോളാർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതിനായുള്ള മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുകയാണ്. കൈയിൽ കരുതിയ മെഡിസിൻ കഴിക്കാൻ വിട്ടു പോയതാവാം മാരിയോ മാനസിക വിഭ്രാന്തി കാട്ടിയത്. പത്ത് വർഷമായി ചികിത്സയിലായിരുന്ന മാരിയോ ദൈവത്തിലേക്ക് കൂടുതൽ അടുക്കാനായി സ്പിരിച്ച്വൽ ലീഡറായ അമ്മയെ കാണാനെത്തിയതാണ്. എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു എന്നിങ്ങനെയാണ് ഇമെയിൽ സന്ദേശം. മാരിയോയ്ക്ക് ഗുരുതര പരിക്കുള്ളതായി അറിവില്ലെന്നും ആശുപത്രിയിൽ സുഖമായി വരുന്നതായുമുള്ള അറിവാണുള്ളതെന്നും ആശ്രമത്തിന്റെ മീഡിയാ ചുമതലയുള്ള ബിജു സ്വാമി മറുനാടനോട് പറഞ്ഞു. മാരിയോ ആവശ്യപ്പെട്ടാൽ വേണ്ട നിയമ സഹായം ചെയ്ത് നൽകുമെന്നും അദ്ധേഹം പറഞ്ഞു.

2012 ൽ സത്‌നാം സിങ് മരിച്ചപ്പോൾ സാകുടഞ്ഞെണീറ്റ മനുഷ്യാവകാശ പ്രവർത്തകരെ ഒരു വിദേശി അതിക്രൂരമായി മർദ്ധനമേറ്റ സംഭവത്തിൽ കാണാനില്ല എന്നത് ഏറെ അത്ഭുതമുളവാക്കുന്നുണ്ട്. ഈച്ചകുത്തിയാൽ പോലും മനുഷ്യാവകാശം ഉയർത്തിപ്പിടിച്ച് ഘോര ഘോരം പ്രസംഗിക്കുന്നവർ മുന്നിലേക്ക് വരാത്തത് ഈ സംഭവത്തിൽ വേണ്ടത്ര മാധ്യമ പിന്തുണ ഇല്ലാത്തതു കൊണ്ടു തന്നെയാണ്. മാതാ അമൃതാനന്ദമയി മഠത്തോട് മുട്ടാൻ മുട്ടുവിറയ്ക്കുന്നു. കേരളത്തിലെ സാമൂഹിക പ്രവർത്തകർ പോലും വിഷയത്തിൽ ഇടപെടുന്നില്ല. സത്‌നാംസിഗ് ആക്ഷൻ കൗൺസിലുകാരേയും കാണാനില്ല. ഇതോടെ വള്ളിക്കാവിലെ കേസ് ഒതുങ്ങി തീരുകയാണ്. മരിയാ സപ്പോട്ടെ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന സൂചന.

മരിയോ സപ്പോട്ടോയുടെ വിദഗ്ധ ചികിത്സിക്കായും ആരോഗ്യനില വിലയിരുത്തുന്നതിനുമായും പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട വിദഗ്ധ സംഘമാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. എം.ആർ.ഐ. സ്‌കാനിങ് ഫലവും മറ്റും ഈ മെഡിക്കൽ ബോർഡ് വിലയിരുത്തിയ ശേഷമായിരിക്കും ഐ.സി.യുവിൽ നിന്നും മാറ്റുന്നതും ഡിസ്ചാർജ് ചെയ്യുന്ന കാര്യവും തീരുമാനിക്കുക.

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ മെഡിസിൻ ഐസിയുവിൽ വിദഗ്ധ ചികിത്സയിലാണ് മരിയോ സപ്പോട്ടോ. ഇങ്ങനെ മെഡിക്കൽ ഐസിയുവിൽ കഴിയുന്ന രോഗിക്കാണ് പ്രശ്‌നമൊന്നുമില്ലെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. നാട്ടുകാർ പൊലീസിന് പിടിച്ചു കൊടുക്കുമ്പോൾ നല്ല ആരോഗ്യവാനായിരുന്നു താനും. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മരിയാ സപ്പോട്ടെയ്ക്ക് പരിക്കേറ്റത് എങ്ങനെയെന്ന സംശയം തുടരുകയാണ്. നാട്ടുകാർ തല്ലിയിട്ടില്ലെന്ന് പൊലീസും സമ്മതിക്കുന്നുവെന്നതാണ് രസകരം.

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ മറ്റ് പരിശോധനകൾക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കിയെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നു.