മ്മുടെ യുവനായകന്മാരുടെ സമകാലീന സിനിമകളുടെ യഥാർഥ പ്രതിസന്ധിയെന്താണ്? അത് കഞ്ചാവും കൊക്കെയിനുമൊന്നുമല്ല, സർഗാത്മക പ്രതിസന്ധിതന്നെയാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ് 'മറിയം മുക്ക്' എന്ന ഫഹദ് ഫാസിൽ സിനിമ.

ഫേസ്‌ബുക്ക് വെളിച്ചപ്പാടുകൾ ആദ്യദിവസംതന്നെ അട്ടർ ഫ്‌ലോപ്പാണെന്ന് വിധിയെഴുതിയതിനാൽ കാശുകളയണ്ട എന്നുകരുതി കാണാതെ വിട്ട സിനിമയായിരുന്നു, പ്രശസ്ത തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് ആദ്യമായി സംവിധാനിച്ച 'മറിയം മുക്ക്'. എന്നാൽ ഓൺലൈൻ റിവ്യൂകളിൽ അടച്ച് ആക്ഷേപിക്കപ്പെടുന്നപോലെ അത്രമോശമല്ല സിനിമയെന്നും, നന്നാക്കാമായിരുന്ന ഒരു പ്രമേയം ഇതിനുണ്ടെന്നും പിന്നീട് ചിലർ വിലയിരുത്തിയതോടെയാണ് ഇതു കാണാമെന്നുവച്ചത്. കാര്യം ശരിയാണ്. അസഹനീയമായ പെരുംകത്തികളും യുക്തിരാഹത്യത്തിന്റെ അങ്ങത്തേലകണ്ട അസംബന്ധങ്ങളും സഹിച്ച മലയാളി പ്രേക്ഷകർക്ക് ദഹിക്കാത്തതൊന്നുമല്ല ഇത്. ഏറ്റവും ചുരുങ്ങിയത് ബോറടിയില്ലാതെ കണ്ടിരിക്കയെങ്കിലും ചെയ്യാം. പക്ഷേ പ്രശ്‌നമായത് 'ക്‌ളാസ്‌മേറ്റ്‌സ്' പോലൊരു ചരിത്രവിജയമായ സിനിമയെഴുതിയ ജെയിംസ് ആൽബർട്ടും, നവതരംഗ സിനിമയിലൂടെ നായക പരികൽപ്പനതന്നെ അട്ടിമറിച്ച ഫഹദ് ഫാസിലും തമ്മിൽ ചേരുമ്പോൾ പ്രേക്ഷകർക്കുള്ള അമിത പ്രതീക്ഷയും വിജയിച്ച മുൻകാല ചിത്രങ്ങളുടെ ആവർത്തന വിരസതയുമാണ്.

പഴയസിനിമകളുടെ തനിയാവർത്തനം

നമ്മുടെ മമ്മൂട്ടിക്കും മോഹൻലാലിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അതേ അബദ്ധത്തിലേക്കാണ്, ന്യൂജനറേഷൻ ഹീറോയായി കഴിഞ്ഞ രണ്ടുവർഷമായി തിളങ്ങിനിന്ന ഫഹദ്ഫാസിലും ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് കൊടുത്ത് അവരുടെ ഭാവുകത്വത്തെ നിരന്തരം നവീകരിക്കുന്നതിനുപകരം, തങ്ങളുടെ വിജയിച്ച മുൻകാല ചിത്രങ്ങളുടെ വാർപ്പ് മാതൃകകൾ ഇറക്കി പിടിച്ചു നിൽക്കാനാണ് അവർ ശ്രമച്ചത്. മലയാളത്തിന്റെ അഭിമാനമായ ഈ രണ്ടു മെഗാതാരങ്ങളുടെ പല ചിത്രങ്ങളും ഈ അടുത്തകാലത്ത് പൊട്ടിപ്പൊളിയാനുള്ള പ്രധാനകാരണവും ഈ ആവർത്തന വിരസത തന്നെ. തങ്ങൾ എന്തുകോപ്പിരാട്ടി കാണിച്ചാലും ജനംവന്നുകാണും എന്ന അബദ്ധ ധാരണ അവരിൽ എങ്ങനെയോ ഉറച്ചുപോയി. ഇപ്പോൾ വിവാദമായ ലാലിസം തന്നെനോക്കുക. പുതുതായി ഒന്നും ചെയ്യാനില്ല. മോഹൻലാലിന്റെ പഴയ ചിത്രങ്ങളുടെ ഗൃഹാതുരത്വം മാർക്കറ്റ് ചെയ്യാനാണ് അത് ശ്രമിക്കുന്നത്. ഈ സർഗാത്മക മൂഡത്വത്തിനെതിരായ കലാപംകൂടിയായിരുന്നു കേരളത്തിൽ ഉണ്ടായ നവതരംഗം. വ്യത്യസ്തമായ സിനിമകൾ എടുത്ത് അവർ പ്രേക്ഷകരുടെ കാഴ്ചാബോധത്തെതന്നെ മാറ്റിമറിച്ചു. അതിൽ പ്രധാനിയായ ഫഹദിന്റെ പടം വരുമ്പോൾ ജനം പ്രതീക്ഷിക്കുന്നത് ആ വ്യത്യസ്തതയാണ്.

എന്നാൽ സംഭവിച്ചതോ. 'അന്നക്കും റസൂലിനും', 'ആമേനിൽ' ഉണ്ടായ കുട്ടിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം. പ്രണയ രംഗങ്ങൾ അടക്കം പല ഷോട്ടുകളും 'അന്നയും റസൂലിന്റെയും' ടെക്ക്‌നിക്കൽ കോപ്പിയാണ്. ഒരു തെങ്ങുകണ്ടാൽ ക്യാമറ മുകളിലോട്ട് പാഞ്ഞുകയറി പിന്നെയത് എരിയൽ ഷോട്ടാവുന്നത് ആമേനിന്റെ ദുസ്സാധ്വീനവും. 'മറിയംമുക്ക്' കണ്ടശേഷം ഈ രണ്ടുസിനിമകളും ഒന്നുകൂടി കണ്ടാൽ ഈ സാദൃശ്യം പകൽപോലെ വ്യക്തമാവും. കഥമാത്രം മാറ്റിയാൽ മൗലികതയായി എന്നത് തെറ്റിദ്ധാരണയാണ്. ഫഹദിന്റെ പല ചലനങ്ങൾപോലും ചിലയിടത്ത് റസൂലിനെയും ചിലയിടത്ത് ആമേനിലെ പാവത്താനെയും ഓർമ്മിപ്പിക്കുന്നു.[BLURB#1-VL]

ഒരിക്കലും ഒരു ന്യൂജനറേഷൻ സിനിമയാണെന്ന് പറഞ്ഞുകൊണ്ടല്ല 'മറിയം മുക്ക്' കടന്നുവന്നത്. ന്യൂജൻ ഫോർമാറ്റിൽ എഴുതുന്ന ആളുമല്ല, ജെയിംസ് അൽബർട്ട്. പക്ഷേ സംവിധായകന്റെ പേരിനേക്കാൾ ഉപരി ഇത് ഫഹദ്ഫാസിലിന്റെ സിനിമയെന്ന പേരിലാണ് ജനം ടിക്കറ്റെടുത്തത്. എഴുത്തുകാരൻ എം മുകുന്ദൻ ചൂണ്ടിക്കാട്ടിയപോലെ, നവതരംഗം മലയാള സിനിമയെ കൂടുതൽ സർഗാത്മകമാക്കുകയും ജനാധിപത്യപരമാക്കുകയും ചെയ്തപ്പോൾ താരശരീരങ്ങളെ തള്ളിമാറ്റി ഒരു റോക്കറ്റുപോലെ ജ്വലിച്ചുയർന്നുവന്ന നടനാണ് ഫഹദ് ഫാസിൽ. പരമ്പരാഗത ഫ്യൂഡൽ കേരളീയ പുരുഷ സങ്കൽപ്പങ്ങളിലെ താര ശരീരത്തിന് പറ്റിയതല്ല അയാളുടെ കഷണ്ടികയറിയ തലപോലും. മറ്റൊരു രീതിയിൽ പറഞ്ഞാൽ താരങ്ങളോടുള്ള കലാപത്തിൽനിന്നാണ് ഫഹദ് എന്ന നടന്റെ പറിവി. താര സിനിമകളിൽ കണ്ടുമടുത്ത കെട്ടുകാഴ്ചകൾക്കായല്ല, ഫഹദിന്റെ സിനിമക്ക് ജനം എത്തുന്നത്. അതായത് 'മറിയംമുക്കു'കൊണ്ട് ജെയിംസ് അൽബർട്ടിനേക്കാൾ ക്ഷീണമുണ്ടാക്കിയത് ഫഹദിന് തന്നെയാണ്. തന്റെ കാൽക്കീഴിലെ മണ്ണ് അൽപ്പാൽപ്പമായി ഒലിച്ചുപോവുന്നത് ഈ യുവനടൻ അറിയുന്നില്ലെന്ന് തോന്നുന്നു. 'മണിരത്‌നം', 'വൺ ബൈ ടു', 'ഗോഡ്‌സ് ഓൺ കൺട്രി' തുടങ്ങിയ അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ചില ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിലും നല്ല തിരക്കഥയുടെ അഭാവം കാണാമായിരുന്നു. എന്നിട്ടം നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ഫഹദ് ശ്രദ്ധിക്കുന്നില്ല. എന്തൊക്കെയാലും ജനം എന്നെ സഹിച്ചോളും എന്ന ധാരണ അദ്ദേഹത്തിനുമുണ്ടോ. താരസങ്കൽപ്പങ്ങളെ തകർത്ത് സിനിമയെ മാറ്റിമറിക്കാൻ വന്നവർ, ഫോണിൽപോലും കിട്ടാത്ത രീതിയിൽ ധാർഷ്ട്യക്കാരാവുന്നെന്ന പരാതികളും ഇതോടൊപ്പം ചേർത്തുവായിക്കണം. ഫേസ്‌ബുക്കിൽ ഒരു വിരുതൻ കുറിച്ചതുപോലെ ലാലിസത്തിൽനിന്ന് 'ഫഹദ് ഫാസിസത്തിലേക്ക്' അധികം ദൂരമില്ല.

ഒരു പതിവ് 'കടാപ്പുറം' കഥ

ഇനി മറിയംമുക്കിന്റെ കഥയിലേക്ക് വരാം. ഇന്ത്യയിൽ ഇന്ന് ഏറ്റവും മാർക്കറ്റുള്ള ഭക്തിവ്യവസായത്തിന്റെ മറുപുറം കാണിച്ചുതരികയായിരുന്നെങ്കിൽ പ്രശംസാർഹമായ ഉദ്യമംതന്നെയായിരുന്നു അത്. എന്നാൽ അത്തരമൊരു വൺലൈനിനെ യുക്തിഭദ്രമായി വികസിപ്പിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. കാറ്റും കോളും ഭയക്കാതെ, ആരും തോണിയിറക്കാത്ത കടൽക്ഷോഭസമയത്ത് പോയി നിറയെ മീനുമായിവന്ന ധീരനായ മുക്കുവൻ, വീട്ടിലത്തെി വിശ്രമിക്കുമ്പോൾ തലയിൽ ഒരു തേങ്ങ വീണ് മരിക്കുന്ന വൈചിത്രം കാണിച്ചുകൊണ്ട് വ്യത്യസ്ത സിനിമയുടെ പ്രതീക്ഷ ഉയർത്തിക്കൊണ്ടാണ് 'മറിയംമുക്ക്' തുടങ്ങുന്നത്. പക്ഷേ ചിത്രം പുരോഗമിക്കുമ്പോൾ എല്ലാം പതിവുപോലെ.

മദ്യപാനികളും തല്ലിപ്പൊളികളും തല്ലുകൊള്ളികളും അടങ്ങുന്ന നൂറ്റൊന്നുതവണ നാം കണ്ടുമടുത്ത ക്‌ളീഷേ 'കടാപ്പുറമാണ്' മറിയംമുക്ക്്. അവിടുത്തെ ഒരു മോശമല്ലാത്ത തല്ലിപ്പൊളിയാണ് ഫഹദ്ഫാസിൽ അവതിരപ്പിക്കുന്ന ഫെലിക്‌സ്. ഇവിടുത്തെ പള്ളിയിലെ വിശുദ്ധ മറിയം അത്ഭുദപ്പെട്ടതായി വാർത്ത പരന്നതും അതോടെ അത് വലിയൊരു തീർത്ഥാടനകേന്ദ്രമായി മാറുന്നതുമായി കഥ പുരോഗമിക്കുന്നു. മറിയത്തിന്റെ തൈലം കുപ്പിയിലാക്കിയും, പൂവും മെഴുകുതിരിയും വിറ്റും നാട്ടുകാർ സമ്പന്നരാവുന്നു. മാത്രമല്ല അതോടെ അവർ കുടിയും അടിപടിയും നിർത്തി വിശുദ്ധ കുഞ്ഞാടുകൾ ആവുകയും ചെയ്യുന്നു. പക്ഷേ മറിയം അത്ഭുദപ്പെട്ടതിന്റെ യഥാർഥ രഹസ്യം ഫെലിക്‌സിന് മാത്രമാണ് അറിയാവുന്നത്. അയാൾ അതുപുറത്തു പറഞ്ഞാൽ തീർത്ഥാടന ഗ്രാമംതന്നെ ഇല്ലാതായി നാട്ടുകാർ പഴയരീതിയിൽ തല്ലുകൊള്ളികളായി മാറുമെന്നുമുള്ള ദുർബലമായ ചിന്തയിലാണ് സിനിമയുടെ പിന്നീടുള്ള മുന്നോട്ടുപോക്ക്. വ്യക്തികൾക്ക് സാന്ദർഭികമായി പറ്റുന്ന അബദ്ധങ്ങൾപോലും ഭക്തിവ്യവസായത്തിന് മുതൽക്കുട്ടാവുന്ന ഈ രാജ്യത്തിന്റെ സമകാലീന അവസ്ഥ പറയാനുള്ള നല്ല അവസരം കിട്ടിയിട്ടും ജെയിംസ് അൽബർട്ട് അത് കളഞ്ഞുകുളിക്കയാണ്.[BLURB#2-VR]

ക്ലീഷേയുടെ ഈഷൽ ഭേദങ്ങൾ

'ആകെ മൊത്തം ടോട്ടലായിട്ട് ' പറഞ്ഞാൽ ഈ പടം ക്‌ളീഷേകളുടെ അയ്യരുകളിയാണ്. മുക്കുവർ എന്നാൽ അടിയുംപടിയുമായി നടക്കുന്നവരും മദ്യപാനികളും സംസ്‌ക്കാര രഹിതരുമാണെന്ന വംശീയമായ മുൻവിധി സിനിമ മുന്നോട്ടുവെക്കുന്നു. പച്ചയും ചുവപ്പും മഞ്ഞയുമായി കടും നിറങ്ങൾ വാരിവിതറിയാണ് മുക്കുവ ഗ്രാമത്തെ അവതരിപ്പിക്കുന്നത്. ഇനി തല്ലിപ്പൊളിയായ നായകനെ ആരാണ് നന്നാക്കിയെടുക്കേണ്ടത്. പതിവുപോലെ അയാളുടെ ബാല്യകാല സുഹൃത്തായ കാമുകിതന്നെ. ഇനി കള്ളുകുടിയന്മാരും അടിപിടക്കാരുമായ സമൂഹത്തെയോ. അത് മാതാവിന് വിട്ടുകൊടുക്കാം. അല്ലായെ കടപ്പുറത്ത് ജനിച്ചുവളർന്ന ഒരാളും സ്വയം ബോധ്യപ്പെട്ട് നന്നായ ചരിത്രം ഇത്തരം സിനിമകളിൽ ഇല്ല.

കഥാപാത്രങ്ങളുടെ സംഭാഷണമാണ് ഏറ്റവും അരോചകം. കൊച്ചിയും വള്ളുവനാടും ചേർത്ത ഒരു അവിയൽ. ഭരതന്റെ 'അമരത്തിന്റെ' ഒരു കാസറ്റിട്ട് ഇതിന്റെ അണിയറക്കാർ കണ്ടുനോക്കണം. മനോജ് കെ ജയൻ ചെയ്ത തുറയിലാശന്റെ വേഷമൊക്കെ മലയാളത്തിൽ ആവർത്തിച്ച് മടുത്ത്, മിമിക്രിക്കാർ കളിയാക്കുന്ന പരുവത്തിലാണ്. അഭിനയച്ചതിൽ ഭൂരിഭാഗവും പൊന്നാക്കിയ മനോജ് ഈ ടൈപ്പ് കഥാപാത്രത്തെ അതിലും വഷളായാണ് നടിച്ചുവച്ചിരിക്കുന്നത്. കണ്ണുരുട്ടിയും മുഖംകോട്ടിയും വില്ലത്തരം വരുത്തുന്ന ലജ്ജാകരമായ ഭാവാഭിനയം. ജോയ്മാത്യുവിന് ഈ പണിയൊക്കെ നിർത്തി നാടകത്തിലേക്ക് തിരിച്ചുപോവാൻ സമയമായിട്ടുണ്ട്. കാശുകിട്ടുമെന്ന് കരുതി ഒരു നല്ല നടൻ ഇങ്ങനെ ടൈപ്പാവരുത്. എന്നാൽ മനോജിന്റെ രാജാപ്പാർട്ട് വേഷംവച്ചുനോക്കുമ്പോൾ എത്രയേ ഭേദമാണ് ജോയ്മാത്യു.
മസിലൊക്കെ പെരുപ്പിച്ച് ഇർഷാദ് തുറ മുഴുവൻ ഓടി നടക്കുന്നുണ്ടെിലും പ്രേക്ഷകരെ വെറുപ്പിക്കാനേ അത് ഉപകരിച്ചുള്ളൂ. തമ്മിൽ ഭേദം യുവതാരം അജുവർഗീസിന്റെ പ്രകടനമാണ്. അടുത്തകാലത്തെ മിക്ക സിനിമകളിലും എന്നപോലെ, ഒരു പുഞ്ചിരി മുഖത്ത് സ്ഥിരമായി ഒട്ടിച്ചുവച്ച്, കുളിച്ചൊരുങ്ങി പൊട്ടുതൊട്ട് സുന്ദരിയായി നടക്കുകയെന്ന ദൗത്യംമാത്രമേ ഇതിലെ നായികക്കും ഉള്ളൂ. (ഒരേ ഫാക്ടറിയിൽനിന്ന് ഇറക്കുമതിചെയ്ത ബൊമ്മകളെപ്പോലെ ഈയിടെ കണ്ട പല സിനിമകളിലെയും നായികമാർക്ക് ഒരേ രൂപം ഒരേ ഭാവം!).

നന്നായി എന്നുപറയാൻ രണ്ടുകാര്യങ്ങളേ ഈ സിനിമയിൽ ഉള്ളൂ. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും വിദ്യാസാഗറിന്റെ സംവിധാനവും.

'മറിയംമുക്ക്' ഒരുകാര്യം കൂടി തെളിയിച്ചു. നമ്മുടെ മമ്മൂക്കയെപ്പോലെയുള്ള ഒരു നടന്റെ ജനുസ്സാണ് ഫഹദും. മമ്മൂട്ടി തകർക്കണമെങ്കിൽ അതിനൊരു നല്ല തിരക്കഥയും കഥാപാത്രവും വേണം. മോഹൻലാലും, ജഗതിയും, നെടുമുടിയും, മുകേഷുമൊക്കെ ചെയ്യുന്നതുപോലെ കാര്യങ്ങൾ കൈയിൽനിന്ന് ഇട്ട് സ്‌പോട്ട് ഇമ്പ്രവൈസേഷൻ നടത്തി ഏത് മോശം തിരക്കഥയെയും ഹിറ്റാക്കാനുള്ള മാജിക്ക് അവർക്കറിയില്ല. ഫഹദിനും അടിസ്ഥാനപരമായ നല്ല തിരക്കഥയും കഥാപാത്രവും വേണം. അത് മനസ്സിലാക്കിയുള്ള ഇടപെടൽ ഈ അസാമാന്യ നടൻ നടത്തുമെന്നാണ് ഈ തിരിച്ചടികൾക്കിടയിലും നല്ല സിനിമയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്.

വാൽക്കഷ്ണം: അഞ്ചോ ആറോ സിനിമകൾക്ക് തിരക്കഥയെഴുതിയാൽ പിന്നെ അടുത്തപടി സംവിധാനമാണെന്ന തെറ്റിദ്ധാരണ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ജോൺപോളിനെയൊക്കെപോലെ തങ്ങൾ പുര നിറഞ്ഞ് തിരക്കഥാകൃത്ത് മാത്രമായി നിന്നുപോവുമെന്നാവാം ഇവരുടെ പേടി. ഈയിടെ ഒറ്റ സിനിമക്ക് തിരക്കഥയെഴുതിയ ഒരുത്തൻ സംവിധായകനായ വാർത്ത കണ്ടു. പ്രതിഭകൊണ്ട് നമ്മെ വിസ്മയിപ്പിച്ച ലോഹിതദാസ്‌പോലും മുപ്പതോളം ചിത്രങ്ങൾക്ക് ശേഷമാണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്. മറിയംമുക്കിലെ ഈ കഥാപരിസരംതന്നെ പ്രതിഭയുള്ള ഒരു സംവിധായകൻ മാറ്റിമറിച്ച് വികസിപ്പിക്കയായിരുന്നെങ്കിൽ കഥമാറുമായിരുന്നു.