കൊച്ചി: കൊച്ചി നഗരത്തിലെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം എന്ന് വിളിക്കുന്ന തമിഴ് നാട് കുളച്ചൽ സ്വദേശി ജോൺസൺ(56) പൊലീസ് പിടിയലായി. കേരളത്തിലുടനീളം ഇരുനൂറോളം കേസുകളിൽ പ്രതിയായ ഇയാൾ കലൂരിലെ അഭിരാമി ഹോട്ടലുടമ ശ്രീ ഗോകുലം വീട്ടിൽ സേതു തമ്പി നാരായണന്റെ വീട്ടിൽ നിന്നും ഇരുപത് പവനും ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന വജ്രങ്ങളും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ ഒളിവിൽ പോയ ഇയാളെ കൊച്ചി എ.സി.പി ലാൽജിയുടെ അന്വേഷണത്തിൽ നോർത്ത് എസ്.ഐ വിബിൻദാസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി കലൂർ ലിസി ആശുപത്രിക്ക് സമീപം വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

നോർത്ത് പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുപതോളം കേസുകൾ ഉണ്ടെന്ന് എസ്.ഐ വിബിൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാലു മാസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടിയത്. റെസിഡൻസ് അസോസിയേഷന്റെയും യുവാക്കളുടേയും കൂട്ടായ പരിശ്രമവും ഇതിനായുണ്ടായിരുന്നു. അൻപത് പവനോളം നാലു മാസത്തിനിടയിൽ മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ നൂറു കേസുകളും ഈ കാലയളവിൽ ഉണ്ട് എന്നും അദ്ധേഹം പറഞ്ഞു.

കയ്യിൽ കമ്പിപ്പാരയും വെട്ടുകത്തിയുമായാണ് മരിയാർ പൂതത്തിന്റെ നടപ്പ്. രാത്രി കാലങ്ങളിൽ പകൽ ആളില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രിയിൽ എത്തി വീടിന്റെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയിരുന്നത്. നോർത്ത് പൊലീസ് സ്റ്റേഷനിലെ മോഷണ കേസുകളിൽ ശിക്ഷ കഴിഞ്ഞു ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉടൻ കലൂർ ഭാഗത്തുള്ള വീടുകളിൽ ഇയാൾ മോഷണം തുടങ്ങി സി.സി.ടി വി യിൽ ഇയാൾ വാക്കത്തിയുമായി പതുങ്ങി നടക്കുന്ന ദൃശ്യങ്ങൾ നിരവധി തവണ പൊലീസിന് കിട്ടിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നെങ്കിലും ഇയാൾ മോഷണം തുടർന്നു.

ആളനക്കം കേട്ടാൽ പതുങ്ങിയിരിക്കുന്ന ഇയാൾ മതിലുകൾക്കു മുകളിൽ കൂടി സഞ്ചരിക്കുന്നതിനാൽ പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണിൽ പെടുമായിരുന്നില്ല. കലൂർ ഭാഗങ്ങളിൽ നിരവധി വീടുകൾ ഒഴിഞ്ഞു കിടക്കുന്നതും ഇയാൾക്ക് സഹായമായി. റെസിഡൻസ് ആസോസിയേഷനുകളുടെ പരാതി ശക്തമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മീഷണർ ടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വഷണ സംഘം കഴിഞ്ഞ ഡിസംബർ മാസം കുളച്ചലിൽ എത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയത് വിനയാകുകയും പൊലീസ് വീട് വളയുന്നതിനു മിനുറ്റുകൾക്കു മുമ്പ് ജോൺസൻ രക്ഷപെടുകയും ചെയ്തു. ഇതോടെ നോർത്ത്

പൊലീസിനോട് വൈരാഗ്യം കൂടിയ ഇയാൾ കലൂർ ഷേണായ് റോഡ്, ആസാദ് റോഡ് ഭാഗങ്ങളിൽ പരക്കെ മോഷണം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതുനിടയിൽ പുല്ലേപ്പടിയിലും, എരൂരും നടന്ന കവർച്ച പൊലീസിന്റെ ശ്രദ്ധ തിരിച്ചത് ഇയാൾക്ക് കൂടുതൽ സഹായമായി. ഇതിനിടയിൽ മൊബൈൽ വിളികൾ പരിശോധിച്ചു പൊലീസ് പിടികൂടാതിരിക്കാൻ ഫോൺ ഉപേക്ഷിക്കുകയും കുടുംബ സമേതം കുളച്ചലിൽ നിന്നും താമസം മാറ്റുകയും ചെയ്തു.

ഇതിനിടെ ഇയാൾ പൊലീസ് പട്രോളിങ് കുറയുന്ന സമയം നോക്കി സ്ഥലത്തെത്തി ആളൊഴിഞ്ഞ വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി ആകുമ്പോൾ മോഷണം നടത്തി പുലർച്ചെ ട്രെയിനിൽ കയറി പോകുന്ന രീതി മനസിലാക്കിയ പൊലീസ് സംഘം വൈകുന്നേരം മുതൽ കലൂർ, ലിസീ ഭാഗങ്ങളിൽ നിരീക്ഷിച്ചു വരവേ വാതിൽ പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി റെയിൽവേ ട്രാക്കിനു സമീപം പതുങ്ങി ഇരിക്കുകയായിരുന്ന ജോൺസണെ കാണുകയും രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.

അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി, നോർത്ത് സി.ഐ കെ.ജെ പീറ്റർ എന്നിവരുടെ നിർദ്ദേശ പ്രകാരം നോർത്ത് എസ്.ഐ വിബിൻദാസ്, പ്രത്യേക അന്വഷണ സംഘാംഗങ്ങൾ ആയ എഎസ്ഐ ബോസ്,മോഹനൻ, സി.പി.ഒ സുധീർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ കൂടുതൽ തെളിവെടുപ്പിനായും വില്പന നടത്തിയ മോഷണ മുതലുകൾ കണ്ടെടുക്കുന്നതിനായും പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

ചെറുപ്പത്തിൽ തന്നെ മോഷണം പതിവാക്കിയ ജോൺസൻ തമിഴ്‌നാട് പൊലീസിന്റെ നോട്ടപുള്ളിയായതോടെ എറണാകുത്തു എത്തുകയും കലൂർ ടഞങ റോഡ്, ആസാദ് റോഡ്, ഷേണായ് റോഡ് കത്രികടവ് ഭാഗങ്ങളിൽ മുപ്പതു വർഷത്തോളം ആക്രി പെറുക്കി നടന്നു ഇതോടെ ഇവിടെയുള്ള ഓരോ വഴികളും, വീടുകളും ഇയാൾക്ക് മനഃപാഠമായി. ഇതിനിടയിൽ മോഷണവും പതിവാക്കിയെങ്കിലും പൊലീസ് പിടിയിൽ വീണില്ല.

ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ ഇയ്യാളെ പിടികൂടിയെങ്കിലും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തി മോഷണം തുടങ്ങി. കഴിഞ്ഞ കൊല്ലം മോഷണ ശ്രമത്തിനിടെ വീട്ടുടമ ഇയാളെ കണ്ടു തിരിച്ചറിയുകയും പൊലീസിൽ വിവരമറിയിക്കുകയും രാത്രി പട്രോളിംഗിൽ ഉണ്ടായിരുന്ന എസ്.ഐ വിബിൻദാസും സംഘവും ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. ആ കേസുകളിൽ എല്ലാം കുറ്റം സമ്മതിച്ചു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടും ഇവിടെ തന്നെ മോഷണം തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.