ഷിക്കാഗോ: 125 റെസ്പിരേറ്ററി കെയർ പ്രഫഷണലുകളുടെ പങ്കാളിത്തത്തോടുകൂടി മാർച്ച് അഞ്ചിന് ശനിയാഴ്ച നടത്തിയ മാർക്കിന്റെ വിദ്യാഭ്യാസ സെമിനാർ നടത്തിപ്പിലും, വിഷയങ്ങളുടെ അവതരണത്തിലും ഉന്നത നിലവാരം പുലർത്തി.

കുക്ക് കൗണ്ടി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ സിസ്റ്റം എക്‌സിക്യൂട്ടീവ് നേഴ്‌സിങ് ഡയറക്ടർ ആഗ്‌നസ് തേരാടി, ഗ്ലാസ്‌കോ സ്മിത്ത് ക്ലൈൻ റീജീണൽ ഡയറക്ടർ സ്റ്റെയ്‌സി ഓസ്റ്റ്മയർ, സ്വീഡീഷ് കവനന്റ് ഹോസ്പിറ്റൽ നേഴ്‌സിങ് ഡയറക്ടർ ഡോ. അജിമോൾ ലൂക്കോസ് പുത്തൻപുരയിൽ, അമിതാ ബോളിങ് ബ്രൂക്ക് ഹോസ്പിറ്റൽ ഓർത്തോപീഡിക് സർജൻ ജോ. എം. ജോർജ്, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി നിയോനെറ്റോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. ഹർജിത് അനന്തകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട പ്രഗല്ഭ പ്രഭാഷകരാണു സെമിനാറിൽ ക്ലാസുകൾ നയിച്ചത്.

രോഗനിർണയത്തിലും ചികിത്സാരീതിയിലും കൈവരിച്ച സാങ്കേതിക പുരോഗതി,. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം ഏർപ്പെടുത്തപ്പെടുന്ന പുതിയ നിയന്ത്രണങ്ങളും, നിയമങ്ങളും, രോഗികളോട് പുലർത്തേണ്ട മാനുഷികവും കാരുണ്യപൂർവവുമായ സമീപനം, തൊഴിലിനോട് കാട്ടേണ്ട തികഞ്ഞ ആത്മാർഥത എന്നിവയെല്ലാം സെമിനാറിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

രാവിലെ 7.30-നു രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടർന്നു. വൈസ് പ്രസിഡന്റ് ഷാജൻ വർഗീസ്, ജോയിന്റ് സെക്രട്ടറി ജെയ്‌മോൻ സ്‌കറിയ, ട്രഷറർ ഷാജ മാത്യു, ജോയിന്റ് ട്രഷറർ സണ്ണി കൊട്ടുകാപ്പള്ളിൽ, ഉപദേശക സമിതി അംഗങ്ങളായ വിജയൻ വിൻസെന്റ്, സാം തുണ്ടിയിൽ എന്നിവർ രജിസ്‌ട്രേഷന്റെ ചുമതല വഹിച്ചു. പ്രസിഡന്റ് യേശുദാസ് ജോർജ് സെമിനാറിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി റോയി ചേലമലയിൽ, മുൻ പ്രസിഡന്റ് ടോം കാലായിൽ, എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്‌സായ റെജിമോൻ ജേക്കബ്, സനീഷ് ജോർജ് എന്നിവർ പ്രഭാഷകരെ സദസിനു പരിചയപ്പെടുത്തി.

ഓർഗനൈസിങ് സെക്രട്ടറി ജോൺ ചിറയിൽ, പി.ആർ.ഒ ജോർജ് ഒറ്റപ്ലാക്കിൽ, ഓഡിറ്റർ മാക്‌സ് ജോയി, രാമചന്ദ്രൻ ഞാറക്കാട്ടിൽ എന്നിവർ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. സ്റ്റാഫിങ് ഏജൻസി പൾമണറി എക്‌സ്‌ചേഞ്ച്, വാല്യു മെഡ് എന്നീ സ്ഥാപനങ്ങൾ സെമിനാർ സ്‌പോൺസർ ചെയ്തു. ഈവർഷത്തെ അടുത്ത സെമിനാർ സെപ്റ്റംബർ 17-നും, മാർക്ക് പിക്‌നിക്ക് ജൂൺ പതിനൊന്നിനും നടക്കും. സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.