കൊച്ചി: ഫേസ്‌ബുക്ക് മേധാവിയും ശതകോടീശ്വരനുമായ സുക്കർ ബർഗിന് മലയാളി വിദ്യാർത്ഥിയുടെ കനിവ്. ലോകത്ത് എന്തും നേടിയെടുക്കാൻ കഴിവുള്ള ആളാണ് സുക്കർ. പക്ഷെ കാത്തിരുന്നു കിട്ടിയ കൺമണിയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ സുക്കറിന് അങ്കമാലി കിടങ്ങൂർ സ്വദേശിയായ അമൽ ആഗസ്റ്റിൻ എന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ സഹായമാണ് വേണ്ടിവന്നത്. 

സുക്കറിന് കുഞ്ഞു പിറന്നപ്പോൾ ലോകം അത് ആസ്വദിച്ചിരുന്നു. തന്റെ ഒരു വർഷത്തെ ഫേസ് ബുക്ക് വരുമാനം മകനുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനും സുക്കർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അമലിന്റെ ഇമെയിൽ ഇൻ ബോക്‌സിൽ സുക്കർബർഗിന്റെ സന്ദേശം എത്തിയത്. ഇതു കണ്ട് അമലിന് ആദ്യം വിശ്വാസമായില്ലെങ്കിലും പിന്നീട് അത് വിശ്വാസമായി. ലോകത്തിന്റെ നെറുകയിൽ വിരാജിക്കുന്ന സോഷ്യൽ മീഡിയയുടെ അപ്പോസ്തലൻ തന്റെ മെയിലിലേക്ക് കത്തയച്ചിരിക്കുന്നു.

അമലിന്റെ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് ഡൊമൈൻ വാങ്ങാനുള്ള തന്റെ താത്പര്യം അറിയിച്ചുകൊണ്ട് ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് തന്റെ ധനകാര്യ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഐകോണിക് ക്യാപിറ്റൽ എന്ന സ്ഥാപനത്തിന്റെ മാനേജർ സാറാ ചാപ്പൽ മുഖേന മെയിൽ അയച്ചത്. തന്റെ മകന്റെ പേരിൽ അമൽ കൈവശമാക്കിയ ഡൊമൈൻ വാങ്ങാനായിരുന്നു സുക്കർ അമലിനെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് അമൽ മാക്‌സ്ചാൻ സുക്കർബർഗ്.ഓർഗ് എന്ന ഇന്റർനെറ്റ് ഡൊമൈൻ കൈവശപ്പെടുത്തിയത്. ഇത് സുക്കറിന്റെ മകൻ മാക്‌സ്ചാന്റെ പേരിലുള്ള പേജാണ്.

അമൽ നേരത്തെ ഡൊമൈൻ കൈവശപ്പെടുത്തിയതിനാൽ മകന്റെ പേരിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സുക്കറിന് തടസമായി. ഇതോടെയാണ് ഡൊമൈന്റെ ഉടമയെ തേടി സുക്കർ എത്തിയത്. സൈബർ സ്‌ക്വാട്ടിങ്ങ് എന്നറിയപ്പെടുന്ന ഈ രീതിക്ക് സമീപകാലത്തായി വർദ്ധിച്ച പ്രാധാന്യമാണ് കൈവരുന്നത്. പ്രശസ്തരായ വ്യക്തികൾ, സ്ഥാപനങ്ങൾ, ബ്രാൻഡുകൾ എന്നിവയുടെ ഇന്റർനെറ്റ് വിലാസങ്ങൾ സ്വന്തമാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് ഇത് ആവശ്യക്കാർക്ക് വിൽക്കുന്നു.

സംസ്ഥാനത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബർ സ്‌ക്വാട്ടിങ്ങ് ആണ് അമൽ സുക്കർബർഗ് ഡീലെന്ന് സൈബർ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ തന്റെ കുഞ്ഞിന് മാക്‌സിമാ ചാൻ സുക്കർബർഗ് എന്ന പേരിട്ടുവെന്ന് ഫേസ്‌ബുക്ക് മേധാവി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമൽ മാക്‌സ്ചാൻ സുക്കർബർഗ് എന്ന ഇന്റെർനെറ്റ് ഡൊമൈൻ വാങ്ങുന്നത്. തന്റെ മകളുടെ പേരിലുള്ള ഇന്റെർനെറ്റ് ഡൊമൈന്റെ ഉടമാവകാശം അമലിനാണ് എന്ന് മനസ്സിലാക്കിയ ഫേസ്‌ബുക്ക് മേധാവി അത് വാങ്ങുവാൻ ഗോ ഡാഡി എന്ന ഓൺലൈൻ വ്യാപാര വെബ്‌സൈറ്റു വഴി 700 ഡോളറിന് ഇടപാട് നടത്തുകയും ചെയ്തു.

പാഠ്യ പാഠ്യേതേര മേഖലകളിലും മികവു പുലർത്തുന്ന അമൽ അഗസ്റ്റിൻ അറിയപ്പെടുന്ന ടെക്‌നോളജി ക്വിസ് മൽസരാർത്ഥി കൂടിയാണ്. ഈ അധ്യയന വർഷം തന്നെ 14 ക്വിസ് മൽസരങ്ങളിൽ അമൽ വിജയം കൊയ്തിരുന്നു. ഇതിനോടകം പല പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇന്റർനെറ്റ് ഡൊമൈനുകൾ അമൽ കരസ്ഥമാക്കിയിട്ടുണ്ട്. ഇ. ശ്രീധരൻ, എസ്. ശ്രീശാന്ത് എന്നിവ അതിൽ ചിലതു മാത്രം. അങ്കമാലി കിടങ്ങൂർ സ്വദേശിയായ അമൽ ആഗസ്റ്റിൻ എടത്തല കെ.എം.ഇ.എ എൻജീയറിംങ് കോളേജിൽ അവസാന വർഷ ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ്.

കോളേജിലെ സംരഭകത്വ വികസന ക്ലബിന്റെ കീഴിൽ നടന്ന വിവിധ സെമിനാറുകളും പരന്ന ഓൺലൈൻ വായനയുമാണ് അത്തരം നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്താൻ സഹായകമായതെന്ന് അമൽ പറഞ്ഞു. പിതാവ് അഗസ്റ്റിൻ ചെറായി ബീച്ച് റിസോർട്ടിൽ മാനേജറും, അമ്മ ട്രീസ അങ്കണവാടി ടീച്ചറും സഹോദരൻ അതുൽ ഒന്നാം വർഷ എൻജീയറിങ് വിദ്യാർത്ഥിയുമാണ്.