ന്യൂയോർക്ക്: ഓഹരിവിപണീയിലെ മാറിമറയലുകൾ പലപ്പോഴും പ്രവചനങ്ങൾക്ക് അതീതാമാകാറുണ്ട്. അത്തരമൊരു ചാഞ്ചാട്ടത്തിലാണ് ഫേസ്‌ബുക്ക് സി ഇമാർക്ക് സുക്കർബർഗിന്റെ ആസ്തിയിൽ 30 ബില്യൺ ഡോളറിന്റെ കുറവുണ്ടായതും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 20 ബില്യൺ ഡോളർ തന്റെ ആസ്തിയോട് കൂട്ടിച്ചേർത്തതും. വളരെ മോശമായ ഒരു വരുമാന റിപ്പോർട്ടായിരുന്നു കഴിഞ്ഞയാഴ്‌ച്ച ഫേസ്‌ബുക്കിന്റേതായി പുറത്തുവന്നതോടെ അതോടെ ഓഹരി മൂല്യം 21 ശതമാനം കുറഞ്ഞ് 237.09 ഡോളറിലെത്തുകയായിരുന്നു ഇന്നലെ.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു ഫേസ്‌ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ ദിവസം. ഓഹരിമൂല്യത്തിൽ 26 ശതമാനത്തിന്റെ കുറവായിരുന്നു അന്ന് കമ്പനിക്ക് നേരിടേണ്ടി വന്നത്. ദിവസേന ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ട് ഇതിലൂടെ കമ്പനിക്ക് നഷ്ടമായത് 237 ബില്യൺ ഡോളറായിരുന്നു. കമ്പനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതിൽ ഏറ്റവും വലിയ ഒരൊറ്റ ദിവസത്തെ നഷ്ടമയിരുന്നു ഇത്.

ഇതോടെ ഫേസ്‌ബുക്ക് സി ഇ ഒ യുടെ വ്യക്തിഗത ആസ്തിയിൽ ഉണ്ടായത് 30 ബില്യൺ ഡോളറിന്റെ കൂറവായിരുന്നു. ഇതോടെ ഫോബ്സിന്റെ ലോകത്തെ ഏറ്റവും വലിയ 10 അതിസമ്പന്നരുടെ പട്ടികയിൽ നിന്നും അദ്ദേഹം പുറത്തായി. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ അതിസമ്പന്നരുടെ പട്ടികയിൽ 12-ാം സ്ഥാനമണ് സക്കർബർഗിനുള്ളത്. ഫേസ് ബുക്കിന്റെ മോശം വരുമാനത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്ന ബുധനാഴ്‌ച്ചക്ക് മുൻപ് അദ്ദേഹം ഈ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിൽ ഏകദേശം 12.8 ശതമാനം ഓഹരികളാണ് സക്കർബർഗിനുള്ളത്.

എന്നാൽ, മറുഭാഗത്ത് ഇതേ ദിവസം ആമസോൺ നടത്തിയത് ഒരു വമ്പൻ കുതിച്ചുകയറ്റമായിരുന്നു. ഇന്നലെ ആമസോണിന്റെ ഓഹരിമൂല്യം ഉയർന്നത് 13 ശതമാനമാണ്. ഇതോടെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 12 ശതമനം ഉയർന്ന് 184 ബില്യൺ ഡോളറായി. ആമസോൺ സ്ഥാപകനും ചെയർമാനുമായ ബെസോസിന് ഏകദേശം 9.9 ശതമാനം ഓഹരികളാണ് ഉള്ളത്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അതിസമ്പന്നനാണ്.

വൈദ്യൂത വാഹന നിർമ്മാതാക്കളായ റിവിയനിൽ ആമസോൺ നടത്തിയ നിക്ഷേപം കമ്പനിയുടെ ലാഭം ഉയർത്താൻ സഹായകരമായതായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല , പ്രൈം സബ്സ്‌ക്രിപ്ഷന് അമേരിക്കയിലെ നിരക്ക് ഉയർത്താൻ പോകുന്നു എന്ന് പ്രഖ്യാപിച്ചതും കമ്പനിയുടെ ഓഹരിമൂല്യം വർദ്ധിക്കാൻ ഇടയാക്കി. കോവിഡ് പ്രതിസന്ധികാലത്ത് ഓൺലൈൻ വ്യാപാരങ്ങൾക്കുണ്ടായ ബൂമിന്റെ ഭാഗമായി 2021-ൽ ജെഫ് ബെസോസിന്റെ ആസ്തി തൊട്ടു മുൻപത്തെവർഷത്തേക്കാൾ 57 ശതമാനം ഉയർന്ന് 177 ബില്യൺ ഡോളറായിരുന്നു.

ഇതിനു മുൻപ് കഴിഞ്ഞ നവംബറിൽ ഒരൊറ്റ ദിവസം കൊണ്ട് ടെസ്ലയുടെ മേധാവി എലൺ മസ്‌കിന് നഷ്ടമായത് 35 ബില്യൺ ഡോളറായിരുന്നു. അതിനു ശേഷം ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെ സക്കർബർഗിനുണ്ടായ 29 ബില്യൺ ഡോളറിന്റെ നഷ്ടം. ഇതോടെ ഫോബ്സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ സ്ഥാനം ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ അംബാനിക്ക് കീഴിലായി. അംബാനിക്ക് ഈ പട്ടികയിൽ 11-ാം സ്ഥാനമണുള്ളത്. സുക്കർബർഗ് ഇപ്പോൾ 12-ാം സ്ഥാനത്തും.