വിശ്വാസത്തിന്റെ വലിയ മണ്ണാണ് കേരളമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി ചാവറ കുര്യാക്കാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിലാണ് കേരളത്തിന്റെ വിശ്വാസ പാരമ്പര്യത്തെ കുറിച്ച് മാർപ്പാപ്പ പരാമർശിച്ചത്.

വിശുദ്ധർ മാതൃകകളാകണമെന്നും മാർപ്പാപ്പ പറഞ്ഞു. സ്‌നേഹം വ്യവസ്ഥകളില്ലാതെ പങ്കുവച്ചവരാണ് വിശുദ്ധരെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. ദൈവരാജ്യത്തിന് വേണ്ടി ഇവർ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. കാരുണ്യത്തോടെ ദൈവമക്കളായി ജീവിക്കണമെന്നും വിശ്വാസികളോട് മാർപ്പാപ്പ ആവശ്യപ്പെട്ടു. 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.50നാണ് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നിലുള്ള വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തിൽ ചടങ്ങുകൾ തുടങ്ങിയത്. ഫ്രാൻസിസ് മാർപാപ്പ തിരുക്കർമവേദിയിൽ പ്രവേശിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തലവൻ കർദിനാൾ ആഞ്ചെലോ അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റ്റുലേറ്റർ റവ. ഡോ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, മറ്റു നാലു വാഴ്‌ത്തപ്പെട്ടവരുടെയും പോസ്റ്റുലേറ്റർമാർ, കർദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവർ മാർപാപ്പയെ അനുഗമിച്ചു.

അതിനു ശേഷം വത്തിക്കാൻ ഗായക സംഘവും മലയാള ഗായക സംഘവും ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഇവരെ വിശുദ്ധരാക്കാനുള്ള അഭ്യർത്ഥന കർദിനാൾ ആഞ്ചേല അമാത്തോ മാർപാപ്പയോട് അഭ്യർത്ഥിച്ചു. അതിനു ശേഷം ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധരുടെ ലഘു ജീവചരിത്രം വായിച്ചു കേൾപ്പിച്ചു. തുടർന്ന് ആറു പേരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതായി മാർപ്പാപ്പ പറഞ്ഞു. വിശുദ്ധ പ്രഖ്യാപനത്തിന് ശേഷം ഇവരുടെ തിരുശേഷിപ്പുകൾ അൽത്താരയിൽ പ്രതിഷ്ഠിച്ചു. ചാവറയച്ചന്റെ തിരുശേഷിപ്പ് ഫാ.ജെയിംസ് മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടേത് സിസ്റ്റർ സാൻക്തെയുമാണ് സമർപ്പിച്ചത്. ഇനി വത്തിക്കാൻ സന്ദർശിക്കുന്നവർക്ക് വിശുദ്ധരുടെ ഈ അൾത്താരയെ വണങ്ങാൻ കഴിയും.

തുടർന്നു പരിശുദ്ധ പിതാവ് ഗ്ലോറിയ സ്തുതിപ്പ് ആരംഭിക്കുകയും ഗായകസംഘത്തോടൊപ്പം ഏവരും അത് ഏറ്റുപാടി. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവരും മറ്റു മെത്രാന്മാരും മാർപാപ്പയുടെ സഹകാർമികരായിരുന്നു.

ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും കുടുംബാംഗങ്ങൾ, കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, സംസ്ഥാന സർക്കാർ പ്രതിനിധികളായ മന്ത്രി പി.ജെ.ജോസഫ്, മന്ത്രി കെ.സി.ജോസഫ്, ജോസ് കെ മാണി എംപി, ജോസഫ് വാഴയ്ക്കൻ എന്നിവരുൾപ്പെടെ ആയിരക്കണക്കിനു മലയാളികളും റോമിലെത്തിയിരുന്നു. ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ബന്ധുക്കളുൾപ്പെടെയുള്ള 80 പേർക്ക് മാർപാപ്പയെ നേരിട്ടുകാണാനും അവസരമൊരുക്കിയിരുന്നു.