ജയ്പൂർ: പണക്കൊതി മാത്രം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്ന ചിലരുണ്ട് ഇന്ത്യയിൽ. പുരോഗമനത്തിലേക്ക് പോകുന്ന സമൂഹത്തെ അവഹേളിക്കുന്നവർ. ഇടക്കിടെ ഇത്തരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്തി ചിലർ രംഗത്തെത്താറുണ്ട്. അത്തരമൊരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം. സ്വത്ത് മാത്രം പ്രതീക്ഷിച്ച് വിവാഹം കഴിച്ച യുവാവിനെ പുല്ലുപോലെ വലിച്ചെറിഞ്ഞ് താരമായത് ഡോക്ടറായ യുവതിയാണ്.

ഒരു കാറും പത്തു ഗ്രാം വീതം തൂക്കം വരുന്ന അഞ്ച് സ്വർണ നാണയങ്ങളും അടക്കം 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ സമ്മാനം നൽകിയിട്ടും പോരാതെ ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട വരനുമായുള്ള വിവാഹം മുഹൂർത്ത ദിനം തന്നെ ഡോക്ടറായ വധു റദ്ദാക്കി. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കോട്ട സ്വദേശിയും കോട്ട മെഡിക്കൽ കോളജിൽ സീനിയർ പ്രഫസറുമായ ഡോ. അനിൽ സക്സേനയുടെ മകൾ ഡോ. റാഷിയാണ് പണക്കൊതിയനായ വരനെ മുഹൂർത്തത്തിന് തൊട്ടു മുമ്പ് വലിച്ചെറിഞ്ഞത്.

വൻ തുക നേരത്തേ സമ്മാനമായി നൽകിയിട്ടും പിന്നെയും പണം ചോദിച്ചു കൊണ്ടിരുന്ന ആർത്തിപണ്ടാരത്തെ ഭർത്താവായി തനിക്ക് വേണ്ടെന്ന് യുവതി നിലപാട് എടുക്കുകയായിരുന്നു. വിവാഹത്തിനായി ക്ഷണിക്കപ്പെട്ട അതിഥികൾക്കെല്ലാം സൽക്കാരത്തിന്റെ ഭാഗമായിട്ടുള്ള വിഭവസമൃദ്ധമായ സദ്യ നൽകിയ ശേഷമായിരുന്നു വിവാഹം റദ്ദാക്കിയ വിവരം വധുവിന്റെ വീട്ടുകാർ ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഡോക്ടർ റാഷിയും മുറാദാബാദ് മെഡിക്കൽ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. സാഖം മധോക്കും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന്റെ അന്നു രാവിലെയാണ് വീട്ടുകാർ ഒരു കോടിരൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. വീട്ടുകാർ എടുത്ത നിലപാട് അറിഞ്ഞ് റാഷി പ്രതിശ്രൂത വരനെ വിളിച്ചെങ്കിലും ആവശ്യത്തിൽ നിന്നും പിന്മാറാൻ അയാൾ ഒരുക്കമായിരുന്നില്ല. തുടർന്ന് പണത്തോട് ആർത്തിയുള്ള വരനെയും വീട്ടുകാരെയും തനിക്ക് വേണ്ടെന്ന് റാഷി കർശന നിലപാട് എടുത്തു. സാഖം മധോക്കിനെതിരെയും വീട്ടുകാർക്കെതിരെയും ഡോക്ടർ സക്സേന നയാപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹം മുടങ്ങിയെങ്കിലും വിവരം പുറത്തായതോടെ ധീര നിലപാട് എടുത്ത റാഷിക്ക് അഭിനന്ദന പ്രവാഹമാണ്.