കൊച്ചി: മുസ്ലിം സുന്ദരി, എം.ബി.ബി.എസ്, 22 വയസ് ഉയർന്ന സാമ്പത്തികം, ജോലിയേതുമാകാം, ജില്ല, സാമ്പത്തികം, വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. ദത്തും നിൽക്കാം. ആർ.സി.യുവതി 21 ബിടെക്, അതിസുന്ദരി, ഉയർന്ന സാമ്പത്തികം, ജില്ല, സാമ്പത്തികം, ജോലി പ്രശ്‌നമില്ല. വിദേശത്തു കൊണ്ടുപോകും. ഭർത്താവ് മരിച്ച മുസ്ലിം യുവതി 28 സാമ്പത്തികം, ഉയർന്ന ജോലി, വരന്റെ ജില്ല, സാമ്പത്തികം, ജോലി പ്രശ്‌നമില്ല. 50 വയസ്സ് വരെയാകാം. ദത്തും സ്വീകാര്യം.... മലയാളത്തിലെ എല്ലാ പത്രങ്ങളിലും ഞായറാഴ്‌ച്ചകളിൽ വന്നു കൊണ്ടിരിക്കുന്ന പത്രപരസ്യങ്ങളിൽ ചിലതാണിത്.

ജാതിയും മതവും വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ ചുരുക്കം ചില കാര്യങ്ങൾ മാത്രം മാറ്റി മിക്ക പരസ്യത്തിലും ഒരേ കാര്യങ്ങൾ തന്നെയാവും ആവർത്തിക്കുന്നത്. ഒറ്റവിളിക്കു തന്നെ കല്യാണകാര്യങ്ങൾ ശരിയാവും എന്ന വിധത്തിൽ ഫോൺ നമ്പറുകളും പരസ്യത്തിൽ കൊടുത്തിട്ടുണ്ടാവും. വിളിച്ചാൽ വിളിക്കുന്നവരുടെ പണവും ചിലപ്പോൾ മാനവും പോകുമെന്നല്ലാതെ മറ്റൊരു കാര്യവും നടക്കാറില്ല. മാര്യേജ് ബ്യൂറോകളുടെ പേരിൽ വരുന്ന പരസ്യങ്ങളെല്ലാം തട്ടിപ്പാണെന്ന ബോധ്യത്തോടെ തന്നെയാണ് പത്രങ്ങൾ അവ പ്രസിദ്ധീകരിക്കുന്നത്. ഒറ്റ പരസ്യം കൊണ്ടു ബ്യൂറോകൾ നേടുന്നതു ലക്ഷങ്ങളാണ്.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ യുവാവ് തന്റെ സഹോദരനു വേണ്ടി മലയാള മനോരമ പത്രത്തിൽ കണ്ട മാട്രിമോണിയൽ പരസ്യത്തിൽ വിളിക്കുന്നു. പരസ്യം ഇതാണ് - ആർ.സി സുന്ദരി ടീച്ചർ, സമ്പന്ന, തൊഴിൽ വിദ്യാഭ്യാസം കാര്യമാക്കുന്നില്ല. കേരള മാട്രിമോണിയൽ, പാട്ടുരായ്ക്കൽ, തൃശൂർ, പിന്നെ ഫോൺ നമ്പർ. ഫോൺ നമ്പറിൽ വിളിച്ചാൽ സ്ത്രീ ശബ്ദം. വരന്റെ വിവരങ്ങൾ മുഴുവൻ പറയണം. ഈ വിവരങ്ങൾ വച്ച് അവരുടെ പക്കലുള്ള പെൺകുട്ടികളുടെ പ്രൊഫൈലിൽ വച്ചു നോക്കി അനുയോജ്യമായത് കണ്ടെത്തി ആ പെൺകുട്ടികളോട് സംസാരിച്ച ശേഷം തിരിച്ചു വിളിക്കാമെന്നു പറയും. പിന്നെ തിരിച്ചു വിളിച്ച് അനുയോജ്യമായ പെൺകുട്ടികൾ ഉണ്ട് അവരോട് നിങ്ങളുടെ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്‌ച്ച പോയി കാണണം, അതിന് വേണ്ടത് ചെയ്തിട്ടുണ്ട്, പെൺകുട്ടികളുടെ ഫോട്ടോയും വിവരങ്ങളും വി.പി.പിയായി അയച്ചിട്ടുണ്ട്. പോസ്റ്റ്മാൻ വശം 950 രൂപ കൊടുത്ത് വാങ്ങണം. ഇത് അനുയോജ്യമാകാതെ വന്നാൽ തുടർന്നും അനുയോജ്യമായ പ്രൊഫൈൽസ് അയച്ചു തരും എന്നൊക്കയാണ്.

തിരുവനന്തപുരത്തെ യുവാവ് പോസ്റ്റ്മാൻ വശം ആയിരം രൂപയാണ് കൊടുത്തത്. കിട്ടിയ കവർ തുറന്നു നോക്കിയപ്പോൾ അതിൽ ഒരു അപേക്ഷാ ഫോറം മാത്രം. പിന്നീട് മാട്രിമോണിയലിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു. പരസ്യത്തിൽ കണ്ട തട്ടിപ്പിനെ കുറിച്ച് പറയാൻ ഇദ്ദേഹം മനോരമ തൃശൂർ ഓഫീസിൽ വിളിച്ചു. പരസ്യം വന്നത് തിരുവനന്തപുരം എഡിഷനായതിനാൽ അവിടെ പരാതി നൽകാൻ നിർദ്ദേശം. അതു പോലെ ചെയ്തു. ഇതിനിടെ ഈ രണ്ടാഴ്‌ച്ചയും ഇവരുടെ പരസ്യം പത്രത്തിൽ വന്നു കൊണ്ടിരുന്നു.രണ്ടാഴ്‌ച്ചക്കു ശേഷം മനോരമ ഓഫീസിൽനിന്ന് വിളി. മേലിൽ ഇത്തരം പരസ്യങ്ങൾ മനോരമ നൽകില്ലെന്നും ഇത്തരം മാട്രിമോണിയൽ സൈറ്റുകളിലെ നമ്പറുകളിൽ വിളിച്ച് അവരെ കണ്ടെത്താൻ കഴിയില്ലെന്നും മനോരമയിൽനിന്നു പറഞ്ഞുവത്രേ. എന്നാൽ ഇതെല്ലാം കഴിഞ്ഞിട്ടും കഴിഞ്ഞയാഴ്‌ച്ച ഇറങ്ങിയ മനോരമയിലും പരസ്യം ആവർത്തിച്ചിട്ടുണ്ട്. മാരേജ് ബ്യൂറോക്കാരുടെ തട്ടിപ്പിൽ മനോരമയും പങ്കാളിയാണെന്നു തെളിയിക്കുന്നതാണിത്.

ഇതിനെ കുറിച്ചറിയാൻ വീണ്ടും മനോരമയിലേക്ക് വിളിച്ചപ്പോൾ മറുപടി പറയാതെ ഫോൺ കട്ടാക്കിയതായി ഇദ്ദേഹം പറയുന്നു. മനോരമയിൽ വന്ന തൃശൂരിലെ കേരള മാട്രിമോണിയൽ എന്ന പരസ്യം ഒരു ഉദാഹരണം മാത്രമാണ്. കേരളത്തിൽ 15 ഓഫീസുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് അവരുടെ 12 ഓഫീസുകളുടേയും പരസ്യം വച്ച് പത്രത്തിൽ പരസ്യം ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്യാൻ ആയിരം രൂപ അടച്ചാൽ മൂന്നുമാസം സർവീസ് ലഭിക്കും. 1700 അടച്ചാൽ കല്യാണം കണ്ടെത്തി തരുന്നത് വരെ സർവീസ്. പക്ഷെ കല്യാണത്തിന് ഇടനിലക്കാരായതിന് പതിനായിരം രൂപ കല്യാണസമയത്ത് കമ്മീഷൻ നൽകണം. 3750 രൂപ അടച്ചാൽ പിന്നെ കല്യാണസമയത്ത് പതിനായിരം കമ്മീഷൻ അടക്കേണ്ടതില്ലത്രെ. ഇങ്ങിനെ ഇവർ അയച്ചു തരുന്ന ഡാറ്റയിൽ പത്ത് വിലാസങ്ങൾ ഉണ്ടാകും. ഇതിൽ അഞ്ച് നമ്പറുകൾ എപ്പോഴും ഓഫായിരിക്കും. ഈ നമ്പറിൽ വിളിച്ചാൽ ഒരിക്കലും കിട്ടില്ല. ബാക്കി അഞ്ചെണ്ണത്തിൽ വിളിച്ചാൽ വിവാഹം ഉറപ്പിച്ചു എന്നായിരിക്കും മറുപടി. കൃത്യമായി പത്ത് ഡാറ്റായ്ക്ക് ആയിരം രൂപ വച്ച് വാങ്ങുന്ന ഏജൻസികൾ ഉണ്ട്. പത്ത് ഡാറ്റായിൽ അഞ്ചെണ്ണം സ്വച്ച് ഓഫ്, ബാക്കി അഞ്ചെണ്ണം ഉറപ്പിച്ചു എന്ന മറുപടി കിട്ടിയാലും പിന്നെ ഡാറ്റ് വേണമെങ്കിലും പണം അടക്കേണ്ടി വരും.

വർഷങ്ങളോളം സ്ഥിരമായി പത്രങ്ങളിൽ വരുന്ന ഒരു പരസ്യമുണ്ട്. 21 വയസ്സ്, ഈഴവ യുവതി, പത്താം ക്ലാസ്സ്, അതീവ സുന്ദരി, ഉയർന്ന സാമ്പത്തികം, യാതൊരു ഡിമാന്റുമില്ല. ഈ വിധത്തിൽ ഒരു ഏജൻസിയുടെ പരസ്യം വരുന്നുണ്ട്. 21 വയസ്സുള്ള സുന്ദരി ഏകദേശം 20 വർഷം കഴിഞ്ഞിട്ടും ഭർത്താവിനെ കിട്ടാതെ കാത്തിരിക്കുകയാണ്. ഷോലെ പോലെയും മറ്റുമുള്ള എവർഗ്രീൻ ചലച്ചിത്രങ്ങളെ പോലെ ഈ പരസ്യവും ഓടിക്കൊണ്ടിരിക്കുകയാണ്.

ലണ്ടനിൽ നേഴ്‌സ്, 23, അതീവ സുന്ദരി ഡിമാന്റുകളില്ല, വരനെ കൊണ്ടു പോകും. ഇത്തരത്തിൽ പരസ്യം നൽകി ആയിരക്കണക്കിനു യുവാക്കളുടെ ലണ്ടൻ മോഹവും കൈമുതലാക്കി പണം തട്ടുന്ന ഏജൻസികളുമുണ്ട്. ഇവരൊക്കെ ആയിരം രൂപ വീതം കൊടുത്തു പേരു രജിസ്റ്റർ ചെയ്താൽ ഒറ്റ പരസ്യം വഴി മാര്യേജ് ബ്യൂറോയ്ക്ക് എത്ര ലക്ഷങ്ങൾകിട്ടുമെന്ന് ഊഹിക്കാം.

പെൺകുട്ടികളുടെ വീട്ടിലേക്ക് യുവാക്കളെ കൊണ്ടു വന്ന് കാണിക്കുന്ന ഏജൻസികളുമുണ്ട്. ഇതിനായി മിക്ക മാട്രിമോണിയൽ ബ്യൂറോവിലും സ്ഥിരം പയ്യന്മാർ വരെയുണ്ട്. രജിസ്റ്റർ ചെയ്ത പെൺകുട്ടികൾക്ക് ഫോട്ടോയിൽ ഈ യുവാക്കളുടെ ചിത്രവും വ്യാജ പ്രൊഫൈലും അയച്ചു നൽകും. ഫോണിൽ സംസാരിക്കും. പിന്നീട് വീട്ടിൽ വന്നു കാണുന്നു. ഇതിന് മദ്യം, പണം തുടങ്ങി പല ഓഫറുകൾ ഇവർക്കുണ്ട്. വീട്ടിൽ വന്നു പെൺകുട്ടിയെ യുവാവ് കാണുന്നു, പോയ ശേഷം ഇഷ്ടമായില്ല എന്ന മറുപടി വീട്ടുകാർക്ക് നൽകുന്നതോടെ അത് അവസാനിക്കും. തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് ഒരിക്കലും പെൺവീട്ടുകാർ അറിയില്ല.മാര്യേജ് ബ്യൂറോകൾക്കു വേണ്ടി ഇങ്ങനെ പെണ്ണു കാണൽ തൊഴിലാക്കിയ യുവാക്കൾ തന്നെയുണ്ടെന്നാണ് വാസ്തവം. യാതൊരു രജിസ്‌ട്രേഷനും ഇല്ലാതെ ആർക്കും എവിടേയും തുടങ്ങാൻ പറ്റുന്ന ഒന്നായി മാറിയിട്ടുണ്ട് മാര്യേജ് ബ്യൂറോകൾ. പത്രപരസ്യം വഴിയാണ് ഇരകളെ വീഴ്‌ത്തുന്നത്.

ചില പരസ്യങ്ങൾ പത്രത്തിൽ നൽകണമെങ്കിൽ പരസ്യവിഭാഗം തിരിച്ചറിയൽ കാർഡ്, ലാൻഡ് ഫോൺ നമ്പർ, പിന്നെ ലെറ്റർപാഡ്, സീൽ എല്ലാം വേണമെന്ന് നിഷ്‌കർഷിക്കാറുണ്ട്. ഒരു സാധാരണക്കാരൻ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നോ മറ്റോ ചെയ്യാൻ പോകുമ്പോഴായിരിക്കും ഇത്തരം നിലപാടുകൾ. എന്നാൽ വർഷങ്ങളായി തുടർച്ചയായി ഇത്തരം തട്ടിപ്പു പരസ്യങ്ങൾ നൽകാൻ ഇതൊന്നും മാനദണ്ഡമല്ല.