കാസർഗോഡ്: വധുവിനെ ആവശ്യമുണ്ടെന്ന് പത്രപരസ്യം നൽകുന്നവർ ഈ വാർത്ത ശ്രദ്ധിക്കുക. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുക. ജൂവലറിയിൽ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വയനാട്ടിലെ രാജേഷ് (35)എന്നയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതി.

താലികെട്ടാനുള്ള യാത്രക്കിടെ ലോഡ്ജിൽ കൊണ്ടുപോയി വധുവിനെ പീഡിപ്പിച്ച് വരൻ മുങ്ങിയതായി പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി കുമ്പള സി.ഐ ഓഫീസിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിലെ മാട്രിമോണിയൽ പേജിൽ പ്രസിദ്ധീകരിച്ച വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് യുവതിയും രാജേഷും പരിചയപ്പെട്ടത്. തുടർന്ന് കർണാടകയിലെ ഏതെങ്കിലും ക്ഷേത്രത്തിൽ വച്ച് വിവാഹിതാരാകാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രി ഇരുവരും കാസർഗോട്ടെത്തി. രാത്രിയായതിനാൽ മുറിയെടുത്ത് താമസിക്കാൻ ലോഡ്ജിലെത്തിയെങ്കിലും കാസർഗോട്ട് മുറി കിട്ടിയില്ല.

തുടർന്ന് മംഗളൂരുവിലേക്ക് യാത്ര തിരിക്കുകയും ഹൊസങ്കടിയിലെത്തിയപ്പോൾ ഇവിടുത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയുമായിരുന്നു. തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറും നൽകിയതിനു ശേഷമാണ് മുറിയെടുത്തത്. ഇവിടെ വച്ച് രാജേഷ് പീഡിപ്പിക്കുകയും രാവിലെയായതോടെ മുങ്ങുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. രാവിലെ മുറിവിട്ടു പോയ രാജേഷ് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഇതോടെയാണ് താൻ ചതിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്. തുടർന്ന് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. രാജേഷിനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.