മലപ്പുറം: വിവാഹ തട്ടിപ്പുവീരൻ നിലമ്പൂരിൽ അറസ്റ്റിൽ. യുവതികളെ വിവാഹം കഴിച്ച ശേഷം സ്വർണാഭരണം തട്ടിയെടുക്കൽ പതിവാക്കിയ പ്രതിയാണ് നിലമ്പൂർ പൊലീസിന്റെ വലയിലായിരിക്കുന്നത്. കാസർകോട് സ്വദേശി അബ്ദുൽ കരീം (44)നെയാണ് ഇന്ന് ഉച്ചയോടെ മലപ്പുറം എസ്‌പിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ എസ്.ഐയും സംഘവും അറസ്റ്റു ചെയ്തത്.

ഈ മാസം ആറിന് മലപ്പുറം സ്വദേശിയായ യുവതി വാഴക്കാട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ നിലമ്പൂർ ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വർഷങ്ങളായി പൊലീസ് ഇയാൾക്കു വേണ്ടി വല വിരിച്ചിരുന്നെങ്കിലും ഇയാളുടെ തട്ടിപ്പ് തുടരുകയായിരുന്നു. നിലവിൽ കാസർകോട്, താമരശ്ശേരി സ്റ്റേഷനുകളിൽ നിന്നും അസ്റ്റു വാറണ്ടുള്ള ഇയാളുടെ പേരിൽ വിവിധ ജില്ലകളിൽ പരാതിയുണ്ടെന്നാണ് വിവരം.

നിലമ്പൂർ പൊലീസിന്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ വലയിൽപെട്ട കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ മുപ്പത് വിവാഹങ്ങൾ കഴിച്ചതായാണ് പൊലീസിൽ ലഭിച്ച വിവരം. ഇതിൽ നാലു യുവതികളെ തട്ടിക്കൊണ്ടു പോയിട്ടായിരുന്നു വിവാഹം ചെയ്തത്. പല പേരിലും പല വേഷത്തിലും വിവിധ പ്രദേശങ്ങളിലെത്തി ആദ്യം സൗഹൃദം നടിക്കുകയും പിന്നീട് വിവാഹാഭ്യാർത്ഥന നടത്തുകയുമാണ് ഇയാളുടെ പതിവ്.

വിവാഹ ശേഷം കുറഞ്ഞ കാലം ഒരുമിച്ചു ജീവിച്ച ശേഷം ഓരോ കാരണം പറഞ്ഞ് ഇയാൾ സ്ഥലം വിടുകയാണ് പതിവ്. ഈ കാലയളവിൽ യുവതികളുടെ മാനവും സ്വർണവും ഇയാൾ കവർന്നിട്ടുണ്ടാകും. നിലവിൽ ഒമ്പതു ഭാര്യമാർ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാര്യമാരെ ഉപേക്ഷിക്കുകയോ ഇവരറിയാതെ മുങ്ങി നടക്കുകയോ ആണ് പ്രതി ചെയ്തിരുന്നത്.

നിലമ്പൂർ സി.ഐ സി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ നിലമ്പൂർ എസ്.ഐയും സംഘവുമാണ് പ്രതിയെ ചോദ്യം ചെയ്തു വരുന്നത്. ചോദ്യം ചെയ്യലിൽ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്തു വരുമെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായ യുവതികൾ അധികവും പരാതിയുമായി രംഗത്തു വരാത്തവരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ് അധിക വിവാഹവും കഴിച്ചിട്ടുള്ളത്.

വാഴക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മറ്റു സ്റ്റേഷനുകളിലെ പരാതികൾ പരിഷശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.