- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്തനാമൊരു വിവാഹത്തട്ടിപ്പുകാരൻ; അരുൺ വയസ് 29; ലക്ഷ്യം നിർധനയുവതികളുടെ ഇത്തിരിപ്പൊന്നും പണവും; കല്ല്യാണത്തട്ടിപ്പിന് ഇരയായത് പത്തിലേറെ സ്ത്രീകൾ
തിരുവല്ല: പല തരത്തിലും വിധത്തിലും പ്രായത്തിലുമുള്ള വിവാഹത്തട്ടിപ്പുകാരെ നമ്മൾ കണ്ടിട്ടുണ്ട്. അവരൊക്കെ ഒരു പാടു സ്ത്രീകളിൽനിന്നും ലക്ഷക്കണക്കിനു രൂപയും ഒത്തിരി സ്വർണവും തട്ടിയിട്ടുണ്ട്. എന്നാൽ, അവരെയൊക്കെ ഞെട്ടിച്ച് ഇതാ വ്യത്യസ്തനായ ഒരു വിവാഹത്തട്ടിപ്പുകാരൻ. അരുൺ-വയസ് 29. വീട്-കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റിച്ചേരി ക്ഷേത്രത്തി
തിരുവല്ല: പല തരത്തിലും വിധത്തിലും പ്രായത്തിലുമുള്ള വിവാഹത്തട്ടിപ്പുകാരെ നമ്മൾ കണ്ടിട്ടുണ്ട്. അവരൊക്കെ ഒരു പാടു സ്ത്രീകളിൽനിന്നും ലക്ഷക്കണക്കിനു രൂപയും ഒത്തിരി സ്വർണവും തട്ടിയിട്ടുണ്ട്. എന്നാൽ, അവരെയൊക്കെ ഞെട്ടിച്ച് ഇതാ വ്യത്യസ്തനായ ഒരു വിവാഹത്തട്ടിപ്പുകാരൻ. അരുൺ-വയസ് 29. വീട്-കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റിച്ചേരി ക്ഷേത്രത്തിനു സമീപം കമലവിലാസം.
സാധാരണ വിവാഹത്തട്ടിപ്പുകാരെപ്പോലെ പത്രപ്പരസ്യം തന്നെയാണ് ഇയാളുടെയും തട്ടിപ്പിനുള്ള അടിത്തറ. പ്രമുഖ ദിനപത്രങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പിനുള്ള വല വിരിക്കുന്നത്. പെൺകുട്ടിയുടെ സാമ്പത്തികഭദ്രത പ്രശ്‌നമല്ലെന്നും വധുവിന്റെ വീട്ടിൽ ദത്തു നിൽക്കാൻ താൽപ്പര്യമാണെന്നും സൂചിപ്പിച്ചാണ് ഇയാൾ പരസ്യം നൽകിയിരുന്നത്. ഇതു കണ്ടു വിളിക്കുന്ന പെൺകുട്ടികളും അവരുടെ വീട്ടുകാരുമായി ഇയാൾ വളരെ വേഗം അടുത്ത ബന്ധം സ്ഥാപിക്കും. ഉടൻ തന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ പെൺകുട്ടികളുടെ വീടുകളിൽ താമസിക്കുകയാണ് പിന്നെ ഇയാൾ ചെയ്യുന്നത്.
ചെറിയ അംഗവൈകല്യമുള്ള പെൺകുട്ടികളെയാണ് ഇയാൾ ഇത്തരം തട്ടിപ്പിനായി ഏറെയും തെരഞ്ഞെടുത്തിരുന്നത്. ഇങ്ങനെ പരിചയപ്പെടുന്ന പെൺകുട്ടിക്കൊപ്പം രണ്ടോ മൂന്നോ മാസം താമസിച്ച ശേഷം മുങ്ങുകയാണ് പതിവ്. നിർധന യുവതികളുടെ പ്രൊപ്പോസൽ മാത്രമേ സ്വീകരിക്കൂ. വലിയ മോഹങ്ങളൊന്നുമില്ല. പത്തോ പതിനായിരമോ ഏറിയാൽ ഒരു ലക്ഷം വരെയോ പണം. ഒന്നോ രണ്ടോ പവൻ. അതും പെൺകുട്ടിയുടെ വീട്ടുകാരുടെ ശേഷിക്കനുസരിച്ച്.
ഇവനെന്താ വട്ടോ എന്ന പ്രഫഷണൽ വിവാഹത്തട്ടിപ്പുകാർ ചോദിച്ചേക്കാം. അതിന് അരുണിന് അയാളുടേതായ ന്യായമുണ്ട്. ഇത്തരക്കാരായാൽ ആരും കേസിനു പോകില്ല. പെണ്ണിന്റെ മാനമോ പോയി. ഇനി നാണക്കേട് കൂടി വേണ്ട. കോടതിയും സ്റ്റേഷനും കയറിയിറങ്ങിയാൽ വീണ്ടും അയാൾ തട്ടിക്കൊണ്ടുപോയ തുകയുടെ ഇരട്ടിയിലധികം ചെലവാകും. ഈ സാഹചര്യത്തിൽ പെണ്ണിന്റെ വീട്ടകാർ പറ്റിയ ചതി രഹസ്യമാക്കി വയ്ക്കും. ഇതു കാരണം തട്ടിപ്പുകാരൻ അരുൺ ഒരിക്കലും പിടിക്കപ്പെടാതെ പോയി.
ഒൻപതു പേരെ ഈ രീതിയിൽ പറ്റിച്ചു. പത്താം തവണ ചെന്നു വീണത് ഒരു പെൺപുലിയുടെ മടയിൽ. അവരുടെ വീട്ടിൽ നിന്നും മുങ്ങിയത് പുതിയ ഒരു ബൈക്കുമായിട്ടായിരുന്നു. പെരിങ്ങര സ്വദേശിയായ പെൺപുലി വിട്ടില്ല. പൊലീസിൽ പരാതി നൽകി. പുളിക്കീഴ് പൊലീസ് ബുധനാഴ്ച കൊല്ലത്തു നിന്നും അരുണിനെ കൈയോടെ പിടികൂടി. ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ നൂതനമുഖം വെളിച്ചത്തു വന്നത്.
വിവാഹ വാഗ്ദാനം ചെയ്ത് ഒരുമിച്ച് താമസിച്ച ശേഷം സ്ത്രീകളുടെ പണവും വിലപിടിച്ച വസ്തുക്കളുമായി മുങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പെരിങ്ങരയിലുള്ള ഇരുപത്തിയെട്ടുകാരിയുടെ പരാതിയിന്മേൽ അറസ്റ്റിലായതോടെ നിരവധി യുവതികൾ ഇയാൾക്കെതിരേ മുന്നോട്ടു വന്നു. പക്ഷേ, അവർ ആരും പരാതി നൽകാൻ തയാറല്ല. പെരിങ്ങരയിലെ പരാതിക്കാരിയുടെ വീട്ടിലും ഇയാൾ മൂന്നുമാസം താമസിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ വായ്പയെടുത്ത് വാങ്ങിക്കൊടുത്ത ബൈക്കുമായി നവംബർ 14 ന് ഇയാൾ ഇവിടെ നിന്നും കടക്കുകയായിരുന്നു.
തുടർന്നാണ് വീട്ടുകാർ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ കൊല്ലം ഇരവിപുരത്തുനിന്നുമാണ് പ്രതി പിടിയിലായത്.
സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ സമാനതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചങ്ങനാശേരി സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചതിനാൽ ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ചങ്ങനാശേരി പൊലീസ് അപേക്ഷ നൽകിയേക്കും. പുളിക്കീഴ് എസ്.എ. ബൈജു, അഡിഷണൽ എസ്.ഐ വർഗീസ് ജോൺ, എഎസ്ഐ മോഹൻകുമാർ, സി.പി.ഒമാരായ രവിചന്ദ്, സുരേഷ്ബാബു, മധുസൂദനൻ, സുനിൽ രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.