- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധുവിന്റെ രസം തീരുന്നതോടെ വധുവിനെ സ്വന്തം വീട്ടിലാക്കി മുങ്ങും; ഒപ്പം ലക്ഷങ്ങളും തട്ടിയെടുക്കും; ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി വിവാഹം കഴിച്ചത് 14 സ്ത്രീകളെ; വലയിൽ പെട്ടത് സുപ്രീം കോടതി അഭിഭാഷക അടക്കം; ഒഡിഷയിൽ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ
ഭുവനേശ്വർ: 30 ലേറെ സ്ത്രീകളെ പറ്റിച്ച മലയാളി വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിലായ വാർത്ത വന്നത് ഡിസംബറിലാണ്. ഇയാൾ തട്ടിയത് കോടികളും. പുനർ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. സമാനമായ സംഭവം ഒഡീഷയിലെ ഭുവനേശ്വറിലും. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെയാണ് ബിധു പ്രകാശ് സ്വെയ്ൻ എന്ന 54 കാരൻ വഞ്ചിച്ചത്. ഇയാൾ പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഒഡീഷയിലെ കേന്ദ്രപര ജില്ല സ്വദേശിയാണിയാൾ. കഴിഞ്ഞ 48 വർഷമായി പലതരം തട്ടിപ്പുകളാണ് ഇയാളുടെ പരിപാടി.
വിവാഹം നടത്തിയ ശേഷം മുങ്ങുന്ന ഇയാൾ 'ഭാര്യമാരുടെ' കൈയിൽ നിന്ന് പണവും പറ്റിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർ എന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ തട്ടിപ്പിനുള്ള സ്ത്രീകളെ കണ്ടെത്തിയിരുന്നത്.
പഞ്ചാബ്, ഡൽഹി, അസം, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരെയാണ് ഇതിനകം ഇയാൾ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹത്തിലെ ഉന്നത മേഖലകളിലെ സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെയാണ് ബിധു ലക്ഷ്യം വെച്ചിരുന്നത്. ഭുവനേശ്വർ ഡിസിപി ഉമാശങ്കർ പറയുന്നത് പ്രകാരം സുപ്രീംകോടതി അഭിഭാഷക, സെൻട്രൽ പൊലീസ് സേനയിലെ വനിതകൾ തുടങ്ങിയവർ ബിധുവിന്റെ വലയിൽ വീണിട്ടുണ്ട്. വിവാഹമോചനം നേടിയ മധ്യവയസ്‌കരായ സ്ത്രീകളായിരുന്നു പ്രധാന ഇരകൾ. ഇവരിൽ നിന്നും പണം കൈക്കലാക്കലായിരുന്നു ബിധുവിന്റെ ലക്ഷ്യം.
2018 ൽ സിഐപിഎഫ് പൊലീസുദ്യോഗസ്ഥയെ വിവാഹം കഴിച്ച ഇയാൾ ഇവരിൽ നിന്നും 10 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് ഈ വിവാഹം നടന്ന ഗുരുദ്വാരയിൽ ആശുപത്രി നിർമ്മിക്കാം എന്ന വാഗ്ദാനത്തിൽ 11 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങി. അഞ്ച് കുട്ടികൾ ഇദ്ദേഹത്തിനുണ്ട്. 1982 ലാണ് ഇദ്ദേഹം ആദ്യ വിവാഹം കഴിക്കുന്നത്.
2002 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ വിവാഹതട്ടിപ്പിലേക്ക് തടന്നത്. വിവാഹം കഴിച്ച് ആദ്യ ദിവസങ്ങളിൽ ഇയാൾ വധുവിനോടൊപ്പം കുറച്ചു ദിവസം കഴിയും. ശേഷം ഇവരെ വധുവിന്റെ സ്വന്തം വീട്ടിലാക്കി ജോലി സംബന്ധമായി പോവുകയാണെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് മുങ്ങും. ഇത്തരത്തിൽ ചതിക്കപ്പെട്ട ഡൽഹിയിലെ ഒരു അദ്ധ്യാപിക 2021 ൽ നൽകിയ പരാതിയാണ് ഇയാൾ ഇപ്പോൾ പിടിക്കപ്പെടുന്നത്.
ബിധുവിന്റെ പക്കൽ നിന്ന് 11 എടിഎം കാർഡുകളും, നാല് ആധാർ കാർഡുകളും, മറ്റു രേഖകളും പിടിച്ചെടുത്തു. തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനുമായി രണ്ട് വട്ടം നേരത്തെ ഹൈദരാബാദിലും, എറണാകുളത്തും അറസ്റ്റിലായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ