കൊച്ചി: കാമ്പസ് പ്രണയം സാധാരണമാണ്. അവർ പിന്നീട് വിവാഹം കഴിക്കുന്നതിലും അത്ഭുതമൊന്നുമില്ല. എന്നാൽ പ്രണയിച്ച ക്യാമ്പസിൽ തന്നെ വിവാഹം ചെയ്യുക എന്നത് ഒരു ഭാഗ്യമാണ്. അമർനാഥും സഫ്‌നയുമാണ് ആ ഭാഗ്യമുള്ള പ്രണയജോഡികൾ. ക്യാമ്പസിന്റെ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് ഈ അപൂർവ വിവാഹം നടന്നത്.

മഹാരാജാസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥികളായ അമർനാഥും സ്ഫ്നയും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ താലികെട്ട് എവിടെ വേണം എന്നുള്ളതിനെ കുറിച്ച് സംശയമേതുമില്ലായിരുന്നു. പള്ളിയും ക്ഷേത്രവും ഒന്നും നൽകാത്ത പവിത്രത തങ്ങൾ ഒരുമിച്ച് നടന്ന കാമ്പസിനുണ്ടെന്നും അതുകൊണ്ട് വിവാഹമുണ്ടെങ്കിൽ അത് കാമ്പസിലെ ഉണ്ടാവു എന്നും നേരത്തെ തീരുമാനിച്ചിരുന്നതാണ്. ആ തീരുമാനത്തിന് പൂർണ പിന്തുണയാണ് കലാലയ അധികൃതരും സുഹൃത്തുക്കളും നൽകിയത്.

ജാതിയോ മതമോ അല്ല മറിച്ച് പ്രണയിക്കുന്ന മനസുകളുടെ പൊരുത്തമാണ് വലുതെന്ന സന്ദേശം തുറന്നുകാട്ടി അവർ ഒരുമിച്ചപ്പോൾ ജാതീയമായ ആക്രോശങ്ങൾക്ക് കാതോർക്കുന്ന രാജ്യത്തെ കാമ്പസുകൾക്ക് അതൊരു മികച്ച മാതൃകയായി. രാവിലെ 8.30 ന് ആയിരുന്നു സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ താലികെട്ട്. മലയാളം ഡിപ്പാർട്ട്മെന്റിന് മുൻപിൽ നക്ഷത്രക്കുളവും സമരമരവും ശശിമരവുമൊക്കെ കൂടിച്ചേരുന്നിടത്തായിരുന്നു മിന്നുകെട്ട്. 29ന് ഇവരുടെ വിവാഹം രജിസ്റ്റർചെയ്തിരുന്നു.

ചോറ്റാനിക്കര സ്വദേശിയാണ് അമർനാഥ്. സഫ്ന ഫോർട്ട് കൊച്ചി സ്വദേശിയും. അമർനാഥ്, ബിഎ രണ്ടാംവർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബിഎ ഹിസ്റ്ററിക്ക് സഫ്ന മഹാരാജാസ് കോളേജിൽ പഠിക്കാനെത്തുന്നത്. കോളേജ് ആർട്ട്‌സ് ക്‌ളബ് സെക്രട്ടറിയായിരുന്നു അമർനാഥ്. ഈ കാലയളവിലാണ് ഇവരിൽ പ്രണയം മൊട്ടിട്ടത്. ഇതാണ് പിന്നീട് അഞ്ച് വർഷത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണമായി മാറിയത്. 2012 ൽ കോളേജ് ആട്സ് ക്ലബ് സെക്രട്ടറിയായിരുന്നു അമർനാഥ്. അക്കാലത്താണ് പതിവ് കാമ്പസ് പ്രണയം പോലെ ഇവരുടെ ബന്ധത്തിന്റെ ദൃഢത കൈവരുന്നത്. താലിയാകാമെന്ന സഫ്നയുടെ ആഗ്രഹം മൂലമാണ് അതെങ്കിലും സംഘടിപ്പിച്ചത് അല്ലെങ്കിൽ അതും ഒഴിവാക്കുമായിരുന്നുവെന്നും അമർനാഥ് പറഞ്ഞു.

ഇപ്പോൾ ബംഗ്ലുരുവിൽ വീഡിയോ എഡിറ്ററാണ് അമർനാഥ്. കോളേജിന്റെ അനുമതിയോടെ തന്നെയായിരുന്നു വിവാഹം. ഇതിന്റെ ഭാഗമായി വൈകിട്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ചെറിയൊരു സൽക്കാരവുമുണ്ടായി. ഫോർട്ട് കൊച്ചിയിൽ ആദ്യരാത്രി. പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം പുതിയൊരു ജീവിതവുമായി ഇവർ പുതിയ നഗരത്തിലേക്ക് യാത്രയാകും.