ആലപ്പുഴ: സ്ത്രീധന പീഡനക്കഥകൾ കേട്ട് മരവിച്ചിരിക്കുന്ന മലയാളി സമൂഹത്തിലേക്ക് സുന്ദരമായൊരു മാതൃകയുടെ വാർത്ത.വധുവിന്റെ വീട്ടുകാർ നൽകിയ സ്വർണം മണ്ഡപത്തിൽ വച്ചുതന്നെ വധുവിന്റെ വീട്ടുകാരെ എൽപ്പിച്ച് വരൻ.നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകൾ ശ്രുതിരാജുമായുള്ള വിവാഹം വേദിയിലാണ് മാതൃകപരമായ സംഭവത്തിന് വേദിയായത്.

ശ്രുതിയുടെ കരംഗ്രഹിച്ച് കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്ക് താലിമാല മാത്രം മതി. ശ്രുതിക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയിലും ഓരോ വള കൂടിയാവാം. ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. അൻപതു പവനിൽ ബാക്കി ആഭരണങ്ങൾ ഊരി നൽകി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏൽപ്പിച്ച്, സതീഷ് പറഞ്ഞു എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.വൻ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവർ സ്വീകരിച്ചത്.

ഇന്നലെ രാവിലെ 11ന് നൂറനാട് പണയിൽ ക്ഷേത്ര നടയിലായിരുന്നു വിവാഹം. മെയ്‌ 13ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ക്ഡൗൺ മൂലമാണ് ഇന്നലത്തേക്ക് മാറ്റിയത്.കെ.വി.സത്യൻ- സരസ്വതി ദമ്പതികളുടെ മകൻ 28 കാരനായ സതീഷ് സത്യൻ നാഗസ്വര കലാകാരനാണ്. കല്യാണത്തിനും ക്ഷേത്ര പൂജയ്ക്കുമൊക്കെ കച്ചേരി നടത്തിക്കിട്ടുന്നതിന്റെ വിഹിതം മാത്രമാണ് വരുമാനം. ഒരു അനുജത്തിയുണ്ട്.പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ രാജേന്ദ്രൻ- ഷീജ ദമ്പതികളുടെ മകളാണ് 21 കാരിയായ ശ്രുതി. അച്ഛൻ രാജേന്ദ്രൻ ഇലക്ട്രീഷ്യനാണ്. സഹോദരൻ ശ്രീരാജ് ഗൾഫിലാണ്.

പെണ്ണ് കാണാനെത്തിയ വേളയിൽത്തന്നെ പൊന്നും വസ്തുവകളൊന്നും വേണ്ടെന്ന് ശ്രുതിയുടെ അച്ഛനമ്മമാരെ സതീഷ് അറിയിച്ചിരുന്നു. എങ്കിലും കല്യാണപ്പന്തലിൽ വധു സ്വർണമണിഞ്ഞെത്തുമെന്ന് ഉറപ്പായിരുന്നു.അതുകൊണ്ട് സതീഷ് എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനു കീഴിലെ 178-ാം നമ്പർ ശാഖാ സെക്രട്ടറി ബിജു പള്ളിക്കലിനോട് ആരണങ്ങൾ തിരിച്ചു നൽകുമെന്ന് പറഞ്ഞിരുന്നു. ശ്രുതിയുടെ വീട് ഉൾപ്പെടുന്ന പന്തളം യൂണിയനിലെ 5929-ാം നമ്പർ ശാഖാസെക്രട്ടറിയെ ബിജു വിവരമറിയിച്ചു. ഇരു യൂണിയനുകളും സതീഷിന്റെ തീരുമാനത്തെ അനുകൂലിച്ചു. എന്നാൽ, ഇക്കാര്യം വിവാഹസമയംവരെ വധുവിനെയോ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.