മുംബൈ: നടൻ വിദ്യുത് ജാംവാലും ഫാഷൻ ഡിസൈനറും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ നന്ദിത മഹ്താനിയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഈ മാസം ഒന്നാം തിയതി വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഇവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

ഈ മാസം ആദ്യം താജ്മഹലിന്റെ പശ്ചാത്തലത്തിലുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹവാർത്തയും പരന്നത്. ഒടുവിൽ വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഇരുവരും രംഗത്തെത്തുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ് ലി ഉൾപ്പെടെ നിരവധി പ്രമുഖരുടെ പേഴ്‌സണൽ സ്‌റ്റൈലിസ്റ്റ് ആണ് നന്ദിത.2011ൽ തെലുങ്ക് ചിത്രം 'ശക്തി'യിലൂടെയാണ് വിദ്യുത്തിന്റെ സിനിമാ അരങ്ങേറ്റം. ഇതേ വർഷം പുറത്തിറങ്ങിയ ജോൺ എബ്രഹാം നായകനായ 'ഫോഴ്‌സി'ലൂടെ നടൻ ബോളിവുഡിലേക്കുമെത്തി. 2013ൽ എത്തിയ കമാൻഡോയാണ് നായകനായ ആദ്യ ചിത്രം.

നന്ദിതയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂർ ആണ് അവരുടെ ആദ്യ ഭർത്താവ്. നന്ദിതയുമായി വേർപിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്.