മലപ്പുറം: വിവാഹശേഷം കാമുകനോടൊപ്പം ഇറങ്ങിപ്പോയി പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കളും കൈവെടിഞ്ഞു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പൊലീസ് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്കു കൈമാറിയതിനെ തുടർന്നായിരുന്നു കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് പെൺകുട്ടിയെ പ്രവേശിപ്പിച്ചത്.

എന്നാൽ ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും പെൺകുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരോ കുടുംബങ്ങളോ ഇതുവരെയും എത്തിയില്ല. ഇത്തരത്തിൽ സി.ഡബ്ലു.സി ഹോമുകളിൽ കഴിയുന്ന കുട്ടികളെ തിരികെ ലഭിക്കാൻ രക്ഷിതാക്കൾ പ്രത്യേക അപേക്ഷ സമർപ്പിക്കുകയാണ് പതിവ്. തുടർന്ന് ഉദ്യോഗസ്ഥർ പ്രശ്‌നം വിലയിരുത്തി അവരോടൊപ്പം അയയ്ക്കും. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസങ്ങൾ പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാൻ കുടുംബങ്ങൾ എത്തുകയോ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ചെയ്ത തെറ്റിന്റെ ഗൗരവം പൂർണമായും മനസിലാക്കാനുള്ള പ്രായവും പക്വതയുമില്ലാത്ത പെൺകുട്ടി ഇപ്പോൾ അനാഥത്വത്തിന്റെ വേദനയിലാണ്.

സംഭവമറിഞ്ഞ് ഗൾഫിൽനിന്നും നാട്ടിലെത്തിയ ഭർത്താവ് എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. എന്നാൽ ഭാര്യയെ തിരികെ വിളിക്കെണ്ടന്നായിരുന്നു ഭർതൃവീട്ടുകാരുടെയും നിലപാട്. പ്രവാസജീവിതത്തിന്റെ നെരിപ്പോടുകളിൽ നെയ്ത സ്വപ്നങ്ങൾ തകർന്നടിഞ്ഞായിരുന്നു ആ പ്രവാസി നാട്ടിലെത്തിയത്. മണലാരണ്യത്തിലെ യാതനകൾ അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ട ഓരോ പ്രവാസിയുടെയും നെഞ്ചിലേക്ക് തീക്കാറ്റിന്റെ പ്രഹരമാണ് ഇത്തരത്തിലുള്ള ഓരോ സംഭവവും ഉണ്ടാക്കുന്നത്. നാട്ടിലേക്ക് തിരിക്കാനുള്ള തിയതിയിലേക്ക് കണ്ണുനട്ട് കലണ്ടറിലെ ഓരോ അക്കവും തള്ളിനീക്കുകയായിരുന്നു കൊണ്ടോട്ടിക്കാരനായ ഈ പ്രവാസിയും. തിരിച്ചു നാട്ടിലേക്ക് പറക്കാനുള്ള ദിവസം ഏകദേശം അടുത്തെത്തിയിരുന്നു. എന്നാൽ അതിനു മുമ്പേ ഹതാശനായി നാട്ടിലേക്ക് തിരിക്കാൻ വിധിക്കപ്പെട്ടവനായി.

രണ്ടുവർഷം മുമ്പായിരുന്നു മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിയുമായി കൊണ്ടോട്ടി സ്വദേശിയായ പ്രവാസിയുടെ വിവാഹം നടക്കുന്നത്. മുസ്ലിം വിവാഹ നിയമപ്രകാരം പള്ളിയിൽവച്ചായിരുന്നു നിക്കാഹ്. തുടർന്ന് ആറുമാസത്തോളം ഭാര്യയുമായി ജീവിച്ച ശേഷം ഭർത്താവ് വിദേശത്തേക്ക് തിരിക്കുകയായിരുന്നു. ഇതിനിടയിൽ വിലപിടിപ്പുള്ള മൊബൈൽ ഫോണും സമ്മാനിച്ചായിരുന്നു ഭർത്താവിന്റെ ഗൾഫ്‌യാത്ര. എന്നാൽ പെൺകുട്ടിയുടെ മുൻ പരിചയക്കാരനായ മക്കരപ്പറമ്പ് സ്വദേശിയായ യുവാവുമായുള്ള ബന്ധം ഇതിനിടയിൽ പുഷ്ടിപ്പെട്ടു. ഫേസ്‌ബുക്കിലൂടെയും അല്ലാതെയും ഇവർ നിരന്തരം സംവദിച്ചു. ബന്ധം പാരമ്യത്തിലെത്തിയ ഘട്ടത്തിൽ ദിവസങ്ങൾക്കു മുമ്പു വീട്ടുപടിക്കലിൽ ബൈക്കുമായെത്തിയ കാമുകനോടൊപ്പം ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.

കേരളത്തിനകത്തും പുറത്തും കാമുകനോടൊപ്പം ദിവസങ്ങൾ ചെലവിട്ടു. ഇതേസമയം, പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. കുറെ ദിവസങ്ങൾ കഴിഞ്ഞ് കാമുകൻ പെൺകുട്ടിയുടെ മലപ്പുറത്തെ സ്വവസതിക്കടുത്തു പെരുവഴിയിൽ ഉപേക്ഷിച്ച ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് മകൾ തിരിച്ചെത്തിയ വിവരം പൊലീസിൽ അറിയിച്ചതോടെ പൊലീസെത്തി പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കാമുകനോടൊപ്പം ഇറങ്ങി പുറപ്പെട്ടതും ഉപേക്ഷിച്ച വിവരവും പുറത്തറിയുന്നത്. തുടർന്ന് പൊലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പതിനേഴുകാരിയായ പെൺകുട്ടിയെ കൈമാറുകയായിരുന്നു. ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിലിന്റെ നേതൃത്വത്തിൽ പെൺകുട്ടിയിൽനിന്നു വിവരം ശേഖരിക്കുകയും കോഴിക്കോട്ടെ ചൈൽഡ് ഹോമിലേക്ക് മാറ്റുകയും ചെയ്തു.

ഒളിവിൽ പോയ കാമുകനു വേണ്ടിയുള്ള പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ശൈശവവിവാഹത്തിന്റെ പേരിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നുള്ള ഭീതിയിലാണ് ഇരുവീട്ടുകാരും. ഇതിനാൽ തന്നെ കേസ് ഒതുക്കാനുള്ള ശ്രമവും സജീവമായിട്ടുണ്ട്.