- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിലധികം വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ട്; പെൺകുട്ടി പ്രായപൂർത്തി ആയാൽ ഉടൻ വിവാഹം കഴിക്കാമെന്നും പ്രതി; 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് കോടതിയും
മുംബൈ: ഇര പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാദത്തെ തുടർന്ന് പോക്സോ കേസ് പ്രതിക്ക് ജാമ്യം. മുംബൈയിലാണ് സംഭവം. വിവാഹിതനായ 25കാരനാണ് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. സംഭവം കേസായതോടെ തനിക്ക് ഒന്നിലധികം വിവാഹം കഴിക്കുന്നതിന് മതം അനുവദിക്കുന്നുണ്ടെന്നും പെൺകുട്ടി പ്രായപൂർത്തിയായാൽ ഉടൻ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്നും കോടതിയെ അറിയിച്ചത്. പെൺകുട്ടിയുടെ അമ്മയും ഇതിന് സമ്മതം അനുവദിച്ചതോടെ യുവാവിന് മുംബയ് പോക്സോ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രണ്ട് വർഷം കഴിഞ്ഞ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഭാര്യയാക്കാമെന്ന യുവാവിന്റെ വാദത്തെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ അമ്മയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് യുവാവിന് ജയിലിൽ നിന്നും പുറത്തിറങ്ങാനായത്. പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിലാണ് ഇരുപത്തിയഞ്ച്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ കോടതിയിൽ ആദ്യം സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ വീണ്ടും ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയും ഇതിനെ പിന്തുണച്ചിരുന്നു.
അതേ സമയം പൊലീസ് പ്രതിയുടെ ഈ ശ്രമത്തെ കോടതിയിൽ എതിർത്തു. യുവാവ് വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാൻ നിലവിൽ യുവാവിന്റെ ഭാര്യയായ യുവതിയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ പ്രതിയുടെ അഭിഭാഷകൻ ഈ വാദത്തെ എതിർക്കുകയും പ്രതിയുടെ സമുദായത്തിൽ ഒന്നിലധികം പേരെ വിവാഹം ചെയ്യാൻ അനുവദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായ വിവരം യുവാവിനെ അറിയിച്ചിരുന്നു. എന്നാൽ തന്റെ പേര് പറയരുതെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. മകളുടെ ശാരീരിക അസ്വസ്ഥതകൾ ശ്രദ്ധയിൽപെട്ടതോടെ അമ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ കുടുംബം പ്രതിക്കെതിരെ പരാതി നൽകുകയായിരുന്നു. ഒക്ടോബർ 23 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ