കൊച്ചി:പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കേസ് അന്വേഷണം ത്വരിതഗതിയിലാക്കാൻ കേരളാ പൊലീസും ശ്രമിക്കാറുണ്ട്. ഇങ്ങനെ സാങ്കേതിക വിദ്യയുടെ ഉപയോഗത്താൽ പ്രതികളെ കണ്ടെത്തിയ സംഭവങ്ങളും ഉദാഹരണത്തിനായി പൊലീസിന് മുന്നിൽ നിരവധിയുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചി ഇൻഫോപാർക്കിൽ ഇന്റർവ്യൂവിന് എത്തിയ വേളയിൽ കാണതായ യുവതിക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ സോഷ്യൽ മീഡിയയുടെ സഹായം തേടിയ പൊലീസലല്ല, മറിച്ച് ബന്ധുക്കളാണ്. തമിഴ്‌നാട്ടിലെ ഗൂഢല്ലൂർ സ്വദേശിനിയായ ജിസിൽ മാത്യു(23)നെയാണ് കൊച്ചി കാക്കനാട് ഇൻഫോ പാർക്കിൽ വച്ച് ഇക്കഴിഞ്ഞ അഞ്ചാം തീയതി കാണാതായത്.

മുമ്പ് ബാംഗ്ലൂരിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്ന ജിസിൽ പുതിയ ജോലി തേടിയാണ് കൊച്ചി കാക്കനാട് ഇൻഫോപാർക്കിൽ എത്തിയത്. എന്നാൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷം വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെയും ഇവരെ കാണാതായതോടെ ഭർത്താവ് ജോബിൻ ജോണി പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനൊപ്പം തന്നെയാണ് ജിസിലിന്റെ ബന്ധുക്കൾ ഫേസ്‌ബുക്കിനൈയും ഉപയോഗിച്ചത്. ജിസിലിനെ കാണാതായ വിവരം കാണിച്ച് അവരുടെ സഹോദരനാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

അടുത്തിടെ വിവാഹിതയായ ജിസിൽ ഭർത്താവിനൊപ്പം ജനുവരി 26നാണ് കൊച്ചിയിൽ താമസം ആരംഭിച്ചത്. വാഴക്കാലയിലെ വാടക ഫ്‌ലാറ്റിലായിരുന്നു താമസം. തുടർന്നാണ് ജോലി നേടാനായി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ അപേക്ഷ നൽകിയതും. തുടർന്ന് അഞ്ചാം തീയ്യതി അഭിമുഖത്തിനായി പോകുകയുമായിരുന്നു. രാവിലെ പത്ത് മണിയോടെ ഇൻഫോപാർക്കിൽ ജിസിലിനെ ഡ്രോപ് ഡ്രോപ്പ് ചെയ്തത് ഭർത്താവ് ജോബിൻ ജോണിയായിരുന്നു. പിന്നീട് 10.40തോടെ വിളിച്ചപ്പോൾ ഭാര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്. പിന്നീട് തുടർച്ചയായി ഫോണിൽ വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഭർത്താവ് പറയുന്നു.

തുടർന്ന് ജിസിലിന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർക്കും യാതൊരു വിവരവും ഇല്ലെന്ന് വ്യക്തമായി. മുൻപ് ജോലി ചെയ്ത സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും അവിടെ നിന്നും അനുകൂലമായ ഫലം ലഭിച്ചില്ലെന്നും ഭർത്താവ് തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഒന്നര മാസം മുമ്പ് വിവാഹിതരായ തങ്ങളുടെ ദാമ്പത്യത്തിൽ അതപ്തികളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭർത്താവ് ജോബിൻ പറയുന്നത്. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഭാര്യയെന്നും ജോബിൻ പറഞ്ഞു.

അതേസമയം ജോബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാണാതായ യുവതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇന്റർവ്യൂവിന് എത്തിയിരുന്നെങ്കിലും അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ജിസിൽ മടങ്ങിയെന്നാണ് വ്യക്തമായതെന്ന് തൃക്കാക്കര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതെന്നും ഫോൺ ട്രേസ് ചെയ്യാൻ ശ്രമം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇൻഫോപാർക്കിലെ സിസി ടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ജിസിൽ ഏറെക്കാലം താമസിച്ചത് ബാംഗ്ലൂരിലായതിനാൽ അവിടേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

ജിസിലിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാം എന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോയി എന്ന നിഗമനത്തിലേക്ക് പൊലീസ് പൂർണ്ണമായും എത്തിച്ചേർന്നിട്ടില്ല. ഇതിനിടെയാണ് യുവതിയുടെ ബന്ധുക്കളും ഫേസ്‌ബുക്കിൽ പോസ്റ്ററുകളിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ സംഭവം സത്യമാണോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഫോൺകോളുകളാണ് ഇവർക്ക് കൂടുതലായി ലഭിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ യുവതിയെ എവിടെയാണെന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭർത്താവും ബന്ധുക്കളും.