- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ; ഈസ്റ്റ് ഗോദാവരി സ്വദേശി ധർമ്മതേജയെ മടയിൽ പോയി പൊക്കി കേരളാ പൊലീസിന്റെ ഓപ്പറേഷൻ; ചെറുത്തു നിൽക്കാൻ ശ്രമിച്ച കഞ്ചാവു കച്ചവടക്കാരനെ പിടികൂടിയത് സാഹസികമായി
പെരുമ്പാവൂർ: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21) നെയാണ് ആന്ധ്രപ്രദേശിൽ നിന്നും പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കുന്നുവഴിയിലെ കുറിയർ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറിൽ 30 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയിൽ നിന്നും കഞ്ചാവ് നൽകിയത് ഇയാളാണ്.
ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. അതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലാക്കുന്നത്.
കൊറിയർ വഴി കഞ്ചാവ് അയച്ച കളരിക്കൽ ഗോകുലിനെ ധർമ്മതേജ വിശാഖപട്ടണത്തിലെ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗോകുൽ കഞ്ചാവ് കച്ചവടത്തിൽ ധർമ്മതേജയുടെ പങ്കാളിയായി.
നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ധർമതേജയുടെ പിതാവും, സഹോദരനും നിരവധി മോഷണ, കഞ്ചാവ് കേസുകളിലെ പ്രതികളാണ്. ആന്ധ്രയിലെ കാക്കിനടയെന്ന കടലോര പ്രദേശത്തു നിന്നാണ് ചെറുത്തു നിൽപ്പുകളെ അതിജീവിച്ച് നിരവധി കേസുകളിലെ പ്രതിയായ ഇയാളെ സാഹസികമായി പൊലീസ് പിടികൂടുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്‌പി. അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, സബ് ഇൻസ്‌പെക്ടർ റിൻസ് .എം തോമസ്, എഎസ്ഐ എൻ.കെ. ബിജു, എസ്.സി.പി.ഒ പി.എ അബ്ദുൽ മനാഫ് (കുന്നത്തുനാട്), എം.ബി.സുബൈർ, ജിഞ്ചു കെ. മത്തായി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ