ന്യൂഡൽഹി: വിസ്മയക്കാഴ്ചയുടെ വിരുന്നൊരുക്കി ആകാശത്ത് ചൊവ്വയും ശുക്രനും ചന്ദ്രനും 'ഒത്തുചേർന്നു'. തിങ്കളാഴ്ച സൂര്യൻ അസ്തമിച്ച് ഇരുൾ പരന്നതോടെയാണ് അപൂർവ്വ കാഴ്ചയിലേക്ക് ലോകം മിഴി തുറന്നത്.

ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേർന്നതിന് സമാനമായി ചൊവ്വയും ശുക്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ശാസ്ത്ര ലോകം. ഈ ഒത്തുചേലിന് മാറ്റ് കൂട്ടി ചന്ദ്രനും ഗ്രഹങ്ങളുടെ അതേ രേഖയിൽ അരികിൽ എത്തിയതോടെ ആകാശത്ത് നഗ്നനേത്രങ്ങൾക്ക് വിരുന്നായി മാറി. സൂര്യൻ അസ്തമിച്ചതോടെ നേത്രങ്ങൾ കൊണ്ട് നോക്കിയാൽ കാണാവുന്ന രീതിയിൽ ആകാശ വിസ്മയം ദൃശ്യമായി. പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

 

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ പ്രപഞ്ചവിസ്മയം ആകാശത്ത് ദൃശ്യമാകുമെന്നാണ് ബഹിരാകാശനിരീക്ഷകർ പറഞ്ഞത്. തിങ്കളാഴ്ച ദിവസം ചൊവ്വഗ്രഹത്തിൽ നിന്ന് നാലു ഡിഗ്രി അകലെയാണ് ശുക്രൻ. ചൊവ്വാഴ്ച ഇത് 0.5 ഡിഗ്രിയായി കുറയുമെന്നാണ് വിലയിരുത്തൽ. ഇവയ്ക്കൊപ്പം ചന്ദ്രൻ കൂടി ഒത്തുചേരുന്നത് ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും വ്യത്യസ്തമായാണ് ദൃശ്യമാകുന്നത്.

നഗ്ന നേത്രം കൊണ്ട് ഇത് കാണാൻ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് അറിയിച്ചിരുന്നു.

മൂന്ന് ഗ്രഹങ്ങൾ അടുത്തുവന്നത് കണ്ടപ്പോൾ ഇവ തമ്മിൽ വലിയ അന്തരം ഇല്ല എന്ന് തോന്നാം. യഥാർത്ഥത്തിൽ ലക്ഷകണക്കിന് കിലോമീറ്റർ അകലമാണ് ഗ്രഹങ്ങൾക്കിടയിലുള്ളത്. ജൂലൈ 13നാണ് ചൊവ്വയും ശുക്രനും അരികിലൂടെ കടന്നുപോകുക. തിങ്കഴാഴ്ച ചന്ദ്രനും ഇവയ്ക്ക് അരികിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനുകൂലമായ കാലാവസ്ഥയാണെങ്കിൽ രാജ്യത്ത് എവിടെ നിന്നും ഇത് കാണാൻ സാധിക്കുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് വ്യക്തമാക്കിയത്.