- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത് പരസ്യം; ഒടുവിൽ കാണാൻ കാത്തിരുന്നവർ വിഡ്ഢികളുമായി; എപ്പിസോഡിൽ ഒരു വാക്ക് പോലും സന്ദീപ് വാര്യരെ കുറിച്ചില്ല; മയാമി ചികിൽസയ്ക്കിടെയുള്ള മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവും ചർച്ചയാകുമ്പോൾ; മാതൃഭൂമി അവതാരകൻ മാർഷൽ സെബാസ്റ്റ്യന്റെ പ്രമോഷൻ പോസ്റ്റർ ചർച്ചയാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ആരേയും വലിച്ചു കീറി ഒട്ടിക്കുന്ന പരിപാടിയാണ് മാതൃഭൂമി ചാനലിലെ ധിം തരികിട തോം. ജോർജ് പുളിക്കനായിരുന്നു തുടക്കത്തിൽ പരിപാടിയുടെ അവതാരകൻ. റേറ്റിംഗിൽ അന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. മാതൃഭൂമിയോട് വിട പറഞ്ഞ് പുളിക്കൻ ഏഷ്യാനെറ്റിൽ ചിത്ര വിചിത്രം ഏറ്റെടുത്തപ്പോൾ ധിംതരികിട തോം മാർഷൽ സെബാസ്റ്റ്യന്റേതായി. ബംഗളൂരുവിലെ വീട്ടമ്മയുടെ ആത്മഹത്യാ വിവാദത്തിൽ കുറച്ചു ദിവസം മാറ്റി നിർത്തി. എന്നാൽ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടായില്ല. പിന്നീട് ധിംതരികിട തോമുമായി മാർഷൽ മുന്നേറി. പക്ഷേ റേറ്റിംഗിൽ ഒന്നും പ്രതിഫലിച്ചില്ല. അതുകൊണ്ട് തന്നെ പ്രൊമോഷൻ പരസ്യം പോലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയാണ് ധിംതരികിട തോം ഇപ്പോൾ മുമ്പോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ധിംതരികിട തോമിന്റെ പ്രെമോഷൻ ബാനർ കണ്ടവർ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. പ്രെമോഷനിൽ ഉള്ളത് പരിപാടിയിൽ ഇല്ല. അങ്ങനെ പ്രോഗ്രാം കണ്ടവരെല്ലാം ധിംതരികിട തോമായി......
സന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത പരസ്യം. ബിജെപി വക്താവായ സന്ദീപ് വാര്യരും പരിപാടി കാണാനായി കാത്തിരുന്നുവെന്നാണ് സൂചന. പല ചാനലുകളിലും രാത്രി ഒൻപത് മണിക്ക് ചർച്ചയുണ്ട്. എന്നാൽ തന്നെ മാർഷൽ വലിച്ചു കീറി ഒട്ടിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന സന്ദീപ് പോലും പരിപാടി തീർന്നപ്പോൾ മൂക്കിൽ വിരൽ വച്ചു. പരിപാടിയിൽ ഒരിടത്തും സന്ദീപ് വാര്യർ എന്നൊരു വാക്കു പോലുമില്ല. അതായത് പ്രമോഷൻ നടത്തിയ കാര്യം മാത്രം പരിപാടിയിൽ ഇല്ല. അങ്ങനെ കേരളാ ടെലിവിഷൻ ചരിത്രത്തിലെ തന്നെ അപൂർവ്വതയാകുകയാണ് മാർഷലിന്റെ ഇന്നലത്തെ ധിംതരികിട തോം. ഇന്ന് രാവിലെ ആറരയ്ക്ക് റിപ്പിറ്റും ഉണ്ടായിരുന്നു. അതിലും സന്ദീപ് വാര്യരെ കുറിച്ച് ഒരു വരി പോലുമില്ല. സന്ദീപിനെ രാഷ്ട്രീയ ശത്രുവായി കാണുന്നവർക്കും നിരാശയാണ് നൽകിയത്.
സന്ദീപിന്റെ സങ്കടങ്ങൾ! ഇതായിരുന്നു പ്രെമോ ബാനറിലെ വാചകം. എന്താണ് സങ്കടങ്ങൾ എന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ സമകാലിക വിഷയമായ മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം ചർച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. അതിൽ ബിജെപിയുടെ വാദങ്ങളെ മാർഷൽ തുറന്നു കാട്ടുമെന്ന് സൈബർ സഖാക്കളും പ്രതീക്ഷിച്ചു. എന്നാൽ അവസാന നിമിഷം അതിൽ നിന്ന് പിന്മാറി. ഇതിന് കാരണം സന്ദീപ് വാര്യർ ഒപ്പ് വിവാദവുമായി കോടതിയിൽ പോകുമെന്ന സൂചനകളാണെന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ പോയി തന്റെ വാദം സന്ദീപ് സമർത്ഥിച്ചാൽ അന്ന് ധിംതരികിട തോം പ്രതിസന്ധിയാലും. ട്രോളർമാരുടെ പൊങ്കാലയും കിട്ടും. മാനനഷ്ടക്കേസും വരും. ഒപ്പ് വിവാദത്തിൽ സന്ദീപ് വാര്യർ പറയുന്നതിലെ സത്യം മാർഷൽ തിരിച്ചറിഞ്ഞുവെന്നും പരിവാറുകാർ അഭിപ്രായപ്പെടുന്നു. അതിന്റെ പ്രതിഫലനമാണ് പരിപാടിയിലെ കളിയാക്കൽ ഒഴിവാക്കിയതെന്നാണ് സൂചന.
ഇന്നലത്തെ എല്ലാ മാതൃഭൂമി പത്രത്തിലും സന്ദീപിന്റെ സങ്കടങ്ങൾ എന്ന പരസ്യമെത്തി. അതുകൊണ്ട് തന്നെ എല്ലാവരും ടിവിക്ക് മുമ്പിലായിരുന്നു. പക്ഷേ ഈ പരസ്യം മാർഷലിന്റെ മോഹങ്ങൾ തകർത്തു. ഇതുകൊടുത്താൽ ഒപ്പ് വിവാദം വീണ്ടും കത്തും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു പോലും സമ്മർദ്ദം എത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനൊപ്പം സന്ദീപ് കേസ് കൊടുക്കുകയും ഒപ്പിൽ ഫോറൻസിക് പരിശോധന നടക്കുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയുമോ എന്ന ആശങ്കയും എത്തി. സന്ദീപ് വാര്യർ പുറത്തു വിട്ട ഫയലിലെ ഒപ്പം മായിമിയിൽ കിടന്ന് താനിട്ടതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തിൽ ഇപ്പോഴും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയും പരസ്യം നൽകിയ പരിപാടിയിൽ നിന്ന് സന്ദീപിന്റെ സങ്കടം ഒഴിവാക്കിയത്.
ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സത്യം പുറത്തു വരാൻ ഫോറൻസിക് പരിശോധന നടത്തട്ടേയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഡിജിറ്റൽ ഒപ്പ് വിവാദത്തിൽ മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വര്യർ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. ഫോറൻസിക് പരിശോധനയ്ക്ക് ഒരുക്കമാണോയന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
സന്ദീപ് വാര്യർ ഉന്നയിച്ച ഒപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്ത് വന്നിരുന്നു. സാധാരണഗതിയിൽ കാര്യങ്ങൾ അറിയാത്തതിനാലായിരിക്കാം അത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് അതിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാലായിരിക്കാം അത്തരം പരാതി ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. '' മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ പര്യടനത്തെ തുടർന്ന് ഫയലുകൾ കെട്ടിക്കിടന്നുവെന്ന കെ.സി. ജോസഫിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതം. ഈ ദിവസങ്ങളിൽ ഫയലുകൾ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനം നടക്കുന്നുണ്ട്. ഇത് കൃത്യമായി നടക്കുന്നുണ്ട്. ഇ ഫയലുകളിൽ മാത്രമല്ല ഫിസിക്കൽ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ട്. ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ചുകൊടുക്കുന്നത്. '
ഇത് നേരത്തെ മുതൽ സ്വീകരിക്കുന്ന നടപടി ക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പിട്ട ഫയലിന്റെ അവസാന ഭാഗവും മുഖ്യമന്ത്രി വായിച്ചു. '' എന്നാൽ അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയ ദുരിത സാഹചര്യം കണക്കിലെടുത്ത് കേരളത്തിന്റെ 62 ാം വാർഷിക ദിനമായ 2018 നവംബർ 1 ാം തിയതി വ്യാഴാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നാമമാത്ര ചടങ്ങായി നടത്താമോയെന്നതിലേക്കും അതിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമായി ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അംഗീകരാത്തിനായി അയക്കുകയാണ്. ' എന്നതായിരുന്നു ഫയലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഫയൽ ആറാം തിയതി എനിക്ക് കിട്ടി. ഒപ്പിട്ട് തിരിച്ചയച്ചു. ഇതാണ് സംഭവിച്ചത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെ രേഖയും കൈയിലുണ്ട്. ആറാം തിയതി എന്ന ദിവസം 39 ഫയലുകൾ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ എല്ലാ ദിവസവും ഇങ്ങനെ ഫയലുകൾ അയക്കുമായിരുന്നു. അവ നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ച് തിരിച്ച് അയക്കുകയും ചെയ്തിരുന്നു. അതിനാൽ ഒപ്പിൽ വ്യാജമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ശേഷവും വ്യാജ ഒപ്പിൽ സന്ദീപ് വാര്യരും ബിജെപിയും പിന്നോട്ട് പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് ധിംതരികിട തോമിന്റെ പരസ്യവും ശ്രദ്ധേയമായത്. ഇത് കാണാനിരുന്നവർ നിരാശരാകുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ