തിരുവല്ല: കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ വിശ്വാസ പാരമ്പര്യം മുറുകേ പിടിക്കുന്നതിൽ മുന്നിലാണ് മാർത്തോമ ക്രിസ്ത്യാനികൾ. അത്തരത്തിലുള്ള മാർത്തോമാ സഭയിലും പരിഷ്‌ക്കരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കാൻ സർക്കാർ അനുവാദം നൽകി കൊണ്ട് തീരുമാനം കൈക്കൊണ്ടു. മാർത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പൽ സിനഡാണ് ഇതു സംബന്ധിച്ച തീരുമാനം അംഗീകരിച്ചത്.

എന്നാൽ, ഇതിനായി മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വൈദികന്റെ അപേക്ഷ പ്രകാരം വൈദ്യുതി ശ്മശാനങ്ങളിലോ അല്ലാതെയോ മൃതദേഹം ദഹിപ്പിക്കുന്നതിന് മെത്രാപ്പൊലീത്തയ്‌ക്കോ ഭദ്രാസന എപ്പിസ്‌കോപ്പയ്‌ക്കോ അനുവാദം നൽകാവുന്നതാണ്. പള്ളിയിൽ വച്ച് സംസ്‌കാര ശുശ്രൂഷ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ അപ്രകാരം ചെയ്യുവാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളു.

മൃതദേഹം ദഹിപ്പിച്ച ശേഷം ഭൗതിക അവശിഷ്ടം (മോർട്ടൽസ്) കുടുംബ കല്ലറയിലോ, ഒറ്റക്കല്ലറയിലോ സംസ്‌കരിക്കേണ്ടതാണ്. വിദേശത്തു ദഹിപ്പിച്ച ശേഷവും ഇപ്രകാരം ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കുമെന്ന് സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കൽപനയിൽ വ്യക്തമാക്കുന്നു.

കുടുംബ കല്ലറകളിലും കുടുംബത്തിന്റെ അധീനതയിലുള്ള പഴയ ഒറ്റക്കല്ലറകൾ തുറന്ന് അതിലും വൈദികരെ അടക്കം ചെയ്യാം. ഇതിനും മെത്രാപ്പൊലീത്തയുടെയോ ഭദ്രാസന എപ്പിസ്‌കോപ്പയുടെയോ അനുവാദം വാങ്ങിയിരിക്കണം. സെമിത്തേരിയിൽ വൈദികർക്കായി കല്ലറ പണിയുന്നതിന് പ്രത്യേകം സ്ഥലം വേർതിരിച്ചിടാം.

പ്രത്യേക കല്ലറ പണിയാൻ സ്ഥലമില്ലാത്ത ഇടങ്ങളിൽ നിലവിലുള്ള പൊതുകല്ലറയിൽ ഒന്നോ അതിലധികമോ സെൽ വൈദികരെ അടക്കം ചെയ്യുന്നതിന് വേർതിരിച്ചിടാവുന്നതാണെന്ന് കൽപനയിൽ വ്യക്തമാക്കുന്നു. സഭയിലെ അൽമായരുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.