ഓക് ലൻഡ്: ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു. രക്താർബുദം ബാധിച്ച് നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരം ബന്ധുക്കളാണ് പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്. ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്‌സ്മാനുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ.

19ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു. മാർട്ടിൻ ക്രോയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വർഷം ന്യൂസിലൻഡ് ടീമിന്റെ ഭാഗമായിരുന്ന ക്രോ 1996ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

77 ടെസ്റ്റുകളിൽ നിന്ന് 5444 റൺസും 143 ഏകദിനത്തിൽ നിന്ന് 4704 റൺസും നേടിയിട്ടുണ്ട്. 17 ടെസ്റ്റ് സെഞ്ചുറികളും നാല് ഏകദിന സെഞ്ചുറികളും ക്രോ തന്റെ പേരിൽ കുറിച്ചു. 1991ൽ ശ്രീലങ്കക്കെതിരെ നേടിയ 299 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്‌കോർ.

2012 ൽ കാൻസർ കണ്ടെത്തിയെങ്കിലും രോഗത്തെ നേരിട്ട ക്രോയുടെ ധീരത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവശതയിലും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലോകകപ്പിലെ ന്യൂസിലൻഡിന്റെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൽസരം കാണാൻ ഈഡൻപാർക് സ്റ്റേഡിയത്തിൽ ക്രോ എത്തിയിരുന്നു.

ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്‌കാരമായ വിസ്ഡൻ അവാർഡ് നേടിയിട്ടുണ്ട്. മുൻ മിസ് യൂനിവേഴ്‌സ് ലോറൻ ഡൗൺസാണ് ഭാര്യ. മക്കൾ: എമ്മ, ഹിൽട്ടൻ, ജാസ്മിൻ.