- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്നെ കിട്ടില്ല; മകളെ സിനിമ നടിയാക്കില്ല; വിവാഹവള വിവാദവളയായി: കലാഭവൻ മണിക്ക് മറുനാടൻ മലയാളി വായനക്കാരോട് പറയാനുള്ളത്
ലണ്ടൻ: കലാഭവൻ മണി മലയാളികൾക്ക് മണിച്ചേട്ടനാണ്. സ്വന്തം പ്രയത്‌നം കൊണ്ടു മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മണി ഇപ്പോൾ യുകെയിലാണ്. മണിമുഴക്കം എന്ന സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് കലാഭവൻ മണി ഉൾപെടെയുള്ള കലാകാരന്മാരുടെ സംഘം യുകെയിലെത്തിയിരിക്കുന്നത്. ഏതാനും വർഷം മുൻപ് ജയറാം വന്നപ്പോഴും പിന്നീട് ദിലീപ് എത്തിയപ്പോഴും ഉ
ലണ്ടൻ: കലാഭവൻ മണി മലയാളികൾക്ക് മണിച്ചേട്ടനാണ്. സ്വന്തം പ്രയത്‌നം കൊണ്ടു മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മണി ഇപ്പോൾ യുകെയിലാണ്. മണിമുഴക്കം എന്ന സ്‌റ്റേജ് ഷോയ്ക്ക് വേണ്ടിയാണ് കലാഭവൻ മണി ഉൾപെടെയുള്ള കലാകാരന്മാരുടെ സംഘം യുകെയിലെത്തിയിരിക്കുന്നത്. ഏതാനും വർഷം മുൻപ് ജയറാം വന്നപ്പോഴും പിന്നീട് ദിലീപ് എത്തിയപ്പോഴും ഉണ്ടായിരുന്നതിനേക്കാൾ ആവേശമാണ് യുകെയിൽ മണിമുഴക്കത്തിനായുള്ള ടിക്കറ്റ് വിൽപ്പനയിൽ പ്രതിഫലിക്കുന്നത്.
മലയാളിക്ക് മൊത്തം ചേട്ടാ എന്ന് വിളിക്കാൻ ഒരേയൊരു നടനായി ഉള്ളതുകൊണ്ടാകാം അനവധി സ്റ്റേജ് ഷോകൾ കണ്ട യുകെ മലയാളികൾ ഈ ആവേശം കാട്ടുന്നത്. പത്തുവർഷത്തിന് ശേഷമാണ് യുകെയിൽ മണി ഒരു സ്റ്റേജ് ഷോയുമായി എത്തുന്നത്. റിഹേഴ്‌സലും ഇടയ്ക്ക് വിശ്രമവും ഒക്കെയായി ലണ്ടനിൽ കഴിയുന്ന കലാഭവൻ മണി ഇന്നലെ മറുനാടൻ മലയാളി പ്രതിനിധി കെ.ആർ ഷൈജുമോനുമായി സംസാരിക്കാനും സമയം കണ്ടെത്തി. അഭിമുഖം പോലും നർമ്മമാക്കി മാറ്റുന്ന മണി ഇതിനിടയിൽ പല കാര്യങ്ങളും സംസാരിച്ചു.
- 10 വർഷം കഴിഞ്ഞു മണിയും യുകെ മലയാളികളും തമ്മിൽ കൂടിക്കാണുന്ന മണിമുഴക്കം നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെയാണ്?
കലാഭവൻ മണി: തീർച്ചയായും ഏറെ സന്തോഷത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ആദ്യം കാണുന്നവരല്ല നമ്മൾ എന്നത് തന്നെ വലിയ കാര്യം. എന്റെ കൂടെയുള്ളവരും അങ്ങനെ തന്നെ. ഞാൻ തന്നെ സെലക്റ്റ് ചെയ്തവരാണ് കൂടെയുള്ളതും. നല്ല ചേർച്ച ഉള്ള ടീം ആണിത്. പാട്ടുകളിൽ പലതും ഞങ്ങൾ തന്നെ തയ്യാറാക്കിയതാണ്. ഓണം ഉണ്ട് കഴിഞ്ഞ യുകെ മലയാളികൾക്ക് മറ്റൊരു ഓണസദ്യ ആയിരിക്കും ഈ ഷോ എന്ന് മണി ഉറപ്പു നൽകുന്നു. തമാശകളും പാട്ടുകളും ചേർന്ന് മനോഹരങ്ങളായ സായാഹ്നങ്ങൾ ആയിരിക്കും ഇനി യുകെയിൽ മലയാളികളുടേത്.
- ഇടക്കാലത്ത് താങ്കളെ മിസ് ചെയ്തിരുന്നല്ലോ?
കലാഭവൻ മണി: അത് ഞാൻ തന്നെ ഉണ്ടാക്കിയ ടൈം ഗ്യാപ് ആണ് എന്നതാണ് കൂടുതൽ സത്യം. മണിക്കെന്നും വേദനിക്കുന്ന, കണ്ണ് കാണാത്ത, അംഗ വൈകല്യം ഉള്ള, മുടന്തനായ ടൈപ് വേഷങ്ങൾ കിട്ടി തുടങ്ങിയപ്പോൾ ഒരു മാറ്റം വേണമെന്ന് തോന്നി. പിന്നെ കുറെ നാൾ പൊലീസ് വേഷങ്ങളായി. ഇതിനിടയിൽ തമിഴും തെലുങ്കും ഒക്കെയായി. ജിത്തുവിന്റെ ദൃശ്യത്തിൽ ഷാജോൺ ചെയ്ത പൊലീസ് വേഷം എനിക്കുള്ളതായിരുന്നു. പക്ഷെ തമിഴ് സിനിമയുടെ തിരക്കിൽ ദൃശ്യം ചെയ്യാനായില്ല. എങ്കിലും തമിഴിൽ ദൃശ്യം ചെയ്തപ്പോൾ മഹാനായ കമൽഹാസന്റെ കൂടെ തന്നെ അതേ വേഷം ചെയ്യാനായി. അതുകൊണ്ടിപ്പോൾ തമിഴ് നാട്ടിൽ പോകാൻ വയ്യാതായി. ഇത്രയും ക്രൂരനായ ഒരു പൊലീസുകാരനെ സഹിക്കാൻ തമിഴ്‌നാട്ടുകാർ തയ്യാറല്ല, അത് തന്നെ കാരണം. ഇപ്പോൾ ഇവിടെയും പ്രദർശിപ്പിക്കുന്ന ലൈഫ് ഓഫ് ജോസൂട്ടിയിലും ജിത്തുവിന്റെ ക്ഷണം ഉണ്ടായതാണ്, ചെയ്യാൻ പറ്റിയില്ല.
- വിവാദങ്ങൾ ബാധിച്ചു എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ, പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ സംഭവങ്ങൾ?
കലാഭവൻ മണി: നോക്കൂ പലവട്ടം ഇതിനു ഉത്തരം പറഞ്ഞു കഴിഞ്ഞതാണ്. എന്റെ നാട്ടുകാരിൽ പലരും അസൂയ ഉള്ളവർ ഉണ്ടാകാം. പക്ഷെ മിക്കവരും നല്ലവരാ. ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാലും നമുക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കഴിയും. എന്നെ കുറിച്ച് എല്ലാവർക്കും അറിയാമല്ലോ. പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞു വളർന്നവൻ, ഓട്ടോറിക്ഷ ഓടിച്ചു കുടുംബം നോക്കിയവൻ. അപ്പോൾ ഇങ്ങനെ ഒരാൾ നാലാൾ അറിയുന്നവൻ ആകുന്നതിലെ വിഷമം ചെറുതാണോ? ഇത് ഞാൻ എവിടെയും പറയും.
- എങ്കിലും മുൻ കോപം ആണോ കാരണം, പ്രത്യേകിച്ചും നാട്ടിൻ പുറത്തു വളർന്ന ആളെന്ന നിലയിൽ?നെടുംമ്പാശ്ശേരിയിൽ അതല്ലേ സംഭവിച്ചത്?
കലാഭവൻ മണി: ഒരിക്കലുമല്ല. ഞാൻ കോപിഷ്ടൻ ആണെന്ന് ആരും പറയില്ല. നോക്കൂ ഇപ്പോഴും എന്റെ കയ്യിൽ ആ വളയുണ്ട്. അതെന്റെ വിവാഹ വളയാണ്. അതാണ് വിവാദ വളയായത്. (മണിയുടെ സ്വത സിദ്ധമായ ചിരി) ആ സംഭവത്തിന് മുൻപും പിൻപും എത്രയോ യാത്രകൾ ഞാൻ നടത്തിയിരിക്കുന്നു. ഇതാ ഇപ്പോൾ ലണ്ടൻ വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ പരിശോധനയും കഴിഞ്ഞല്ലേ നമ്മൾ സംസാരിക്കുന്നത്. സ്വർണ്ണ വള ഇടാൻ പാടില്ല എന്നില്ലല്ലോ. മാത്രമല്ല അവിടെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതല്ലേ. പക്ഷെ ചില കാര്യങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. നിങ്ങളെ പോലെ പറയുന്നത് മാത്രം എഴുതുന്നവർ അല്ല പത്രക്കാർ. അതെനിക്ക് അന്ന് മനസ്സിലായി. പക്ഷെ ഞാൻ ആരെയും വിമർശിചില്ലല്ലോ, ആരെയും കുറ്റപ്പെടുത്തിയുമില്ല. എന്തുകൊണ്ടാണ് നല്ല കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്?
എന്നെ വലുതാക്കിയതിൽ പ്രവാസികൾക്ക് വലിയ റോൾ ഉണ്ട്. മറ്റുള്ളവരുടെ വിഷമങ്ങളും നന്മകളും തിരിച്ചറിയുന്നവരാണ് പ്രവാസികൾ. ഇപ്പോൾ ഇവിടെ വന്നതിൽ നിന്നും എന്തെങ്കിലും മിച്ചം കിട്ടിയാൽ അതും ഏതെങ്കിലും പാവങ്ങൾക്കായി നൽകാൻ ഞാൻ തയ്യാറാണ്. പണം ഉണ്ടാക്കാൻ അല്ല ഇവിടെ വരുന്നത്. ഇടയ്‌ക്കൊരു ബ്രേക്ക്. പിന്നെ എന്നും ഇഷ്ടമായ സ്റ്റേജിൽ ആളുകളുമായി നേരിട്ട് ഇടപെടാൻ ഒരവസരം. സ്‌റ്റേജ് ഷോകളുമായി ജീവിക്കുന്ന ഒരുപാടു പേരുണ്ട്, അവർക്കൊരു കൈത്തങ്ങ്. അത്രയൊക്കെയേ ഉള്ളൂ.
- ഇടയ്ക്ക് മണിയെ അഭിനയിപ്പിക്കുന്നതിൽ നിന്നും വിലക്കി എന്നൊക്കെ കേട്ടിരുന്നല്ലോ?
കലാഭവൻ മണി: എനിക്കറിയില്ലട്ടോ. എന്നെ ആരും വിലക്കിയിട്ടില്ല. ഇപ്പോഴും രണ്ടു മൂന്നു പടങ്ങളുടെ വർക്കിൽ നിന്നും സമയം എടുത്താണ് ഇങ്ങോട്ട് പോന്നത്. തിരിച്ചു ചെന്ന ഉടനെ വേറെയും ഉണ്ട് ചില സിനിമകൾ.
- മണിക്ക് കിട്ടുന്നത് ഒരു പ്രത്യേക തരം സ്‌നേഹം ആണല്ലോ?
കലാഭവൻ മണി: അതാണ് രസം. എന്നെ 65 വയസ്സ് കഴിഞ്ഞവർ പോലും മണിച്ചേട്ടാ എന്നാ വിളികുക. എനിക്കും ഇഷ്ടാട്ടോ ആ വിളി. സത്യത്തിൽ ഈ സ്‌നേഹമാണ് എന്നെ ഫീൽഡിൽ പിടിച്ചു നിർത്തുന്നത്.
- സിനിമകൾ ഇല്ലാതാകുന്ന കാലത്ത് മണി ബിസിനസ്സ് ചെയ്യുമോ?
കലാഭവൻ മണി: ഒരിക്കലുമില്ല. എനിക്ക് അറിയാത്ത പണിയാണ് അത്. ഞാൻ ചെയ്താൽ ശരിയാവൂല്ല. ഞാൻ ഒതുങ്ങി കൂടി ജീവിക്കുന്ന കലാകാരനാണ്. ഒന്നും ഇല്ലെങ്കിൽ സ്റ്റേജിൽ പാട്ട് പാടിയും ജീവിക്കാമല്ലോ. പാട്ട് പാടാനല്ലേ ഞാൻ ഇപ്പോൾ വന്നത്. എന്റെ വീട്ടിൽ ഇപ്പോഴും നല്ല രണ്ടു ഓട്ടോറിക്ഷകൾ ഉണ്ട്. വീണ്ടും പഴയ ജോലി ചെയ്യാൻ മടിയൊന്നും ഇല്ല. അങ്ങനെ വരുന്ന ഒരു കാലം വരട്ടെ, അപ്പോൾ നോക്കാം.
- മണി ഇടതു പക്ഷ മനസുള്ള ആളാണല്ലോ, തിരഞ്ഞെടുപ്പ് കാലത്ത് നാട് വിട്ടപ്പോൾ പാർട്ടിക്കാർ ഒന്നും പറഞ്ഞില്ലേ?
കലാഭവൻ മണി: ഞാൻ തികഞ്ഞ ഇടതു പക്ഷക്കാരൻ തന്നെയാണ്. മുൻപ് പലവട്ടം തിരഞ്ഞെടുപ്പുകളിൽ സജീവം ആയിരുന്നു. ഇത്തവണ എന്നെ അറിയുന്ന പലരും പറഞ്ഞു വേണ്ടടാ എന്ന്. മുൻപ് പാർട്ടിക്കാരെ തന്നെ ''മണി'' അടയാളത്തിൽ നിർത്തി ജയിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോ ഇവിടെ നിന്നും ചെല്ലുമ്പോഴേയ്ക്കും ചിലപ്പോ വോട്ടോക്കെ കഴിഞ്ഞിരിക്കും.
- തിരഞ്ഞെടുപ്പിൽ ഉള്ള നാട്ടുകാരോട് പറയാൻ എന്തുണ്ട്?
കലാഭവൻ മണി: (മണിയുടെ സ്വത സിദ്ധമായ ചിരിയാണ് ഉത്തരം)
- തിരഞ്ഞെടുപ്പിൽ നിൽക്കാൻ പാർട്ടി പറഞ്ഞിട്ടില്ലേ, ചാലക്കുടിയിൽ ഇന്നസെന്റ് വന്നപ്പോഴും ചോദിച്ചില്ലേ?
കലാഭവൻ മണി: ബി.ഡി ദേവസി നിയമ സഭയിൽ വന്നപ്പോൾ പാർട്ടി എന്നോട് ചോദിച്ചതാണ്. ഞാൻ നിരസിച്ചു. എന്റെ അഭിപ്രായത്തിൽ സെലിബ്രേറ്റികൾ മത്സരിക്കാൻ പാടില്ല, നമ്മളെ കോൺഗ്രസ്സുകാരും ഇടതുപക്ഷക്കാരും ബിജെപിക്കാരും എല്ലാം സ്‌നേഹിക്കുന്നുണ്ട്. മത്സരിച്ചാൽ പിന്നെ നമ്മൾ ഒരു വിഭാഗത്തിന്റെ മാത്രം ആളായി. അത് വേണ്ട. എന്ത് വന്നാലും ഞാൻ മത്സരിക്കില്ല. പിന്നെ നമുക്ക് നാട്ടു സേവനം ചെയ്യാൻ രാഷ്ട്രീയം വേണം എന്ന് നിർബന്ധം ഒന്നും വേണ്ട. ഞങ്ങളുടെ വീടിനു പരിസരം ഉള്ള വഴിയൊക്കെ പുല്ലു വെട്ടിക്കുന്നത് ഞാന്നാണ്. അതിനു പണിക്കാരും ഉണ്ട്. ഇതൊന്നും കയ്യടി കിട്ടാൻ ചെയ്യുന്ന കാര്യങ്ങളും അല്ല.
- മകൾ ശ്രീലക്ഷ്മി എന്ത് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ടോ?
കലാഭവൻ മണി: മകൾ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. അഭിനയിക്കാൻ വിടുന്നില്ല.
- അതെന്താ, സിനിമ ഇപ്പോൾ വളരെ പ്രൊഫഷണൽ അല്ലേ?
കലാഭവൻ മണി: ഒരു സംശയവും ഇല്ല, സിനിമ വളരെ പ്രൊഫഷണൽ തന്നെയാണ്. പണ്ടത്തെ നിലയിൽ നിന്നും കാര്യങ്ങൾ എത്രയോ മാറി. എന്നാലും ഒരു വീട്ടിൽ നിന്ന് ഒരാൾ മതി. എന്റെ വീട്ടിൽ നിന്ന് ഒരു നടൻ ഉണ്ട് അതുമതി, നടി വേണ്ട.
- പള്ളിപ്പെരുന്നാൾ പോലും നടത്തിയ ആളാണ് താങ്കൾ. കാലം പുരോഗമിച്ചു എല്ലാവർക്കും നല്ല വിദ്യാഭ്യാസം കിട്ടിയിട്ടും സോഷ്യൽ മീഡിയ വഴിയും മറ്റും മതത്തിന്റെ പേരിൽ ആളുകൾ തമ്മിലടി നടത്തുന്നത് കാണുമ്പോൾ എന്ത് തോന്നുന്നു?
കലാഭവൻ മണി: വളരെ വിഷമം ഉണ്ട്. നമുക്കാർക്കും സെമിത്തേരിയിൽ പോകാൻ ഇഷ്ടം ഇല്ല. അവിടെ ഉള്ളവർക്ക് പുറത്തു വരാനും കഴിയില്ല. അപ്പോളും സെമിത്തേരിക്കു മതിലുണ്ട്. എന്റെ അഭിപ്രായത്തിൽ അത് വേണ്ട. നമ്മുടെ മനസ്സുകളും അങ്ങനെ ആകണം. പെരുന്നാളും ഉത്സവവും ഒക്കെ നടത്തിയവനാ ഞാൻ. നമ്മുടെ രണ്ടു പേരുടെയും കൈ മുറിഞ്ഞാലും ചോരയാണ് വരിക. അതിൽ എയും ബിയും ഒയും ഒക്കെ ഗ്രൂപ്പുകളുണ്ട്. വൈദ്യുതി പോലെയാണ് ഈ മതങ്ങളും. പോസിറ്റീവും നെഗറ്റീവും ന്യൂട്രലും ഒക്കെ അതിലും ഉണ്ട്. കൃത്യമായി കണക്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ അപകടമാണ്. ന്യൂജനറേഷൻ തലമുറ ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല, ഇതൊക്കെ മനസ്സിലാക്കി വേണം നമ്മൾ ജീവിക്കാൻ.
ഷോ തീരുന്നത് വരെ കൂടെ വേണം എന്നഭ്യർത്ഥിച്ചാണ് മണി അഭിമുഖം അവസാനിപ്പിച്ചത്. കൂടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കേണ്ടി വന്നതിൽ ക്ഷമാപണം നടത്താനും തയ്യാറായി. മണി അന്നും ഇന്നും എന്നും ഒരേ പോലെയാണ്.