- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയവാഡയിൽ നിന്നും മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് കഞ്ചാവ് കൃഷി; കഞ്ചാവ് വാങ്ങാൻ എന്ന പേരിൽ എത്തിയത് എറണാകുളം റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം; വിലപറഞ്ഞ് സാമ്പിളുമായി എത്തിയപ്പോൾ സാഹസികമായി പടികൂടി;അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനെ ആന്ധ്രയിലെത്തി പൊക്കി കേരള പൊലീസ്
ആലുവ: കേരളത്തിലേക്കുള്ള കഞ്ചാവ് ഒഴുക്കിന്റെ അടിവേരറുക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കയാണ് കേരളാ പൊലീസ്. അടുത്തിടെ പെരുമ്പാവൂരിലേക്ക് ഒഴുകി എത്തിയ കഞ്ചാവ് നിരവധി തവണ പിടികൂടിയ പൊലീസ് കൂടാതെ ഈ മാഫിയ സംഘത്തിനെതിരായി പോരാട്ടം ഊർജ്ജിതമാക്കിയിരിക്കയാണ്. അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനായ ആന്ധ്ര സ്വദേശി എറണാകുളം റൂറൽ പൊലീസ് പൊക്കിയത് അവരുടെ മടയിൽ പോയാണ്. ആന്ധ്രപ്രദേശ് മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ പല്ലശ്രീനിവാസ റാവു (26)വിനെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വിജയവാഡയിൽ നിന്നും മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പൊലീസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
മകവാരപാളയത്തിൽ ടാക്സി ഓടിക്കുന്ന ഇയാൾ ആദിവാസി മേഖലയുമായി അടുത്തബന്ധമുള്ളയാളാണ്. മലയാളികൾ കഞ്ചാവിനായി എത്തുമ്പോൾ വന്ന് ബന്ധപ്പെടുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു വന്ന ഇയാളെ കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ് ശ്രീനിവാസ റാവുവിനെ പൊലീസ് സംഘം സമീപിക്കുകയായിരുന്നു.
വിലപറഞ്ഞ് സാമ്പിളുമായി എത്തിയപ്പോളാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. നക്സൽ സ്വാധീനമുള്ള പ്രദേശത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുക ശ്രമകരമായ കാര്യമായിരുന്നു. സാമ്പിൾ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് പോവുകയാണ് ഇയാൾ ചെയ്യുന്നത്. മണിക്കൂറുകൾക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ ആയിരകണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് പിടികൂടിയ സംഭവത്തിൽ ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടുതൽ കഞ്ചാവ് ശേഖരങ്ങൾ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചുള്ള വ്യക്തമായ വിവരവും അന്വേഷണത്തിൽ ലഭിച്ചിരുന്നു.
ഉത്തര ആന്ധ്രയുടെ അതിർത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ ഉറവിടം. തദ്ദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നതിനാൽ ഇവരെ പിടികൂടുക വളരെ ദുഷ്കരമാണ്. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഇയാളെ പിടികൂടാൻ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശൃംഖലയെ തകർക്കാൻ കഴിയുമെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അന്വേഷണസംഘത്തലവൻ കെ.കാർത്തിക് പറഞ്ഞു.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്പി കെ.അശ്വകുമാർ, സിഐ എം.സുരേന്ദ്രൻ, സബ് ഇൻസ്പെക്ടർ ടി.എം. സുഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, പി.എസ്. ജീമോൻ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ