മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ കഞ്ചാവ് പാക്കറ്റ് പൊതി ഒന്നിന് 500രൂപ മുതൽ വിൽപന നടത്തിയ കഞ്ചാവ് വിൽപനക്കാരും ഉപയോഗിച്ചവരുമടക്കം 14കാരൻ ഉൾപ്പെടെ 12 പേർ പരപ്പനങ്ങാടിയിൽ പൊലീസ് പിടിയിൽ. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രായപൂർത്തിയാകാത്ത ഒരു സ്‌കൂൾ വിദ്യാർത്ഥി ഉൾപ്പെടെ 12 പേർ പിടിയിലായത്. ഇതിൽ രണ്ടു പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്.

ജോഷി (48) ,പ്രിയദർശിനി ഹൗസ്, വള്ളിക്കുന്ന് നോർത്ത് , ഷെഫീഖ് (35), വടക്കിൽ ഹൗസ്, ഹരിജൻ കോളനി, ആനങ്ങാടി എന്നിവരെയാണ് ചഇ ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ 3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്‌കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ് ആണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. വള്ളിക്കുന്ന് റെയിൽവേ അണ്ടർ പാസിന് സമീപത്ത് നിന്നും, ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും ഉഷാ നേഴ്സറി, പരപ്പനങ്ങാടി പുത്തരിക്കൽ , മുനിസിപ്പൽ ഫിഷ്മാർക്കറ്റ്, അഞ്ചപ്പുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടി ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അരിയല്ലൂർ കരുമരക്കാട് സ്വദേശിയായ അമൽ ബാജി, കടലുണ്ടി നഗരം സ്വദേശികളായ അജീഷ്, ഹാഷിം അൻവർ ,ഷഹദ്, അരിയല്ലൂർ സ്വദേശിയായ നബീൽ ചുടലപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അലി , പരപ്പനങ്ങാടി സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഷാഹുൽ , വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ 14 വയസ് ഉള്ള സ്‌കൂൾ കുട്ടി എന്നിവരെയാണ് കഞ്ചാവ് ഉപയോഗത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കച്ചവടം ചെയ്ത കേസിൽ പ്രതികൾക്ക് 2 വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. കഞ്ചാവ് ഉപയോഗിച്ചാൽ നിലവിൽ ഒരു വർഷം തടവും പിഴയും ലഭിക്കുന്നതാണ്. പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, എസ് ഐ മാരായ പ്രദീപ് കുമാർ, ബാബുരാജ്, പരമേശ്വരൻ , പൊലീസുകാരായ പ്രീത, മഹേഷ്, പ്രബീഷ് ,സനൽ, ദിലീപ് താനൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , വിപിൻ, ജിനേഷ്, സബറുദീൻ, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.