- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ കടത്തിയ കഞ്ചാവ് മണത്തു കണ്ടുപിടിച്ചത് ജാക്ക് എന്ന പൊലീസ് നായ; കണ്ടെത്തിയത് 16 കിലോ കഞ്ചാവും; പ്രതി പാച്ചല്ലൂർ സ്വദേശി അഭിരാമിനെ 20 ന് ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് ട്രെയിനിൽ 16 കിലോ കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയത് പൊലീസ് നായ പിടികൂടിയ കേസിൽ പ്രതിയെ ഡിസംബർ 20 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയായ തലസ്ഥാന ജില്ലയിലെ കഞ്ചാവ് മൊത്ത വ്യാപാരി തിരുവല്ലം പാച്ചല്ലൂർ സ്വദേശി സി. അഭിരാമിനെ (22)യാണ് ഹാജരാക്കേണ്ടത്. പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്പി യോടാണ് ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടത്.
2020 ഫെബ്രുവരി 12 പുലർച്ചെയാണ് കേസിനാസ്പദമായ കുറ്റകൃത്യം ജാക്ക് കണ്ടു പിടിച്ചത്. ട്രെയിൻ മാർഗ്ഗം കടത്തിയ കഞ്ചാവും കടത്തിയ ആളെയും ജാക്ക് പിടികൂടുകയായിരുന്നു. ലാബ്രഡോർ ഇനത്തിൽ പെട്ട കേരള റെയിൽവേ പൊലീസ് നായ ജാക്ക് ആണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ എത്തിച്ചേർന്ന വിവേക് എക്സ്പ്രസിൽ കൊണ്ടു വന്ന തൊണ്ടിയായ കഞ്ചാവ് മണത്ത് കണ്ടു പിടിച്ച് തമ്പാനൂർ റെയിൽവേ പൊലീസിന് ചൂണ്ടിക്കൊടുത്തത്.
2020 ജനുവരി 26 നാണ് ലഹരി വസ്തുക്കൾ പിടികൂടുന്നതിൽ വിദഗ്ദനും മിടുക്കനുമായ ട്രെയിൻഡ് സ്നിഫർ ഡോഗ് ജാക്കിനെ ശ്വാന സേനയിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ തമ്പാനൂർ റെയിൽവേ പൊലീസിന് ലഭിച്ചത്. ഒരു മാസം തികയും മുമ്പേ ഫെബ്രുവരി 12 ആയപ്പോഴേ വെറും പുലിയല്ല ഒരു സിംഹമാണ് താൻ എന്ന് വൻ കഞ്ചാവ് വേട്ടയിലൂടെ ജാക്ക് തെളിയിക്കുകയായിരുന്നു.
വിശാഖപട്ടണത്തു നിന്നാണ് പ്രതി കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയത്. 3 പൊതികളിലായി രണ്ടു ബാഗുകളിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയിലെ രാജ മുണ്ടയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. അവിടെ കഞ്ചാവ് ഭദ്രമായി പൊതിഞ്ഞ് നൽകുന്ന സംവിധാനമുണ്ട്. പായ്ക്കിങ്ങിന് പൊതി ഒന്നിന് 2,000 രൂപ അധികമായി നൽകണം. 2 ഗ്രാം കഞ്ചാവ് പൊതിക്ക് 50 രൂപയാണ് ചില്ലറ വിൽപ്പന വില. പിടിച്ചെടുത്ത കഞ്ചാവിന് 4 ലക്ഷത്തിലധികം രൂപയുടെ വിപണി മൂല്യമുള്ളതാണ്.
മലയാളവും ഒറിയയും നന്നായി വഴങ്ങുന്ന പ്രതി മുമ്പും കഞ്ചാവ് കടത്തിയിട്ടുള്ളതായി പൊലീസ് റിപ്പോർട്ടുണ്ട്. നെടുമങ്ങാട് , വലിയതുറ , നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിലേക്കുള്ള വിതരണക്കാരെ കാത്ത് റെയിൽവേ വെയിറ്റിങ് റൂമിൽ നിൽക്കവേയാണ് ജാക്കിന്റെ പിടിയിലായത്. എറണാകുളത്തു നിന്ന് കയറിയ മുൻ എംപി. ഡോ. സെബാസ്റ്റ്യൻ പോളിനെ എ വൺ കോച്ചിൽ വച്ച് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എ വൺ കോച്ചിലായിരുന്നു പ്രതി യാത്ര ചെയ്തു വന്നത്. സെബാസ്റ്റ്യൻ പോൾ എറണാകുളത്തു നിന്ന് ഇതേ കോച്ചിൽ കയറി തനിക്കനുവദിച്ച സീറ്റിലിരുന്നു. കുറച്ച് കഴിഞ്ഞ് പോളിനെ പ്രതി യാതൊരു കാരണവുമില്ലാതെ ഭീഷണിപ്പെടുത്തിയിരുന്നു.