തിരുവനന്തപുരം : പൊലീസിനെ ഉപയോഗിച്ച് ഓൺലൈൻ മാധ്യമങ്ങളെ വരുതിയിലാക്കാമെന്നത് വെറും വ്യാമോഹമാണെന്ന് ഓൺ ലൈൻ മാധ്യമ മാനേജ്‌മെന്റുകളുടെ സംഘടനയായ ഓൺലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയാക്കെതിരെ കേസെടുത്ത അടൂർ പൊലീസിന്റെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

ഷാജൻ സ്‌കറിയാ പണം ചോദിച്ചു വിളിച്ചുവെന്നത് തെളിയിക്കുവാൻ പൊലീസ് തയ്യാറാകണം. കോൾ റെക്കോഡുകൾ പോലും ഹാജരാക്കാതെ ഒരു പരാതി കിട്ടിയപ്പോൾത്തന്നെ അമിതാവേശത്തോടെ കേസ് രജിസ്റ്റർ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ല. പരാതിയിൽ പറഞ്ഞിരിക്കുന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാകണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ നിയമപരമായി നീങ്ങുമെന്ന് ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

പൊലീസിന്റെ നടപടി അങ്ങേയറ്റം പക്ഷപാതപരമാണ്. ആരെങ്കിലും ഒരു പരാതി തന്നാൽ ഉടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറില്ല. പ്രാഥമികമായി ഒരു അന്വേഷണം നടത്തിയിട്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. കേസിനെ ഭയക്കുന്നവരല്ല ഓൺലൈൻ ചാനലുകൾ. നിയമപരമായി നേരിടുകതന്നെചെയ്യും. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയാക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ് ജനറൽ സെക്രട്ടറി രവീന്ദ്രൻ കവർ സ്റ്റോറി, ട്രഷറാർ തങ്കച്ചൻ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രൻ ട്രാവൻകൂർ എക്‌സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യൻ ഡെയിലി ഇന്ത്യൻ ഹെറാൾഡ്, സെക്രട്ടറി ചാൾസ് ചാമത്തിൽ സി മീഡിയ, ജോസ് എം.ജോർജ്ജ് കേരളാ ന്യൂസ് എന്നിവർ പറഞ്ഞു.

സത്യസന്ധമായ വാർത്ത ജനങ്ങളിലെത്തിക്കുന്നത് ഓൺ ലൈൻ മാധ്യമങ്ങളാണ്. ലോകമെങ്ങും നിമിഷനേരംകൊണ്ട് വാർത്തകൾ എത്തുകയും ചെയ്യും. തന്നെയുമല്ല ഒരിക്കൽ പ്രസിദ്ധീകരിച്ച വാർത്ത എന്നും സജീവമായി സെർവറുകളിൽ ഉണ്ടാകും. സത്യം വിളിച്ചുപറയുമ്പോൾ അതിനെതിരെ രോഷം കൊണ്ടിട്ടു കാര്യമില്ല. ഓൺലൈൻ മാധ്യമങ്ങൾ സജീവമായതോട് കൂടി പത്ര -ടി.വി ചാനലുകൾ ഇന്ന് വെന്റിലെറ്ററിലാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ ചാനലുകൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില മാധ്യമ കമ്പിനികളും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. ഭീഷണിയേയും കുതന്ത്രങ്ങളെയും തങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു.