- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളി കാർട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു; അവസാനിച്ചത് കാൻസറിന്റെ വേദന ഉള്ളിൽ ഒതുക്കി ചിരി പടർത്തി ജീവിച്ച അപൂർവ കലാകാരന്റെ ജീവിതം
പത്തനംതിട്ട: മറുനാടൻ മലയാളിയിൽ അടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിരുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയി കുളനട (65) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ടയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ കാർട്ടൂണിസ്റ്റായിരുന്നു ജോയി കുളനട. കേരള അനിമേഷൻ അക്കാദമ
പത്തനംതിട്ട: മറുനാടൻ മലയാളിയിൽ അടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിരുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയി കുളനട (65) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ടയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ കാർട്ടൂണിസ്റ്റായിരുന്നു ജോയി കുളനട.
കേരള അനിമേഷൻ അക്കാദമി ചെയർമാനായിരുന്നു. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തബിരുദം നേടിയ ജോയ് കുളനട വീക്ഷണം ദിനപത്രത്തിലൂടെയാണ് മാദ്ധ്യമരംഗത്തെത്തിയത്. പിന്നീട് കനറാ ബാങ്കിലും അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലും പ്രവർത്തിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ് കാർട്ടൂൺ അവാർഡ്, മനോരമ തലവര പ്രൈസ്, മലങ്കര സഭ ബെസ്റ്റ് കാർട്ടൂണിസ്റ്റ് അവാർഡ്, വൈഎംസിഎ അവാർഡ്, സംസ്‌കാര സാഹിത പുരസ്‌കാരം, ജേയ്‌സീസ്, ഹോളിസ്റ്റിക് ഫൗണ്ടേഷൻ അവാർഡ്, ജനയുഗം കാർട്ടൂൺ പ്രൈസ്, കെ എസ് പിള്ള അവാർഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മറുനാടൻ മലയാളിയിൽ സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നീണ്ടകാലമായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം കാൻസറിന്റെ പിടിയിൽ ഇരിക്കുമ്പോൾ തന്നെയാണ് മറുനാടൻ വേണ്ടി കാർട്ടൂണുകൾ വരച്ചത്.
ഓൺലൈൻ പത്രങ്ങളിൽ ഏറ്റവും ജനകീയമായ ജനകീയമായ കാർട്ടൂണുകൾ പിറന്നത് ജോയി കുളനടയുടെ വരകളിൽ നിന്നായിരുന്നു. മറുനാടൻ മലയാളിയിലെ കാർട്ടൂണുകൾ അതിപ്രശസ്തമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ കാർട്ടൂണുകൾക്ക് ഏറ്റവും അധികം സ്വീകാര്യത ലഭിച്ചതും മറുനാടനിലൂടെയായിരുന്നു. എട്ട് വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു ജോയി കുളനട. കാർട്ടൂണാണ് തന്റെ ജീവിതം എന്നതിനാൽ വരകളിലൂടെ മറികടന്ന് വേദന മറച്ചു അദ്ദേഹം. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം വീണ്ടും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ, വീണ്ടും രോഗം മൂർച്ഛിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.
മറുനാടൻ മലയാളിക്ക് വേണ്ടി മൂന്നു വർഷത്തിൽ അധികമായി ആഴ്‌ച്ചയിൽ മൂന്നും നാലും ദിവസം കാർട്ടൂൺ വരച്ചു കൊണ്ടിരുന്ന ജോയി ചേട്ടന്റെ മരണം മറുനാടൻ കുടുംബത്തിന് തീരാവേദനയും നഷ്ടവുമാണ് വരുത്തിയിരിക്കുന്നത്. മഹാനായ ഈ കലാകാരന്റെ മരണം സാംസ്കാരിക കേരളത്തിന് ഏൽപ്പിക്കുന്ന മുറിവുകളിൽ ഏറ്റവും കുടുതൽ വേദന പകരുന്നത് അദ്ദേഹം അവസാന നാളുകളിൽ ഏറ്റവും അധികം കാർട്ടൂണുകൾ വരച്ചിരുന്ന മറുനാടന് തന്നെ ആയിരിക്കും. ഈ മഹാനായ കാർട്ടൂണിസ്റ്റിന്റെ നിര്യാണത്തിൽ ഞങ്ങൾ ആത്മാർത്ഥമായി അനുശോചനം രേഖപ്പെടുത്തുന്നു. ജോയി കുളനടയുടെ കാർട്ടൂൺ ആസ്വദിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന കമന്റ് ബോക്‌സിലൂടെ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.