തിരുവനന്തപുരം: കൊച്ചിയുടെ ആദരണീയനായ മേയർ ടോണി ചമ്മിണി സാറിനെ മാനവും അന്തസ്സും അഭിമാനവും ഒക്കെ ഇല്ലാതാക്കിയ മറുനാടനിലെ ഭീകരനായ എഡിറ്ററെ അറസ്റ്റ് ചെയ്‌തെങ്കിലും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണോ എന്ന് പൊലീസ് ആലോചിച്ചുകൊണ്ടിരിക്കുന്ന മറുനാടൻ ലേഖകനേയും കമന്റ് എഴുതിയ ആളേയും കണ്ടെത്തിയ സന്തോഷ വാർത്ത ഞങ്ങൾ വിനയപൂർവ്വം അറിയിക്കട്ടെ. പൊലീസ് ഇന്നലെ നൽകിയ പത്രക്കുറിപ്പിലും ഇന്ന് മനോരമ അടക്കമുള്ള പത്രങ്ങളിൽ വന്ന വാർത്തയിലും പരാമർശിച്ചിരിക്കുന്ന ഒളിവിൽ കഴിയുന്നവരുടെ രഹസ്യ സങ്കേതമാണ് ഞങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത്. മറുനാടന്റെ കൊച്ചി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരൻ, മറുനാടൻ വാർത്തയെ കുറിച്ച് കമന്റ് ഇട്ട നിരക്ഷരൻ എന്നു വിളിക്കുന്ന മനോജ് രവീന്ദ്രൻ എന്നിവരെയാണ് ഇപ്പോൾ തെരഞ്ഞു കൊണ്ടിരിക്കുന്നതെന്നാണ് പൊലീസ് പത്രക്കുറിപ്പിനെ ആസ്പദമാക്കി ഇന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഈ ശ്രീജിത്ത് ശ്രീകുമാരൻ എല്ലാ ദിവസവും കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലൂടെ കറങ്ങി നടപ്പുണ്ട്. ഫോൺ നമ്പർ സംഘടിപ്പിച്ച് ഞങ്ങൾ പൊലീസിന് കൈമാറിക്കഴിഞ്ഞു. ഇനി അഥവാ പൊലീസ് ചെല്ലുമ്പോഴേക്കും ഭീകരനായ ശ്രീജിത്ത് മുങ്ങും എന്നുണ്ടെങ്കിൽ ഞങ്ങൾ തന്നെ പിടിച്ച് സ്റ്റേഷനിൽ എത്തിക്കുന്നതായിരിക്കും. എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി. മനോജിന്റെ ഫോണും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷനിൽ നിന്നും ഏതാനും വാര മാത്രം അകലെ കഴിയുന്ന മനോജ് തത്ക്കാലം കൊച്ചി വിടാതെ ഞങ്ങൾ നോക്കുന്നതാണ്. പൊലീസിന് മടിയാണെങ്കിൽ ബഹുമാനപ്പെട്ട ചമ്മിണി സാർ തന്നെ നേരിട്ട് പിടികിട്ടാപ്പുള്ളികളെ പിടികൂടണം എന്നാണ് അപേക്ഷ. രണ്ട് പേരുടേയും ഫോൺ നമ്പരും വിലാസവും ഞങ്ങൾ പൊലീസിൽ അയച്ചിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.

അല്ല അതുവേണ്ട- ശ്രീജിത്തിന്റേയും നിരക്ഷരന്റേയും നമ്പർ ഇവിടെ തന്നെ കൊടുക്കാം. രണ്ട് പേരും ഒളിവിലാണെന്ന് കരുതി വിഷമിക്കുന്നവർക്കൊക്കെ ഒരു ആശ്വാസമാകുമല്ലോ.

ശ്രീജിത്ത് -9946102671
നിരക്ഷരൻ - 9895938674

കേരളത്തിലെ പൊലീസും മാദ്ധ്യമങ്ങളും ചേർന്ന് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് കൊച്ചി മേയറുടെ പരാതിയെത്തുടർന്ന് നടന്ന വാർത്താ കോലാഹലങ്ങൾ. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ പേരിൽ മറുനാടൻ മലയാളിയുടെ ഓഫീസിൽ എത്തി പൊലീസ് മൊഴിയെടുത്തത് അതിശക്തമായ രാഷ്ട്രീയ സമ്മർദ്ദം മൂലമായിരുന്നു. അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് വകതിരിവുള്ളതിനാൽ മൊഴി രേഖപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു. എന്നാൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് രണ്ട് ദിവസത്തിന് ശേഷം അറസ്റ്റ് നടത്തിയെന്നും മറുനാടൻ ലേഖകൻ ശ്രീജിത്തിനേയും കമന്റിട്ട നിരക്ഷരനേയും തെരയുകയാണെന്നുമാണ് കൊച്ചി പൊലീസ് വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. ആദ്യം മേയറുടെ ഓഫീസ് പ്രസ് റിലീസ് ഇറക്കുകയും അതേ കാര്യങ്ങൾ തന്നെ പൊലീസിന്റെ ഭാഗമായി പിന്നാലെ വരികയുമായിരുന്നു. തുടർന്ന് മറുനാടൻ ഓഫീസിലേക്ക് നിലക്കാത്ത ഫോൺ വിളികൾ ആയിരുന്നു. കൊച്ചി ലേഖകൻ ശ്രീജിത്ത് പറഞ്ഞതുകൊണ്ട് കൂടിയാണ് നമ്പറുകൾ പ്രസിദ്ധീകരിക്കുന്നത്.

ശ്രീജിത്ത് ശ്രീകുമാരൻ ഒളിവിലാണോ?

തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരണമാണിത്. ശ്രീജിത്ത് കേസിലെ പ്രതിയാണെന്ന് പൊലീസ് ഇന്നേവരെ മറുനാടനോടോ ശ്രീജിത്തിനോടോ പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല ശ്രീജിത്തിനെതിരെ മേയർ പരാതിയും നൽകിയിട്ടില്ല. ശനിയാഴ്ച ഓഫീസിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസിനോട് വാർത്ത നൽകിയത് ശ്രീജിത്ത് ആണെന്നും എന്നാൽ വാർത്തയുടെ ഉത്തരവാദിത്തം തനിക്കാണെന്നും മറുനാടൻ എഡിറ്റർ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു പക്ഷേ, ശ്രീജിത്തിനെ പൊലീസ് പ്രതിയായി ഇന്നലെ ചേർത്ത് കാണും. എന്നാൽ ഒരു ഫോൺ കോൾ വഴിയോ നോട്ടീസ് വഴിയോ ശ്രീജിത്ത് പ്രതിയാണ് എന്നുപോലും ആരേയും അറിയിച്ചിട്ടില്ല. പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറയുന്ന സമയത്ത് ചെല്ലാൻ പൂർണ്ണമായും തയ്യാറായി തന്നെ ശ്രീജിത്ത് ഇരിക്കുന്നുണ്ട്. എന്നാൽ പത്രക്കുറിപ്പിന്റെ പേരിൽ മാത്രം അത് ചെയ്യണോ എന്നതാണ് ചോദ്യം. ഇനി മേയറെ തൃപ്തിപ്പെടുത്താൻ വേണ്ടി ഒരു അറസ്റ്റ് നടത്താൻ പൊലീസ് ഒരുക്കമാണോ എന്നറിയില്ല. എന്തായാലും ശ്രീജിത്ത് ഒളിവിൽ അല്ല, ഒളിവിൽ പോകത്തുമില്ല എന്നു വിനയപൂർവ്വം അറിയിക്കട്ടെ.

കമന്റ് ഇട്ട നിരക്ഷരൻ പിടികിട്ടാപ്പുള്ളിയാണോ?

റുനാടൻ മലയാളി വാർത്തയ്ക്ക് കമന്റ് ഇട്ടു എന്ന പേരിൽ പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി വാസ്തവത്തിൽ കൊച്ചിയിലെ പൊലീസ് സ്റ്റേഷൻ വളപ്പിനോടു ചേർന്ന്‌ താമസിക്കുന്ന പ്രതികരിക്കാൻ ശേഷിയുള്ള ഒരു സാധാരണ ചെറുപ്പക്കാരൻ ആണ്. പൊലീസ് എന്നുകേട്ടാൽ പേടിച്ച് വിറച്ച് ചെയ്തതെല്ലാം ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തിൽ അല്ല മനോജ് രവീന്ദ്രൻ എന്ന ഈ നിരക്ഷരൻ. നിരക്ഷരൻ എന്ന പേരിൽ ഇദ്ദേഹം മുമ്പോട്ട് കൊണ്ടുപോകുന്ന ബ്ലോഗിലെ ലേഖനങ്ങൾ വായിച്ചാൽ തന്നെ വ്യക്തമാണ് അങ്ങനെ ഭയക്കുന്ന ജന്മം അല്ല എന്ന്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് വരുത്തി മൊഴിയെടുത്ത ശേഷം എന്തുകൊണ്ട് ഒളിവിൽ എന്നു പറയുന്നു എന്ന സംശയം ഉന്നയിക്കുകയാണ് മനോജ്.

പൊലീസ് വിളിച്ചത് അനുസരിച്ച് ചെല്ലുകയും എന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതാണ്. മേയർക്ക് കസേരയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുൻപ് സ്വയം വെള്ളപൂശണം. അത്രേയല്ലേ ഉള്ളൂ. എനിക്ക് മേയറുമായി വ്യക്തിപരമായോ പാർട്ടിപരമായോ യാതൊരു വൈരാഗ്യവും അന്നുമില്ല ഇപ്പോഴുമില്ല. മാലിന്യസംസ്‌ക്കരണ വിഷയത്തിൽ നിരവധി ലേഖനങ്ങൾ ഈ ബ്ലോഗിലും ഫേസ്‌ബുക്കിലുമൊക്കെ കാലങ്ങളായി എഴുതി ഇടുന്നുണ്ട്. അതുകൊണ്ടാണ് മേയർ മാലിന്യസംസ്‌ക്കരണം പഠിക്കാനായി 12 വിദേശയാത്ര നടത്തി എന്ന് പത്രവാർത്തകൾ കണ്ടപ്പോൾ അതിനെ ആസ്പദമാക്കി കൊടുങ്ങല്ലൂർ വരെ പോയാലും മാലിന്യസംസ്‌ക്കരണം പഠിക്കാം എന്നൊരു നിർദ്ദേശം വച്ചത്. അതിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്ന തരത്തിലോ പാർലിമെന്ററി വിരുദ്ധമായോ ഒരുപദം പോലുമില്ല. ഈ വിവരം ഞാൻ പറഞ്ഞപ്പോൾ പൊലീസിന് ബോധ്യപ്പെട്ടതാണ് എന്നിട്ടും എന്തുകൊണ്ടാണ് പ്രസ് റിലീസിൽ ഇങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല' മനോജ് രവീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പൊലീസ് വിളിച്ചതുമായി ബന്ധപ്പെട്ട വിശദമായ പോസ്റ്റ് നിരക്ഷരൻ തന്നെ ബ്ലോഗിൽ നടത്തിയിട്ടുണ്ട്. അത് വായിച്ചാൽ വിശദമായി തന്നെ ഇതിലെ കള്ളത്തരം മനസ്സിലാകും. പൊലീസിന്റെ മേൽ അതീവസമ്മർദ്ദം നടത്തി കൊച്ചി മേയർ മുഖം മിനുക്കാൻ നോക്കുകയും അതിന് മാദ്ധ്യമങ്ങൾ ഓശാന പാടുകയും ചെയ്യുന്ന ഭീകരകാഴ്ചയാണ് ഇവിടെ കാണുന്നത്. മനോജിന്റെ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വിശദമായി ഇവിടെ കൊടുക്കുകയാണ്.

മേയർ വിഷയത്തിലെ പത്രവാർത്തകൾ വ്യാജം !!!

കൊച്ചി മേയർ ടോണി ചമ്മിണി മാലിന്യസംസ്‌ക്കരണത്തിനായി 12 വിദേശയാത്രകൾ നടത്തി എന്ന നിലയ്ക്ക് ദേശാഭിമാനി പത്രത്തിലും ഇവാർത്ത, മറുനാടൻ മലയാളി എന്നീ ഓൺലൈൻ പത്രങ്ങളിലും, റിപ്പോർട്ടർ ഓൺലൈനിലും വാർത്തകൾ വന്നിരുന്നു 2014 ജൂൺ മാസത്തിൽ.

റിപ്പോർട്ടർ ഓൺലൈനിൽ കവിത എന്ന പത്രപ്രവർത്തക എഴുതിയ വാർത്തയുടെ സ്‌ക്രീൻഷോട്ട് എടുത്ത് അതിനടിയിൽ എന്റെ ഒരു അഭിപ്രായവും രേഖപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോഴും ഫേസ്‌ബുക്കിൽ ഉണ്ട്. അത് താഴെ കാണുന്നത് പ്രകാരമാണ്. നേരിട്ട് കാണണമെങ്കിൽ അതിന്റെ ലിങ്ക് ഇതാണ്.

മാലിന്യസംസ്‌ക്കരണം പഠിക്കാൻ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്‌ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാൽ മതി.

അതിനാവശ്യമായേക്കാവുന്ന ചെലവ് കണക്ക് ഇപ്രകാരം.

കാറിന്റെ ഇന്ധനച്ചെലവ് : പരമാവധി 1000 രൂപ
പോക്കുവരവ് സമയം : ട്രാഫിക്ൾ ബ്ലോക്ക് അടക്കം 4 മണിക്കൂർ.
പഠനസമയം : മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാൻ ചെലവ് : 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചെലവിൽ വ്യത്യാസമൊന്നും ഇല്ല.


ഈ വാർത്തകൾ ഇട്ടവർക്കെതിരെയും ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെയും മേയർ അപകീർത്തിക്കേസ് കൊടുക്കുന്നു എന്ന് പിന്നീട് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ 2014 ഡിസംബർ 13 ന്, ഏകദേശം 11 മണിയോടെ, മാല്യങ്കര  SNM കോളേജിന്റെ അലൂമിനി മീറ്റിങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഒരു ഫോൺ വന്നു.

'മേയറെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ ഒരു കേസുണ്ട്. ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപ് സ്‌റ്റേഷൻ വരെ വന്ന് സ്‌റ്റേറ്റ്‌മെന്റ് തരണം.'

എന്നായിരുന്നു ഫോൺ ചെയ്ത ഉദ്യോഗസ്ഥൻ പറഞ്ഞത്. പത്രവാർത്ത മുൻപേ വായിച്ചിരുന്നതുകൊണ്ട് ഇത് കേട്ടപ്പോൾ ഞെട്ടിയില്ല.

'സാർ ഞാനിപ്പോൾ മാല്യങ്കരയിൽ ഒരു മീറ്റിങ്ങിന് പോകുകയാണ് 5 മണിക്ക് മുൻപ് തിരികെ വരാനൊക്കില്ല. തിങ്കളാഴ്‌ച്ചയോ ചൊവ്വാഴ്‌ച്ചയോ വന്നാൽ മതിയോ? '

' ശരി, തിങ്കളാഴ്‌ച്ച വിളിക്കൂ. വിളിച്ചിട്ടേ വരാവൂ. '

ഡിസംബർ 13 ശനിയാഴ്‌ച്ച 5 മണിക്ക് വരാൻ പറഞ്ഞത് ഒരു ചെറിയ ട്രാപ്പ് അല്ലേ എന്ന് സംശയം തോന്നാതിരുന്നില്ല. അടുത്ത ദിവസം ഞായറാണ്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഞായറാഴ്‌ച്ച കോടതിയില്ലാത്തതുകൊണ്ട് അന്ന് ജാമ്യമെടുക്കാനാവില്ല. ഒരു ദിവസം അകത്ത് കിടക്കേണ്ടി വരും. (രഞ്ജി പണിക്കർ സിനിമകൾക്ക് നന്ദി.)

ഡിസംബർ 16ന് ഉച്ചയ്ക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വിളിച്ചൂ.

'സാർ ഞാനിപ്പോൾ സ്ഥലത്തുണ്ട്. സ്‌റ്റേഷനിലേക്ക് വരട്ടേ?'
'സിഐ സ്‌റ്റേഷനിൽ ഇല്ല, പക്ഷെ ഉടനെ വരും, വരുമ്പോൾ തിരികെ വിളിക്കാം. അപ്പോൾ വരാമോ? '
' ശരി സാർ, വിളിച്ചാൽ മതി. അഞ്ചുമിനിറ്റുകൊണ്ട് ഞാനെത്തിക്കോളാം.'

പത്തുമിനിറ്റിനകം പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ വന്നു.

'സിഐസ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. ഉടനെ വരാമോ ?'
' വരാം സാർ.'

5 മണിയോടെ ഞാൻ സെൻട്രൽ സ്‌റ്റേഷനിലെത്തി ഫോൺ ചെയ്ത ഉദ്യോഗസ്ഥനെ കണ്ടു. സി.എ.യുടെ മുറിയിൽ വക്കീലന്മാരുടെ തിരക്ക്. ഒരുപാട് പേർ അകത്തേക്ക് കയറുന്നു, പുറത്തേക്ക് പോകുന്നു.ഒരു വനിതാ വക്കീലും ചുംബന സമര നേതാവ് രാഹുൽ പശുപാലനുമായുള്ള ഓൺലൈൻ കേസിന്റെ ഭാഗമായാണ് ആ തിരക്ക്. അവർ ഇറങ്ങിയാൽ എനിക്ക് കയറാം എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചത് പ്രകാരം 7:15 വരെ ഞാൻ വെളിയിലിരുന്നു. പെട്ടെന്ന് വക്കീലന്മാർ എല്ലാവരും വെളിയിൽ വന്നു. ഒപ്പം സിഐയും പുറത്തെത്തി. ഞാൻ കമ്മീഷണർ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അദ്ദേഹവും സ്ഥലം വിട്ടു.

ഇന്നിനി ഇരുന്നിട്ട് കാര്യമില്ല, നാളെ വന്നാൽ മതി എന്നായി ഉദ്യോഗസ്ഥൻ. നാളെ വന്നാലും ഇതൊക്കെത്തന്നെയല്ലേ അവസ്ഥ, അതുകൊണ്ട് രാത്രി 8 മണി വരെ ഞാൻ കാത്തിരിക്കാം എന്ന് മറുപടി കൊടുക്കുകയും തുടർന്ന് ഉദ്യോഗസ്ഥനുമായി കാര്യങ്ങളെല്ലാം സംസാരിച്ച് അദ്ദേഹത്തിന്റെ മുറിയിൽ ഇരിക്കുകയും ചെയ്തു. മുകളിൽ കാണുന്ന റിപ്പോർട്ടറിന്റെ സ്‌ക്രീൻ ഷോട്ട് ഞാൻ സൃഷ്ടിച്ചതാണെന്നാണ് ഉദ്യോഗസ്ഥൻ മനസ്സിലാക്കിയിരിക്കുന്നത്. മേയറുടെ പരാതി ചെന്നിരിക്കുന്നത് അപ്രകാരമാണ്. പരാതിയിൽ മാന്യമായിട്ട് ഞാനെഴുതിയ വരികൾ ഇല്ല. പകരം സ്‌ക്രീൻ ഷോട്ടും അതിന് കീഴെയുള്ള കമന്റുകളും മാത്രമാണുള്ളത്. ആ സ്‌ക്രീൻ ഷോട്ട് റിപ്പോർട്ടർ ഓൺലൈനിൽ കവിത എന്ന പത്രപ്രവർത്തകയുടേതാണെന്നും എന്റേത് അതിനെ ആസ്പദമാക്കി മേയർക്കുള്ള ഒരു നിർദ്ദേശം മാത്രമാണെന്നും ഞാൻ ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് അദ്ദേഹം ഇക്കാര്യം സിഐയെ ഫോണിൽ വിളിച്ച് പറയുകയും എന്റെ സ്‌റ്റേറ്റ്‌മെന്റ് എഴുതിയെടുത്ത് എന്നെ വിട്ടയക്കുകയും ചെയ്തു. ഇതാണ് ഡിസംബർ 16ന് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ സംഭവിച്ചത്.

ആദ്യം വിളിച്ചപ്പോൾ ചെന്ന് മൊഴി കൊടുത്തു പോന്നു. വീണ്ടും തെളിവെടുപ്പ് നടത്തണമെങ്കിൽ എന്നെ വീണ്ടും വിളിച്ചുവരുത്താം എന്നിരിക്കെ, ഇന്നത്തെ പത്രങ്ങളിൽ നിരക്ഷരൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിന്റെ ഉടമയായ മനോജിനെ പൊലീസ് തിരയുന്നു എന്ന് പറഞ്ഞ് വന്നിരിക്കുന്ന വാർത്തകൾ വ്യാജവും അപകീർത്തികരവുമാണ്. ഞാനൊരു പിടികിട്ടാപ്പുള്ളിയൊന്നുമല്ല. എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷന്റെ അരകിലോമീറ്റർ പരിധിയിൽ (കച്ചേരിപ്പടി) ജീവിക്കുന്ന ആളാണ്. നഗരത്തിൽ ഉള്ളപ്പോഴെല്ലാം ഒരു പ്രാവശ്യമെങ്കിലും സെൻട്രൽ സ്‌റ്റേഷന് മുന്നിലൂടെയും മേയറുടെ ഓഫീസിന് മുന്നിലൂടെയും ഹൈക്കോടതിയേയും ചുറ്റി കടന്നു പോകുന്ന വ്യക്തിയാണ്. എന്റെ പൂർണ്ണമായ അഡ്രസ്സും ഫോൺ നമ്പറും ഞാൻ കൊടുത്ത ബിസിനസ്സ് കാർഡുമൊക്കെ സ്‌റ്റേഷനിൽ ഉണ്ട്. പിന്നെന്തിന് പൊലീസ് എന്നെ തിരഞ്ഞ് നടക്കണം?

ഈ പട്ടണത്തിന്റെ നടുക്ക്, കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന് കീഴെ 24 മണിക്കൂറും മൊബൈൽ ഓൺ ചെയ്ത് വച്ച് നടക്കുന്ന എന്നെ, പൊലീസ് തിരഞ്ഞ് നടക്കുകയാണെന്ന വാർത്ത കേരള പൊലീസിന്റെ കാര്യക്ഷമതയ്ക്ക് മൊത്തം അപമാനമാണെന്ന കാര്യം, ഈ വ്യാജവാർത്തയ്ക്ക് കുടപിടിച്ച പൊലീസ് ശ്രദ്ധിക്കാതെ പോയതിൽ അതിയായ ദുഃഖമുണ്ട്. വ്യാജവാർത്തകൾ നീണാൾ വാഴട്ടെ എന്ന് മാത്രമേ ഈ അവസരത്തിൽ സഹതപിക്കാനുള്ളൂ.

മലയാള മനോരമയിലും മാതൃഭൂമിയിലും വാർത്ത വന്നിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. മറ്റേതൊക്കെ പത്രങ്ങളിൽ വന്നിട്ടുണ്ടെന്ന് അറിയില്ല. ഈ വാർത്ത പത്രങ്ങൾക്ക് കിട്ടുന്നത് സിഐഓഫീസിൽ നിന്നാണ്. അത് കിട്ടിയ ഉടനെ ഒരു പത്രപ്രവർത്തകൻ എന്നെ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു, കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. മേയറോ പൊലീസോ അങ്ങനെ ആരെങ്കിലും ഒരു പ്രസ്സ് റിലീസ് കൊടുത്താൽ ഉടനെ അത് കണ്ണുമടച്ച് വിശ്വസിച്ച് മറുഭാഗം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വാർത്ത പബ്ലിഷ് ചെയ്യുന്ന പത്രസംസ്‌ക്കാരം അത്ര മാന്യമാണെന്ന് തോന്നുന്നുണ്ടോ പത്രസുഹൃത്തുക്കളേ?

ഒരു വാർത്ത കിട്ടിയാൽ അത് കണ്ണും പൂട്ടി പ്രസിദ്ധീകരിക്കും. എന്നിട്ട് മറുകക്ഷിക്ക് പറയാനുള്ളത് അയാൾ പറയുമ്പോൾ അതും പ്രസിദ്ധീകരിക്കും. ഇതാണ് ചില പത്രങ്ങളുടെയെങ്കിലും നിലവിലെ പത്രസംസ്‌ക്കാരം എന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും അധികാരമുള്ളവരുടെയൊക്കെ കൂലിയെഴുത്തുകാരാകുന്നത് അത്രവലിയ മേന്മയുള്ള കാര്യമാണെന്ന് സ്വയം തോന്നുന്നുണ്ടോ ?

ഈ വാർത്ത വന്നതുകൊണ്ട് എന്താണിപ്പോൾ സംഭവിച്ചത് ?

നിരക്ഷരൻ എന്ന വ്യക്തി എന്തോ മഹാപരാധം ചെയ്‌തെന്നും അതിന്റെ പേരിൽ IT Act 66 പ്രകാരം പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും വന്നാൽ നിരക്ഷരന്റെ മാനം കപ്പലുകേറും എന്നായിരിക്കണമല്ലോ മേയറുടെ ചിന്ത. പക്ഷെ അദ്ദേഹത്തിന് തെറ്റി. നിരക്ഷരൻ എന്ന ആളെയോ മനോജ് രവീന്ദ്രൻ എന്ന ആളെയോ പ്രിന്റ് മീഡിയയിൽ ആരും അറിയില്ല. അഥവാ ആർക്കെങ്കിലും അറിയാമെങ്കിൽ അവർക്ക് ഓൺലൈൻ മീഡിയയുമായി ബന്ധമുണ്ട്. അവർ ഓൺലൈനിൽ വന്ന് കാര്യങ്ങൾ തിരക്കും. ഞാനീ എഴുതി ഇടുന്നത് അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കും. തീർന്നു, അത്രേയുള്ളൂ. ഇനി ഇത്തരം വ്യാജവാർത്തകൾ കൊടുത്ത് നിരക്ഷരന്റെ മാനം കളഞ്ഞതുകൊണ്ട് മേയർക്കെന്ത് മെച്ചമാണുള്ളത്? നിരക്ഷരന് മേയറുടെ കസേരയിലോ കൊച്ചിൻ കൗൺസിലിലെ എതെങ്കിലും ഒരു കസേരയിലോ മറ്റേതെങ്കിലും ഒരു പഞ്ചായത്ത് മെമ്പറുടെ പോലും കസേരയിലോ നോട്ടമില്ല. നോട്ടം ഉണ്ടാകുകയും ഇല്ല. നിങ്ങളൊക്കെ കയറിയിരുന്ന് അവിശുദ്ധമാക്കിയ ആ കസേരകളിൽ കയറി ഇരിക്കാതെ തന്നെ നാടിന് വേണ്ടി പലതും ചെയ്യാനാകുമെന്ന് നല്ല ഉറപ്പുമുണ്ട്. അതുകൊണ്ട്, ഈ വാർത്ത കൊണ്ട് മേയർ ഉദ്ദേശിച്ച ഒരു ഗുണവും അദ്ദേഹത്തിന് ഉണ്ടാകില്ല എന്ന് മാത്രമല്ല, സ്വന്തം പല്ലിട കുത്തി നാറ്റിച്ചതിന്റെ മാനക്കേട് ഉണ്ടാകുകയും ചെയ്യും. പത്രത്തിൽ ഇത് അച്ചടിച്ച ദേശാഭിമാനിക്കും ഓൺലൈനിൽ വാർത്ത കൊടുത്ത റിപ്പോർട്ടർക്കും എതിരെ മേയർ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാൽ മനസ്സിലാക്കാം ഈ കേസിന് പിന്നിലെ ഭീരുത്വം.

മേയർക്ക് കസേരയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുൻപ് സ്വയം വെള്ളപൂശണം. അത്രേയല്ലേ ഉള്ളൂ. പക്ഷെ അതിന് ഇതുപോലുള്ള വ്യാജ പരിപാടികൾക്ക് ഇറങ്ങിത്തിരിക്കരുതായിരുന്നു. എനിക്ക് മേയറുമായി വ്യക്തിപരമായോ പാർട്ടിപരമായോ യാതൊരു വൈരാഗ്യവും അന്നുമില്ല ഇപ്പോഴുമില്ല. മാലിന്യസംസ്‌ക്കരണ വിഷയത്തിൽ നിരവധി ലേഖനങ്ങൾ ഈ ബ്ലോഗിലും ഫേസ്‌ബുക്കിലുമൊക്കെ കാലങ്ങളായി എഴുതി ഇടുന്നുണ്ട്. (ആവശ്യമെങ്കിൽ അതെല്ലാം ഹാജരാക്കാം.) അതുകൊണ്ടാണ് മേയർ മാലിന്യസംസ്‌ക്കരണം പഠിക്കാനായി 12 വിദേശയാത്ര നടത്തി എന്ന് പത്രവാർത്തകൾ കണ്ടപ്പോൾ അതിനെ ആസ്പദമാക്കി കൊടുങ്ങല്ലൂര് വരെ പോയാലും മാലിന്യസംസ്‌ക്കരണം പഠിക്കാം എന്നൊരു നിർദ്ദേശം വച്ചത്. അതിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്ന തരത്തിലോ പാർലിമെന്ററി വിരുദ്ധമായോ ഒരുപദം പോലുമില്ല. സംശയമുള്ള ആർക്ക് വേണമെങ്കിലും മുകളിൽ പിങ്ക് നിറത്തിൽ കൊടുത്തിരിക്കുന്ന എന്റെ വരികൾ ആവർത്തിച്ചാവർത്തിച്ച് വായിക്കാം. ഇക്കാര്യം സിഐഓഫീസിലും ബോദ്ധ്യപ്പെടുത്തിയാണ് 2014 ഡിസംബർ 16ന് മടങ്ങിയത്.

 

അടുത്ത കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വരാനായി. അതിന് മുൻപ് മേയർക്ക് സ്വന്തം പേരിലുള്ള ആരോപണങ്ങളുടെ വായ്മൂടിക്കെട്ടണം എന്ന ഒറ്റ ഉദ്ദേശം മാത്രമാണുള്ളതെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം. വാർത്തയിൽ വന്നിരിക്കുന്ന മറ്റൊരു വലിയ വിഡ്ഢിത്തം കൂടെ ശ്രദ്ധിച്ചാൽ അത് എളുപ്പം മനസ്സിലാക്കാനാവും. 'മറുനാടൻ മലയാളി' ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ സാജൻ സ്‌ക്കറിയയെ അറസ്റ്റു ചെയ്‌തെന്ന് പറഞ്ഞാണ് വാർത്ത തുടങ്ങുന്നത്. സാജനെ സ്‌റ്റേറ്റ്‌മെന്റ് എടുക്കാനായി വിളിപ്പിച്ചപ്പോൾ സാജൻ പോയില്ല. പകരം പൊലീസുകാർ സാജന്റെ ഓഫീസിൽ ചെന്ന് മൊഴിയെടുത്ത് പോന്നു. അറസ്റ്റ് ചെയ്‌തെങ്കിൽ ഏത് കോടതിയിൽ നിന്നാണ് ജാമ്യമെടുത്തതെന്ന് കൂടെ പറയണം എന്ന് സാജൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വെല്ലുവിളിക്കുന്നുണ്ട്. അതിനുത്തരം പറയാൻ മേയർക്കും ഈ വാർത്ത അച്ചടിച്ച എല്ലാ പത്രമാദ്ധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.

മേയറുടെ ഉത്തരവാദിത്വം അതുകൊണ്ടും അവസാനിക്കുന്നില്ല. കാര്യങ്ങൾ ഇത്രയുമൊക്കെ ആകുകയും എന്നെപ്പോലുള്ള സാധാരണ പൗരന്മാർക്ക് എതിരെ വ്യാജവാർത്ത പടച്ച് പത്രങ്ങൾക്ക് നൽകുകയും ചെയ്ത നിലയ്ക്ക് മേയർ ഇതുവരെ നടത്തിയ എല്ലാ വിദേശയാത്രകളുടേയും വിശദവിവരങ്ങൾ കാണിച്ച് ധവളപത്രം ഇറക്കണം. എത്ര യാത്രകൾ സ്വന്തം ചെലവിൽ നടത്തി? എത്ര യാത്രകൾ സർക്കാർ ചെലവിൽ നടത്തി? എത്ര യാത്രകൾ വിദേശ ഏജൻസികളുടേയും സംഘടനകളുടേയും ചെലവിൽ നടത്തി? എത്ര യാത്രകൾ മാലിന്യസംസ്‌ക്കരണം പഠിക്കാനായി മാത്രം നടത്തി? എത്ര യാത്രകളിൽ കുടുംബം ഒപ്പമുണ്ടായിരുന്നു? എത്ര യാത്രകളിൽ പ്രതിപക്ഷ നേതാവ് ഒപ്പമുണ്ടായിരുന്നു? ഇതിന്റെയൊക്കെ ചെലവ് കണക്കുകൾ എത്ര? ഈ യാത്രകൾ നടത്തിയതുകൊണ്ട് നാടിനെന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ മേയർക്ക് കഴിഞ്ഞു? ഈ യാത്രകൾ ചെയ്യുന്ന സമയത്ത് കേരളത്തിലെ ഭരണപരമായ മറ്റെന്തൊക്കെ മീറ്റിങ്ങുകളിലും ചർച്ചകളിലും തീരുമാനങ്ങളിലും പങ്കെടുക്കാൻ പറ്റാതെ പോയി? എന്നതൊക്കെ ബോധിപ്പിക്കേണ്ട ധാർമ്മികമായ ഒരു ബാദ്ധ്യതകൂടെ മേയർക്കിപ്പോൾ ഉണ്ട്. ഇത്തരം വ്യാജവാർത്തകൾ ചമച്ച് ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ മേയർ കാണിക്കുന്ന വ്യഗ്രത കാരണം അദ്ദേഹത്തിന്റെ വിദേശയാത്രയുടെ വാർത്തകളിൽ കുറച്ചെങ്കിലും കഴമ്പുണ്ടെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് സ്വന്തം ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിൽ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത മേയർക്കില്ലേ? അങ്ങനൊരു റിപ്പോർട്ട് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ?

ഒരു കാര്യം കൂടെ മേയർ മനസ്സിലാക്കിയാൽ നന്ന്. സ്വാതന്ത്ര്യത്തിന് മുൻപ്, മാദ്ധ്യമപ്രവർത്തനമൊക്കെ ഇതിനേക്കാൾ ദുഷ്‌ക്കരമായിരുന്ന രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും, ഭരണാധികാരികൾ ചെയ്യുന്ന നെറികേടുകൾക്ക് എതിരെ യാതൊരു ഭയാശങ്കകളും ഇല്ലാതെ തൂലിക ആയുധമാക്കിയവരെയൊക്കെ ഉപദ്രവിക്കാനല്ലാതെ പരാജയപ്പെടുത്താൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പിന്നല്ലേ ഈ ജനാധിപത്യരാജ്യത്ത് ഫേസ്‌ബുക്കിൽ മാന്യമായ ഒരു നിർദ്ദേശം കമന്റായി എഴുതി എന്നതിന്റെ പേരിൽ ഒരു സാധാരണക്കാരനെ കഴുവേറ്റാമെന്ന് സ്വപ്നം കാണുന്നത്!!

എന്നെ തിരഞ്ഞ് നടക്കുകയൊന്നും വേണ്ട. ഞാൻ ഒളിവിൽ പോയിട്ടൊന്നുമില്ല. രാജ്യത്തെ നിയമസംഹിതകൾ അനുസരിച്ച് കരമടച്ച് മാന്യമായി ജീവിക്കുന്ന ഒരാളാണ്. നിങ്ങളുടെയൊക്കെ അന്നത്തിൽ പാറ്റയിടാൻ വന്നിട്ടില്ല. പക്ഷേ ജനങ്ങൾ കൊടുക്കുന്ന നികുതിയിൽ കൈയിട്ട് വാരാനും അത് തോന്നിയ പോലെ ചെലവാക്കാനും നിങ്ങളെപ്പോലുള്ളവർ മുതിർന്നാൽ അത് ചോദ്യം ചെയ്യാനുള്ള മൗലിക അവകാശം ഈ നാട്ടിലേ ഓരോ വ്യക്തികൾക്കുമുണ്ട്. അങ്ങനെയുള്ളവരെ അധികാരത്തിന്റെ കൊമ്പിൽക്കോർത്ത് ഇല്ലാതാക്കിക്കളയാമെന്നുള്ള ചിന്ത ദയവായി ഉപേക്ഷിക്കണം. ഒന്ന് ഫോൺ ചെയ്താൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ഞാനെത്തിക്കോളാം. സുകുമാരക്കുറുപ്പിനേയോ ദാവൂദ് ഇബ്രാഹിമിനേയോ മാവോയിസ്റ്റുകളേയോ അന്വേഷിക്കുന്നത് പോലെ തിരഞ്ഞ് നടന്ന് ബുദ്ധിമുട്ടണമെന്നില്ല.

വാൽക്കഷണം: ഈ വാർത്തയുടെ മറുവശം എന്താണെന്ന് അന്വേഷിക്കാതെ, മേയർക്ക് അനുകൂലമായി വാർത്ത പ്രസിദ്ധീകരിച്ച് എന്നെ ഇത്ര പെട്ടെന്ന് പ്രശസ്തനാക്കിത്തന്ന പത്രസുഹൃത്തുക്കളോട് രണ്ട് ചോദ്യങ്ങൾ. എനിക്ക് പറയാനുള്ളത് മുകളിൽ എഴുതിയിരിക്കുന്നത് പോലെ, ഇവിടെ വിശദീകരിച്ചാൽ മതിയോ, അതോ ഇനി വേറെ പ്രസ്സ് റിലീസ് എഴുതി എറണാകുളം പ്രസ്സ് ക്ലബ്ബിലെ ബോക്‌സുകളിൽ നിക്ഷേപിക്കണോ? അവിടെക്കൊണ്ടുവന്ന് നിക്ഷേപിച്ചാൽ, മേയർ തന്നിരിക്കുന്ന ഈ വ്യാജവാർത്തയുടെ യഥാർത്ഥമുഖം നിങ്ങൾ പ്രസിദ്ധീകരിക്കുമോ?