തിരുവനന്തപുരം: അരുവിക്കരയുടെ മനസ്സറിയാൻ ഇനി രണ്ട് നാൾ കൂടി കാത്തിരിക്കണം. എന്നാൽ സൈബർ ലോകത്തിന്റെ മനസ് ഇപ്പോഴേ വ്യക്തമാണ്. അരുവിക്കരയിൽ ആര് ജയിക്കണം (ശരിക്കും ആര് ജയിക്കും എന്നല്ല ചോദ്യം) എന്ന ചോദ്യം മറുനാടൻ വായനക്കാർക്ക് നൽകിയപ്പോൾ ഉത്തരം നൽകിയതിൽ കൃത്യം പകുതി പേരും പറയുന്നത് ഒരേയൊരു പേര് തന്നെ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ. സർവേയിൽ പങ്കെടുത്ത 48.8 ശതമാനം പേരും രാജഗോപാൽ ജയിക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ 30.7 ശതമാനം പേർ വിജയകുമാർ ജയിക്കണം എന്നും 19.3 ശതമാനം പേർ ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു. പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസ് വിജയിക്കണമെന്ന് 1.2 ശതമാനം പേരും പറയുന്നു.

മറുനാടൻ മലയാളി സർവേ ഫലം അരുവിക്കര തെരഞ്ഞെടുപ്പ് ഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്നില്ല. അരുവിക്കരയിലെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള മറുനാടൻ മലയാളി വായനക്കാർക്ക് തീരുമാനിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ഇതൊരു പ്രീപോൾ സർവേയോ അരുവിക്കരയുടെ മനസറിയാനുള്ള നീക്കമോ അല്ല. പ്രധാനമായും മറുനാടൻ വായനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ആര് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം മാത്രമായിരുന്നു ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തരുത് എന്ന അഭിപ്രായത്തോടെയാണ് ഞങ്ങൾ സർവേയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത്.

സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറുനാടൻ മലയാളി വായനക്കാർക്ക് മൂന്ന് ദിവസത്തെ അവസരമാണ് ഒരുക്കിയിരുന്നത്. മറുനാടന്റെ മുൻ സർവേകളെ പോലെ തന്നെ സൈബർ ലോകത്തിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ അറിയാനുള്ള സർവേയോട് വായനക്കാർ ആവേശപൂർവ്വമാണ് പ്രതികരിച്ചത്. 30,170 പേരാണ് സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ളവർ സർവേയിൽ പങ്കാളികളായി. ഒമ്പത് ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു മറുനാടൻ സർവേ.

സർവേയിലെ ആദ്യ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നത് അരുവിക്കരയിൽ ആരാണ് ജയിക്കേണ്ടത് എന്നായിരുന്നു. ഈ ചോദ്യത്തിന് ഉത്തരമായി 48.8 ശതമാനം(14,722 പേർ) ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ പിന്തുണച്ചു. 30.7 ശതമാനം (9262 പേർ) ഇടതു സ്ഥാനാർത്ഥി എം വിജയകുമാർ വിജയിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 19.3 ശതമാനം (5822 പേർ) ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു.

ആദ്യചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർ എന്തുകൊണ്ടാണ് ഇഷ്ടസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ കാരണമെന്ന് വിശദീകരിക്കാനുള്ള അവസരമായിരുന്നു തുടർന്നുള്ള ചോദ്യങ്ങളിൽ. സൈബർലോകത്തിന്റെ മനസിൽ ഇടംപിടിച്ച ഒ രാജഗോപാലിന് വോട്ട് ചെയ്യാനുള്ള കാരണമായി പ്രധാനമായും വിലയിരുത്തിയത് സ്ഥാനാർത്ഥിയുടെ മികവ് തന്നെയായിരുന്നു. 43 ശതമാനം പേർ ഒ രാജഗോപാലിന്റെ വ്യക്തിഗത മികവിനെയാണ് പിന്തുണച്ചത്. മോദി സർക്കാറിന് പിന്തുണ നൽകാനെന്ന അഭിപ്രായം 31.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിക്കെതിരായ വോട്ടായി 12.3 ശതമാനം പേർ നൽകി. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന സഹതാപം 3.5 ശതമാനം പേർ പ്രകടിപ്പിച്ചു. നാല് ശതമാനം മറ്റ് കാരണങ്ങളാണ് നിരത്തിയത്.

ഇടതു സ്ഥാനാർത്ഥി വിജയകുമാറിന് അനുകൂലമായ വോട്ട് ചെയ്തവർ അതിനുള്ള കാരണമായി പ്രധാനമായി ചൂണ്ടിക്കാട്ടിയത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയായിരുന്നു. 71.3 ശതമാനം പേർ ഇക്കാരണം ചൂണ്ടിക്കാട്ടി. അരുവിക്കരയിലെ തെരഞ്ഞെുപ്പ് വേദിയിൽ എന്ന പോലെ സൈബർ ലോകത്തെയും പ്രധാന ചർച്ച ബാർകോഴ അടക്കമുള്ള അഴിമതിയായിരുന്നു. അതൊകൊണ്ടു കൂടിയാകാം ഇങ്ങനെയൊരു അഭിപ്രായം ഉയർന്നതും. മക്കൾ രാഷ്ട്രീയത്തോടുള്ള എതിർപ്പ് കാരണമാണെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെട്ടു. 5 ശതമാനം പേർക്ക് പ്രശ്‌നം മോദി-കോൺഗ്രസ് വിരോധമായിരുന്നു സ്ഥാനാർത്ഥിയുടെ മികവിന് 18 ശതമാനം പേരും പിന്തുണച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന് വോട്ടു ചെയ്യാനുള്ള പ്രധാന കാരണമായി സൈബർ വോട്ടർമാർ തിരഞ്ഞെടുത്ത കാരണം ഉമ്മൻ ചാണ്ടി സർക്കാറിന്റെ വികസനമാണ്. വിഴിഞ്ഞവും, മെട്രോ റെയിലും, സ്മാർട്ട് സിറ്റിയുമൊക്കെ ഇതിന് കാരണങ്ങളായി. 61 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയുടെ വികസനത്തിന് ശബരിയെ വിജയിപ്പിക്കണം എന്ന അഭിപ്രായപ്പെട്ടത്. യുഡിഎഫ് പ്രചരണ വേദിയിൽ മുഴക്കിയ പ്രധാന മുദ്രാവാക്യമായ കാർത്തികേയനോടുള്ള സഹതാപം വോട്ടാകുമെന്ന് 10.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചെറുപ്പക്കാരനായ സ്ഥാനാർത്ഥിയുടെ വ്യക്തിഗത മികവിന് 16.2 ശതമാനം വോട്ടു നൽകി. മോദി വിരോധം 8.4 ശതമാനവും മറ്റു കാരണങ്ങൾ പറഞ്ഞവർ 3.6 ശതമാനവുമാണ്.

അരുവിക്കര തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയും സ്ത്രീ വിഷയങ്ങളും ആണെന്ന അഭിപ്രായത്തിനാണ് സർവേയിൽ മുൻതൂക്കം ലഭിച്ചത്. 61.1 ശതമാനം ഈ അഭിപ്രായം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം ഉമ്മൻ ചാണ്ടി സർക്കാറിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 58 ശതമാനമാണ്. ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ വിജയിച്ചാൽ ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് 41 ശതമാനം അഭിപ്രായപ്പെട്ടു. ഒന്നും ലഭിക്കില്ലെന്ന് പറഞ്ഞവർ 31.5 ശതമാനമാണ്. മറിച്ച് വിജയകുമാറാണ് വിജയിക്കുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് വോട്ടർമാരും അഭിപ്രായം. 57.4 ശതമാനം പേർ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് പറഞ്ഞു. മറിച്ച് അരുവിക്കരയിൽ ശബരിനാഥ് ജയിച്ചാലും ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തില്ലെന്നാണ് 63.9 ശതമാനവും അഭിപ്രായപ്പെട്ടത്.

ഈ സർവ്വേ ഫലം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ പ്രകടനം ആയിരിക്കണമെന്നില്ല. എന്നാൽ സൈബർ ലോകത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫലം. ഒരു ഇമെയ്‌ലിൽ നിന്നും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ ഉതകുന്ന വിധത്തിലായിരുന്നു മറുനാടൻ വോട്ടിംഗിന് അവസരം ഒരുക്കിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്ത് ഉത്തരം നൽകാനുള്ള അവസരമായിരുന്നു ഒരുക്കിയത്.