തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നടത്തിയ സൈബർ സർവ്വേയിൽ തെളിയുന്നത് മലയാളിയുടെ രാഷ്ട്രീയ മനസ്സ് തന്നെ. അഴിമതിയും സ്ത്രീ വിഷയങ്ങളിലും കേരളീയർക്ക് മനസ്സ് മടുത്തിരിക്കുന്നു. അതിന്റെ അമർഷം ഉമ്മൻ ചാണ്ടി സർക്കാരിനോട് ഉണ്ട്. അരുവിക്കരയിലെ ഫലം എന്തായാലും യുഡിഎഫിന് ഭരണ തുടർച്ച കിട്ടില്ലെന്ന വിലയിരുത്തൽ എത്തുന്നത് അതുകൊണ്ട് തന്നെയാണ്. ക്ലീൻ ഇമേജിന്റെ കരുത്താണ് സൈബർ സർവ്വേയിൽ ബിജെപിയുടെ ഒ. രാജഗോപാലിന് തുണയാകുന്നത്. മലയാളിയുടെ മാറുന്ന രാഷ്ട്രീയ മനസ്സിന്റെ പ്രതിഫലനം കൂടിയാണ് അത്.

ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും സ്ത്രീവിഷയങ്ങളുമാണ്. 61.1 ശതമാനം പേരും അഴിമതിയും സ്ത്രീ വിഷയവുമാണ് ഉയർത്തിക്കാട്ടുന്നത്. മോദിയുടെ കേന്ദ്ര സർക്കാരിന്റെ വികസനം 16 ശതമാനം പേരെ സ്വാധീനിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസനത്തിന് മാർക്കിടുന്നത് 16. 4 ശതമാനം പേരാണ്. കോൺഗ്രസ് പ്രചരണ വേദികളിൽ സജീവമാക്കിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം വെറും 4.8 ശതമാനം പേരെയാണ് സ്വാധീനിച്ചത്. അരുവിക്കരയിലെ ഫലം എന്തായാലും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കരുതുന്നവർ 58 ശതമാനമാണ്. 32.3 ശതമാനം പേർ മറിച്ചും ചിന്തിക്കുന്നു.

അരുവിക്കരയിൽ ശബരിനാഥൻ ജയിച്ചാലും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഭരണ തലപ്പത്ത് ഉമ്മൻ ചാണ്ടി എത്താനുള്ള സാധ്യത കാണുന്നവർ വളരെ കുറവാണ്. 63.9 ശതമാനം പേരും ഭരണതുടർച്ച പ്രവചിക്കുന്നില്ല. ശബരിയുടെ വിജയതേരിലേറി ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നത് മനസ്സിൽ കാണുന്നത് 22.6ശതമാനം പേർ മാത്രമാണ്. എന്നാൽ വിജയകുമാറിന്റെ ജയം സിപിഎമ്മിനെ അധികാരത്തിലെത്തിക്കുമെന്ന് കരുതുന്നവർ 57.4 ശതമാനമാണ്. രാജഗോപാൽ ജയിച്ചാൽ അടുത്ത തവണ ബിജെപി നേട്ടമുണ്ടാക്കുമെന്ന് കരുതുന്നവരുമുണ്ട്. 41. 5 ശതമാനം പേരും അഞ്ചുവരെ സീറ്റുകൾ രാജഗോപാലിന്റെ വിജയത്തിലൂടെ ബിജെപിക്ക് പ്രവചിക്കുന്നു. 15.1 ശതമാനം പേർ പത്തുവരെ സീറ്റുകളാണ് പറയുന്നത്. 11.9 ശതമാനം പേർ പത്തിൽ കൂടുതലും ബിജെപിക്ക് നൽകുന്നു. അരുവിക്കരയിൽ രാജഗോപാൽ ജയിച്ചാലും അടുത്ത നിയമസഭയിൽ ബിജെപിയുടെ ആരും ജയിക്കില്ലെന്ന് 31.5 ശതമാനം പേരും സൂചിപ്പിക്കുന്നു.

അരുവിക്കരയിൽ ആരാണ് ജയിക്കേണ്ടത് എന്ന ചോദ്യത്തിൽ രാജഗോപാൽ ഏറെ മുന്നിലാണ്. സിപിഎമ്മിന്റെ വിജയകുമാറിനും ഏറെ പുറകിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി ശബരിനാഥൻ. ജി കാർത്തികേയനോടുള്ള സഹതാപം അരുവിക്കരയിൽ ഒരു പക്ഷേ ഉണ്ടാകാം. എന്നാൽ ഓൺലൈൻ വോട്ടടുപ്പിൽ സജീവമായ സൈബർ മലയാളികൾക്ക് സഹതാപം വിഷയമില്ല. അതുകൊണ്ട് തന്നെയാണ് വോട്ടെടുപ്പിൽ ശബരി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുന്നത്. രാജഗോപാലിന് 48.8 ശതമാനവും വിജയകുമാറിന് 30.7 ശതമാനവും വോട്ടർമാരുടെ പിന്തുണ ലഭിക്കുന്നു. ഇവിടെ ശബരിനാഥന് കിട്ടിയത് വെറും 19.3 ശതമാനും. യുവത്വത്തിന്റെ ചുറുചുറുക്കെന്ന മുദ്രാവക്യവുമായി പ്രചരണത്തിൽ നിറയുന്ന ശബരിനാഥന് വേണ്ടത്ര പിന്തുണ സൈബർ ലോകം നൽകുന്നില്ല.

ഇതിൽ രാജഗോപാലിന് വോട്ടു ചെയ്യാനായി നിരത്തുന്ന കാരണങ്ങളും ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയടക്കമുള്ള വിഷയങ്ങൾക്കപ്പുറം സ്ഥാനാർത്ഥിയുടെ മികവാണ് പ്രധാനം. ഇതിനൊപ്പം മോദി സർക്കാരിനുള്ള പിന്തുണയും കാരണമാകുന്നു. രാജഗോപാലിന് അനുകൂലമായി വോട്ട് ചെയ്തവരിൽ 43 ശതമാനവും രാജഗോപാലിന്റെ മികവാണ് ഉയർത്തിക്കാട്ടൂന്നത്. 12.3 ശതമാനം പേർക്ക് സർക്കാരിന്റെ അഴിമതിയാണ് ഇതിന് പ്രചോദനമാകുന്നത്. രാജഗോപാലിനോടുള്ള സഹതാപവും 3.5 ശതമാനം പേർ ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയക്കാരുടെ കളങ്കരഹിതാമായ പൊതു ജീവിതത്തിന് സൈബർ ലോകം നൽകിയ അംഗീകാരമാണ് ഇത്. കേന്ദ്രമന്ത്രിയെന്ന നിലയിൽ രാജഗോപാൽ നടത്തിയ വികസനവും ഇതിൽ നിർണ്ണായകമായിട്ടുണ്ടാകാം.

വിജയകുമാറിന് വോട്ട് ചെയ്യുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയിൽ മനംമടുത്തവരാണ്. 71.3 ശതമാനം പേരും സിപിഐ(എം) സ്ഥാനാർത്ഥിക്ക് അനുകൂലമാകാൻ കാരണം അഴിമതിക്കഥകളാണ്. കോൺഗ്രസിനോടും മോദിയോടുമുള്ള എതിർപ്പിൽ 5.4 ശതമാനം പേരും വിജയകുമാറിന് വോട്ട് നൽകുന്നു. മക്കൾ രാഷ്ട്രീയത്തെ എതിർക്കുന്നത് വെറും 3 ശതമാനമാണ്. വിജയകുമാറെന്ന സംസ്ഥാന നേതാവിന്റെ വ്യക്തിപ്രഭാവം 18 ശതമാനം പേരെയാണ് മുന്നണിയോട് അടുപ്പിക്കുന്നത്. മറ്റുകാരണങ്ങൾ മൂലം രണ്ട് സഥമാനം പേരും വിജയകുമാർ പക്ഷക്കാരാകുന്നു.

കോൺഗ്രസ് സഹതാപം മുതലാക്കാനാണ് ശബരിനാഥനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ ഇത് ഓൺലൈൻ വോട്ടെടുപ്പിൽ പ്രകടമല്ല. ശബരിനാഥന് ലഭിക്കുന്ന വോട്ടുകളിൽ അധികവും ഉമ്മൻ ചാണ്ടി സർക്കാരിനുള്ള അംഗീകാരമാണ്. വികസനത്തിന് വേണ്ടി 61 ശതമാനം പേരാണ് ശബരീനാഥന് പിന്നിൽ അണിനിരക്കുന്നത്. സ്ഥാനാർത്ഥിയുടെ മികവ് പരിഗണിക്കുന്നത് 16.2 ശതമാനം പേരാണ്. അതിനും പിന്നിലാണ് കാർത്തികേയനുള്ള സഹതാപമെന്ന ഘടകം. വെറും 10.8 ശതമാനം പേർമാത്രമാണ് സഹതാപത്തിൽ വീഴുന്നത്. മോദിയോടും സിപിഎമ്മിനോടുമുള്ള വിരോധം 8.4 ശതമാനം പേർ കൈപ്പത്തിക്ക് അനുകൂലമാകാൻ കാരണമാകുന്നു.