തിരുവനന്തപുരം: പാടിപ്പതിഞ്ഞ അവാർഡ് കഥകൾക്കിടയിൽ വ്യത്യസ്തമായി പ്രവർത്തിക്കുന്നവരെ ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ പുരസ്‌കാര വിഭാഗങ്ങളിലെ അവസാനത്തെ രണ്ടെണ്ണം കൂടി പ്രഖ്യാപിച്ചു. ഈ രണ്ട് പുരസ്‌കാരങ്ങളും പ്രവാസികൾക്കാണ് നൽകുക. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ആയിരിക്കും ഒമ്പതാമത്തെയും പത്താമത്തെയും പുരസ്‌കാരം നൽകുക.

ജീവിതമാർഗ്ഗം നേടി വിദേശത്ത് പോയിട്ടും സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേകം വ്യക്തികളുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഇവർക്ക് പുരസ്‌കാരങ്ങൾ നൽകുന്നുണ്ടെങ്കിലും അവ പലപ്പോഴും സ്വാധീനമുള്ളവർക്കും പണക്കാർക്കും ആയിരുന്നു. അവർക്കിടയിൽ തികച്ചും നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെയും അത്തരം ഉദ്യമങ്ങൾ നടത്തുന്ന സംഘടനകളെയും ആദരിക്കാനാണ് മറുനാടൻ ശ്രമിക്കുന്നത്. ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്ന വ്യക്തി അല്ലെങ്കിൽ സംഘടന നിർബന്ധമായും പ്രവാസി ആയിരിക്കണം. ഇന്ത്യയിൽ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നതല്ല.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനും ഒക്കെ പ്രവർത്തിക്കുന്ന അനേകം വ്യക്തികൾ ഉണ്ട്. ഒപ്പം നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സംഘടനകളെയും കണ്ടെത്താൻ കഴിയും. പ്രവാസികൾക്ക് വേണ്ടി സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയെയും പരിഗണിക്കുന്നതാണ്. സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ്സുകാർക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം.

ഗൾഫ് മേഖലയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ ഏത് മേഖലയിൽ ഉള്ള പ്രവസികൾക്കും സംഘടനകൾക്കും മറുനാടൻ പ്രഖ്യാപിച്ച രണ്ട് അവാർഡുകൾക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. വായനക്കാർ നോമിനേറ്റ് ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും കുറിച്ച് മറുനാടൻ മലയാളി പ്രത്യേകം അന്വേഷണം നടത്തുകയും ചെയ്യും. അതിന് ശേഷം മാത്രമേ അവാർഡുകൾ നൽകുകയുള്ളൂ.

ഈ രണ്ട് വിഭാഗത്തിലും അഞ്ച് പേരെ വീതമാണ് ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കുന്നത്. ഈ പുരസ്‌കാരങ്ങൾക്ക് അർഹത ഉണ്ട് എന്ന് തോന്നുന്ന ആരെയും ഏത് സംഘടനയെയും നിങ്ങൾക്ക് നോമിനേറ്റ് ചെയ്യാം. വായനക്കാർക്ക് നോമിനേറ്റ് ചെയ്യുന്നവരിൽ നിന്നും ഒരു വിദഗ്ദ്ധ സമിതി അഞ്ച് പേരെ വീതം തെരഞ്ഞെടുത്തു വായനക്കാരുടെ വോട്ടിങ് വയ്ക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും വോട്ടിങ്. നിങ്ങൾക്ക് അർഹത ഉണ്ട് എന്ന് തോന്നുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസും അടക്കമുള്ള കാര്യങ്ങൾ awards@marunadan.in  എന്ന വിലാസത്തിൽ അയയ്ക്കുക.

ഇതടക്കം പത്ത് അവാർഡുകളാണ് മറുനാടൻ നൽകുക. പത്ത് വിഭാഗത്തിലും അഞ്ചു പോരെ വീതം തെരഞ്ഞെടുത്ത് വോട്ടിങ് നടത്തിയാണ് പുരസ്‌കാരം നിശ്ചയിക്കുക. ഓരോ വിഭാഗത്തിലേക്കും വായനക്കാർക്ക് ഇപ്പോൾ നോമിനേഷനുകൾ നൽകാം.

മറുനാടൻ നൽകുന്ന പത്ത് പുരസ്‌ക്കാരങ്ങളുടെ ലിസ്റ്റ് ചുവടെ

1 - കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രാഷ്ട്രീയ നേതാവ്
2 - കേരളത്തിലെ ഏറ്റവും മികച്ച യുവനേതാവ്
3 - മികച്ച സിവിൽ സർവീസ് ഓഫീസർ (ഐഎഎസ്/ഐപിഎസ് )
4 - മികച്ച സർക്കാർ ഉദ്യോഗസ്ഥൻ
5 - മികച്ച സാമൂഹ്യ പ്രവർത്തകൻ
6 - മികച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്
7 - സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസുകാരൻ
8 - കാമ്പസ് സ്റ്റാർ(കാമ്പസിലെ മികച്ച പ്രവർത്തനങ്ങൾക്ക്)
9 - മികച്ച പ്രവാസി
10 -മികച്ച പ്രവാസി സംഘടന