- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി കുട്ടികൾക്ക് അക്ഷരം പകരാൻ കാടു കയറി; 18 വർഷം അവരിൽ ഒരാളെ പോലെ ജീവിതം; അങ്കണവാടിക്കു മുമ്പേ വിദ്യാഭ്യാസം നിലയ്ക്കുന്ന നൂറോളം കുട്ടികളെ പത്താം ക്ലാസ് കടത്തി; മറുനാടൻ അവാർഡ് ഫൈനലിസ്റ്റായ വിജയലക്ഷ്മി ടീച്ചറുടെ ജീവിതം ഇങ്ങനെ
ഇടുക്കി: മറുനാടൻ മലയാളി നൽകുന്ന പത്ത് പ്രധാന അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളിൽ ഒന്നാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി നൽകുന്ന പുരസ്‌ക്കാരം. ഈ വിഭാഗത്തിലെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ച അഞ്ച് പേർ ഒന്നിനൊന്ന് മികച്ചവരുമാണ്. എന്നാൽ, അക്ഷരാഭ്യാസം ലഭിക്കാതെ പോകുമായിരുന്ന മണ്ണിന്റെ
ഇടുക്കി: മറുനാടൻ മലയാളി നൽകുന്ന പത്ത് പ്രധാന അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളിൽ ഒന്നാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി നൽകുന്ന പുരസ്‌ക്കാരം. ഈ വിഭാഗത്തിലെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ച അഞ്ച് പേർ ഒന്നിനൊന്ന് മികച്ചവരുമാണ്. എന്നാൽ, അക്ഷരാഭ്യാസം ലഭിക്കാതെ പോകുമായിരുന്ന മണ്ണിന്റെ മക്കൾക്ക് വിദ്യപകർന്നു നൽകി ദൈവിക പരിവേഷം ലഭിച്ചിരിക്കുന്ന ഒരു അദ്ധ്യാപികയും ഈ പുരസ്‌ക്കാര പട്ടികയിൽ മത്സരിക്കുന്നുണ്ട്. ആദിവാസി മേഖലയായ ഇടമലക്കുടിയിലെ ഏകാധ്യാപക സ്‌കൂളിലെ അദ്ധ്യാപികയായ വിജയലക്ഷ്മി ടീച്ചറാണത്. അധികം ആരും അറിയപ്പെടാത്ത ടീച്ചറുടെ സേവനം എത്ര സ്തുതിച്ചാലും മതിയാകാത്തതാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥൻ പി ധനേഷ് കുമാർ, ആർടിഒ ആദർശ് കുമാർ നായർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ എന്നിവർക്കൊപ്പമാണ് ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചറും പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചത്. ആദിവാസി കുഞ്ഞുങ്ങൾക്ക് ദൈവതുല്യയായ ഈ അദ്ധ്യാപികയുടെ ജീവിതം ഇങ്ങനെയാണ്..
ഈറ്റയിലകൾ ഈർക്കിൽ കഷണങ്ങളാൽ കൂട്ടിയിണക്കിയുണ്ടാക്കിയ മറയുടെ ഇരുപുറത്തും മണ്ണ് കുഴച്ചുതേച്ചുണ്ടാക്കിയ ഭിത്തിയിൽ തീർത്ത കുടിലിൽ 18 വർഷം ഒറ്റയ്ക്ക് താമസിച്ചാണ് വിജയലക്ഷ്മിയെന്ന ഏകാധ്യാപക സ്‌കൂൾ ടീച്ചർ ഇടമലക്കുടിയിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്ന് മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ബാല്യം വിട്ടുമാറാത്ത രണ്ട് മക്കളെ വീട്ടുകാരുടെ കൈകളിലേൽപിച്ച് കാടിനു നടുവിലെ ആദിവാസി വിഭാഗക്കാരുടെ ഇടയിലേയ്ക്ക് കടന്നുചെന്നപ്പോൾ ആദ്യം ആശങ്കയായിരുന്നെങ്കിലും അവരുടെ സ്‌നേഹവും ദുരിതവും നാടിന്റെ ആവശ്യവും കണ്ടറിഞ്ഞപ്പോൾ അതൊരു ഇഷ്ടമായി മാറി. ഇല്ലായ്മകളും ദുർഘടാവസ്ഥയും ചുറ്റും നിരന്നപ്പോഴും തളരാതെ കർത്തവ്യനിരതയായി നീങ്ങുന്ന വിജയലക്ഷ്മി ടീച്ചറിന്റെ സേവനമനോഭാവം ഇടമലക്കുടിയിലെ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെയെങ്കിലും കടത്തിവിടാൻ കരുത്തായി. അങ്കണവാടികൾപോലും അദ്ധ്യാപകരില്ലാതെ അനാഥമായ അവസ്ഥയിൽ കിടക്കവെയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ തലവര മാറ്റിയെഴുതാൻ വിജയലക്ഷ്മിക്ക് നിയോഗമുണ്ടായത്.
മൂന്നാറിൽനിന്നു 22 കിലോമീറ്റർ അകലെനിന്നു പെട്ടിമുടി വരെ ജീപ്പിലെത്തി അവിടെനിന്നു 18 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നാൽ ഇടലിപ്പാറയെന്ന ആദിവാസി കുടിയിലെത്താം. വനത്തിനുള്ളിലൂടെ ഏകദേശം മൂന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിക്കണം. അവിടെയാണ് തന്റെ കർമമണ്ഡലമെന്നു വിജയലക്ഷ്മി തിരിച്ചറിഞ്ഞത് ഊരുകളിലെ വലിയ മാറ്റത്തിനാണ് വഴിതെളിച്ചത്. കൂലിപ്പണിക്കാരനായ രാജുവിനും രണ്ടരയും അഞ്ചും വയസുള്ള ആൺമക്കളുമൊത്ത് അടിമാലിക്കടുത്ത് കത്തിപ്പാറയിൽ താമസിക്കുമ്പോഴാണ് വിജയലക്ഷ്മിക്ക് ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലിയെന്ന വാഗ്ദാനമെത്തിയത്. രാജുവിന് വല്ലപ്പോഴും മാത്രം കിട്ടുന്ന കൂലിപ്പണി കൊണ്ട് അർധപട്ടിണിയിൽ കഴിയവേ, പ്രതികൂല സാഹചര്യത്തിലും ജോലിക്ക് പോകാൻ വിജയലക്ഷ്മി തയാറാകുകയായിരുന്നു.
രണ്ടര വയസുകാരനായ മകനുമൊത്തായിരുന്നു ഇടമലക്കുടിയിലെത്തിയത്. ആദിവാസികളായ ഏതാനുംപേർ മൂന്നാറിലെത്തി, അവരുടെ സംരക്ഷണത്തിലാണ് അമ്മയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയത്. ജീപ്പെത്തുന്ന പെട്ടിമുടിയിൽനിന്നും ഇടിപ്പാറയിലേയ്ക്കും തിരിച്ചും ഇന്നും ടീച്ചർക്ക് ആദിവാസികൾ കൂട്ടുണ്ടാകുമെന്നത് അവരുടെ സ്‌നേഹത്തിന്റെ തെളിവായി നിലനിൽക്കുന്നു. അങ്കണവാടികളും ഏകാധ്യാപക വിദ്യാലയങ്ങളും പലതുമുണ്ടെങ്കിലും അദ്ധ്യാപകരാരും ജോലി ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിലാണ് വിജയലക്ഷ്മി ദൗത്യം ഏറ്റെടുത്തത്. 750 രൂപ പ്രതിമാസ വേതനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്.
ദുഷ്‌കരമായ യാത്രയും വിറങ്ങലിപ്പിക്കുന്ന കാലാവസ്ഥയും കോടമഞ്ഞും ആനയും കാട്ടുപോത്തുമുൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ വിഹാരവുമെല്ലാം അവിടെ താമസിച്ചു പഠിപ്പിക്കാൻ തടസങ്ങളായിരുന്നു. കായ്കനികൾ ഉൾപ്പെടെ മനസിനിണങ്ങാത്ത ഭക്ഷണവും. എന്നാൽ തങ്ങളുടെ മക്കളെ പഠിപ്പിക്കണമെന്ന ഊരുമൂപ്പൻ അടക്കമുള്ള ഗോത്രവർഗക്കാരുടെ സ്‌നേഹമസൃണമായ അപേക്ഷ വിജയലക്ഷ്മിയെ അവിടെ പടിച്ചു നിർത്തി. 2500-ഓളം മാത്രം ജനസംഖ്യയുള്ള ഇടമലക്കുടിയിലെ മുതുവാൻ വിഭാഗക്കാർക്ക് അങ്ങനെ ഒരു ടീച്ചറെ പതിച്ചുകിട്ടി. ആദ്യമൊക്കെ ടീച്ചറെ കണ്ടാൽ ഓടിയിരുന്ന കുട്ടികളെ പുറംലോകവുമായി ബന്ധപ്പെടുന്നവരായി മാറ്റിയെടുക്കുകയെന്ന ലക്ഷ്യവും വിജയലക്ഷ്മിക്കുണ്ടായിരുന്നു. ആറ് മാസക്കാലത്തെ ജീവിതത്തിനുശേഷം മൂന്നു വയസുകാരനായ ഇളയ മകനെ വീട്ടിൽത്തന്നെ കൊണ്ടാക്കി.
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരിക്കൽ മാത്രം അവരെ കാണാനെത്തുകയാണ് പതിവ്. ഏതാണ്ട് രണ്ട് ദശാബ്ദത്തോളം നീളുന്ന സേവനത്തിനിടെ ഇടമലക്കുടിയുടെ ചരിത്രത്തിന്റെതന്നെ ഭാഗമായി ടീച്ചർ മാറി. ഇക്കാലയളവിൽ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെ പഠിപ്പിച്ചും ബാഹ്യലോകത്തിനിണങ്ങിയ വിധം രൂപപ്പെടുത്തി. നാൽപതോളം കുട്ടികൾക്ക് ഉപരിപഠനത്തിന് വഴിയൊരുക്കി. രണ്ട് കൂട്ടികൾ ബിരുദ പഠനം പൂർത്തിയാക്കി. ടീച്ചറുടെ ശിഷ്യരിൽ പലരും ട്രൈബൽ പ്രമോട്ടർമാരായും മറ്റും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ വേതനം 3000 ആയും അടുത്തിടെ 5000 ആയും ഉയർത്തി നൽകി. എന്നാൽ 18 വർഷമായി സർക്കാറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും വിജയലക്ഷ്മിക്ക് സ്ഥിരജോലി നൽകണമെന്ന സാമൂഹ്യപ്രവർത്തകരുടെ ആവശ്യം ഇനിയും സാക്ഷാൽകരിക്കപ്പെട്ടിട്ടില്ല.
ടീച്ചറുടെ കഥയറിഞ്ഞ് കഴിഞ്ഞ വർഷം ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യേഗസ്ഥൻ ഭർത്താവ് രാജുവിന് ഇടമലക്കുടിയിൽ താൽകാലിക വാച്ചറായി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. മൂത്ത മകൻ രാഹുൽ എം കോം പാസായി. ഇളയ മകൻ രാജ്കുമാർ ഒന്നാം വർഷ കമ്പ്യൂട്ടർ ബിരുദ വിദ്യാർത്ഥിയാണ്. ഇരുവരും കത്തിപ്പാറയിൽത്തന്നെ താമസിക്കുന്നു. കഴിഞ്ഞ വർഷം ഇടലിപ്പാറവരെ വനംവകുപ്പ് വഴി വെട്ടിയതിനാൽ വേനൽക്കാലത്ത് ജീപ്പ് യാത്ര കഴിയും. എന്നാൽ മഴ പെയ്താൽ പഴയ അവസ്ഥയിൽ കാൽനട ശരണം.
കുടുംബത്തിന്റെ സുഖം നോക്കാതെ കാടിനുള്ളിൽ കഴിഞ്ഞ് ആദിവാസികളെ സാക്ഷരരാക്കിയെങ്കിലും യുവത്വത്തിന്റെ നല്ല പങ്കും ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് മാറ്റിവച്ച വിജയലക്ഷ്മിക്ക് നല്ലൊരു പരിഗണന പോലും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. ചില സംഘടനകൾ ടീച്ചറെ പുരസ്‌കാരം നൽകി ആദരിച്ചു. കാടിനുള്ളിലെ സേവനം പുറത്തറിയാൻ ഇടമലക്കുടിയിൽ ചിലയിടത്ത് മാത്രം ഇപ്പോൾ ലഭിക്കുന്ന മൊബൈൽ റേഞ്ച് മാത്രം മതിയാകില്ല. അതിന് കണ്ണ് തുറന്നു കാണാൻ അധികാരികൾ തയാറാകണം. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞവച്ച ഈ പ്രിയ അദ്ധ്യാപികയ്ക്കാണ് നിങ്ങളുടെ വോട്ടെങ്കിൽ ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തുക.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണ് ഇത്തരമൊരു സംവിധാനം.