തിരുവനന്തപുരം: സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലെ സ്വതന്ത്ര ചിന്തകളുടെയും പുരോഗമന ചിന്തകളുടെയും പൊതുവേദിയാണ് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പ്. ഇടുങ്ങിയ ചിന്താഗികൾ ഉപേക്ഷിച്ച് വിശാലമായി ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ ഫേസ്‌ബുക്ക് ഗ്രൂപ്പ്. എന്നാൽ മതം, യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം, കല, സിനിമ, സാഹിത്യം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ചകൾ നടക്കാറുണ്ട് ഈ ഗ്രൂപ്പിൽ. അതുകൊണ്ട് തന്നെ എല്ലാ വിഭാഗക്കാരെയും പ്രതിനിധീകരിക്കാൻ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിന് സാധിക്കാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ വിഭാഗത്തിലെ പുരസ്‌ക്കാരത്തിന്റെ ഫൈനൽ പട്ടികയിൽ ഈ ഗ്രൂപ്പും ഇടംപിടിച്ചത്.

ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിന് പുറമേ റൈറ്റ് തിങ്കേഴ്‌സ്, കൃഷി ഭൂമി എന്നീ ഗ്രൂപ്പുകളും, മാദ്ധ്യമപ്രവർത്തക വി പി റെജീന, കേരള വർമ്മ കേളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് എന്നിവരാണ് മറുനാടൻ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. അമ്പതിനായിരത്തോലം പേർ അംഗങ്ങളായ ഈ ഗ്രൂപ്പ് മലയാളികളുടെ പുരോഗമന ചിന്തകളുടെ കൂട്ടായ്മയാണ്. മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം ഏർപ്പെടുത്തി മറുനാടൻ ഇടപെടൽ നടത്തുന്നത്. മറുനാടൻ പുരസ്‌ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫേസ്‌ബുക്ക് ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമായി മികച്ച വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2010ലാണ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് എന്ന പേരിൽ ഫേസ്‌ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. യുക്തിവാദ ചർച്ചകൾക്ക് ഇടം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഒരു പറ്റം യുവാക്കൾ ചേർന്ന് ഈ ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ എല്ലാത്തരം ചർച്ചകൾക്കും ഇടംകൊടുത്ത് ഈ ഗ്രൂപ്പ് ജനകീയമായി. യഥാർത്ഥ ദൈവവിശ്വാസികളും എല്ലാ മതാനുയായികളും ഇവരോട് നല്ലരീതിയിൽ സംവദിക്കാനും ഈ ഗ്രൂപ്പിന് സാധിച്ചു. കൂടാതെ പരിസ്ഥിതി വാദികളും സാമൂഹ്യ പ്രവർത്തകരും ഗ്രൂപ്പിനെ സജീവമായി മുന്നോട്ട് നയിക്കുന്നു.

എല്ലാ മതവിഭാഗത്തിലെയും അംഗങ്ങളെയും ഉൾപ്പെടുത്തി അവർക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള അവസരങ്ങളും നൽകി ഈ ഗ്രൂപ്പ്. എന്നാൽ പലപ്പോഴും മതവിമർശനത്തിന്റെ പേരിൽ മതമൗലികവാദികൾ നിരവധി തവണ ഈ ഗ്രൂപ്പ് പൂട്ടിച്ചിരുന്നു. മാദ്ധ്യമങ്ങൾക്ക് വാർത്തയുടെ സോഴ്‌സ് ആയിപ്പോലും ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുവന്നിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമുള്ള മലയാളികളെ സംവാദ വേദികളിൽ ഒരുമിപ്പിക്കാൻ സാധിച്ചു എന്നതും ഈ ഗ്രൂപ്പിന്റെ നേട്ടമാണ്.

സദാചാര പൊലീസിംഗിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ ചർച്ചകൾ നടന്നിട്ടുണ്ട് ഈ ഗ്രൂപ്പിൽ. മറ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളുമായി ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെടാനും ഫ്രീതിങ്കേഴ്‌സിന് സാധിച്ചു. ഫെമിനിസത്തെ കുറിച്ച് ഒരു ചർച്ച നടക്കുമ്പോൾ അതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർക്ക് പോലും കാര്യങ്ങൾ മനസിലാക്കാൻ ഇത്തരം ചർച്ചകളിലൂടെ സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് പുറമേ യുക്തിവാദവും മതവാദവുമായി പൊതു വേദികളിലും സംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഉടനീളം ക്യാമ്പുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പുമായി നടന്ന ചർച്ചകൾ മാദ്ധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞതാണ്. അടുത്തിടെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബിലും ഫ്രീ തിങ്കേഴ്‌സ് സംവാദം സംഘടിപ്പിച്ചിരുന്നു. വർഷം തോറും ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിൽ അംഗങ്ങളായവരുടെ കുടുംബ സംഗമവും അടുത്തിടെ സംഘടിപ്പിച്ചിരുന്നു. ജാതിമത ചിന്തകൾക്ക് അപ്പുറത്തുള്ള സ്വതന്ത്ര ചിന്തകൾ തന്നെയാണ് ഫ്രീതിങ്ക്‌ഴേസ് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് മറുനാടൻ അവാർഡ് പട്ടികയിൽ പുരോഗമന ചിന്തകളുടെ വക്താക്കളായ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പും ഇടം പിടിച്ചത്.

ഈമാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ജനുവരി നാലിനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വായനക്കാരുടെ വോട്ടിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകും പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയ വിഭാഗത്തിൽ അടക്കം പത്ത് വിഭാഗങ്ങളിലായാണ് മറുനാടൻ പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഫ്രീ തിങ്കേഴ്‌സിനായി വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.