തിരുവനന്തപുരം: ഒരു രോഗം വന്നാൽ ഏത് സമ്പന്നനും ആദ്യം കൺസൾട്ട് ചെയ്യുന്നത് സർക്കാർ ഡോക്ടർമാരുമായല്ലേ? മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ് എന്ന് പറഞ്ഞാൽ ഒരു പ്രത്യേക വിലയില്ലേ? സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിസിൻ പഠിച്ചത് എന്ന് കേട്ടാൽ അവരോട് വിശ്വാസം കൂടില്ലേ? എന്നിട്ടും എന്തു കൊണ്ടാണ് നമ്മുടെ സർക്കാർ ആശുപത്രികളിൽ ആരും പോവാത്തത്? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ആശുപത്രികൾ വെറും കാലി ചന്തകൾ ആയി മാറുന്നത്?

സമയം ഒട്ടും വേണ്ട. സ്വകാര്യ ആശുപത്രി മുതലാളിമാരെ സംരക്ഷിക്കാൻ വേണ്ടി  സർക്കാർ സംവിധാനം വളഞ്ഞ് പോകുന്നത് തന്നെ. സ്വകാര്യ ആശുപത്രികൾ കുറഞ്ഞ ശമ്പളം, അമിതമായ ജോലി ഭാരം, മാദ്ധ്യമങ്ങളുടെ അനാവശ്യമായ തുടങ്ങി അനേകം സമ്മർദ്ദങ്ങളെ താങ്ങി വേണം സർക്കാർ ഡോക്ടർമാർക്ക് പ്രവർത്തിക്കാൻ. നല്ല നിലയിൽ സർക്കാർ ആശുപത്രികൾ പ്രവർത്തിച്ചാൽ സ്വകാര്യ ആശുപത്രികൾ പൂട്ടി കെട്ടുന്നതുകൊണ്ട് ഒരു ആരോഗ്യ മന്ത്രിയും അതിന് അനുവദിക്കില്ല. ആറ് മാസം മന്ത്രി ആയിരുന്നപ്പോൾ വി എം സുധീരൻ നടത്തിയ ധീരമായ ഇടപെടലുകൾ വരുത്തിയ വിവാദങ്ങൾ ഓർത്ത് നോക്കേണ്ടതാണ്.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നിന്റെ അടിവേര് തേടി ചെല്ലുമ്പോൾ വ്യക്തമാകുന്നത് കേരളത്തിലെ ഏറ്റവും വലിയ മാഫിയാകൾ ഒന്നു സ്വകാര്യ ആശുപത്രികൾ ആണ് എന്നാണ്. തുച്ഛമായ ശമ്പളത്തിന് ജീവനക്കാരെ നിയമിച്ച് ജീവൻ മരണ പോരാട്ടം നടത്തുന്ന രോഗികളെ വച്ച് ഇവർ വില പേശുന്നു. ജീവൻ നഷ്ടമാകും എന്ന് ഭയന്ന് രോഗിയുമായി ആശുപത്രിയിൽ ചെല്ലുന്ന രോഗികളെ വച്ച് ഇവർ ഷൈലോക്കുമാരെ പോലെ പെരുമാറി കേസ് വീർപ്പിക്കുന്നു. ഒരു രോഗത്തിന്റെ ആഴം പരിശോധിക്കുന്ന ഡോക്ടറുകൾല്ലാതെ ആർക്കും അറിയാത്തതിനാൽ ചോദിക്കുന്ന തുക നൽകിയേ മതിയാവൂ. ആശുപത്രിയിലെ മുഴുവൻ ഉപകരണങ്ങളും ഉപയോഗിച്ച് വാടക ഈടാക്കാൻ ഡോക്ടർമാർക്ക് ടാർജെറ്റ് തന്നെ കൽപ്പിച്ച് നൽകിയിരിക്കുകയാണ് മാനേജ്‌മെന്റ്.

അതുകൊണ്ട് തന്നെ വെറും പനിയുമായി ചെല്ലുന്നവരും എംആർഐ സ്‌കാൻ എടുക്കും. തലച്ചോറിനും മറ്റും പരിക്ക് പറ്റി ചെന്നാൽ ദിവസങ്ങൾ ആശുപത്രിയിൽ കിടത്തി ലാഭം കൊയ്യും. മരിക്കുമെന്ന് ഉറപ്പുള്ള രോഗയുമായി ചെന്നാൽ മരിക്കുന്നത് വരെ വെന്റിലേറ്ററിൽ കിടത്തി പോക്കറ്റ് കൊള്ളയടിക്കും. രോഗാപകടങ്ങളിലും മറ്റ് പെട്ട് കൊണ്ട് പോകുന്നവരെ മൂന്നും നാലും ദിസം കിടത്തി ഉള്ളത് ഊറ്റിയെടുത്ത ശേഷം ആയിരിക്കും മരണത്തിന് പറഞ്ഞ് വിടുക. നിസാഹയരായ രോഗിയുടെ ബന്ധുവിന് ഒന്നും ചോദിക്കാൻ പറ്റില്ല. കാരണം അവർക്ക് ആശുപത്രി പറയുന്നത് മാത്രം വിശ്വസിക്കാനേ കഴിയൂ.

ഈ നിസഹായവസ്ഥയാണ് ആശുപത്രികളുടെ ബ്ലെയ്ഡ് കമ്പനികളുടെ യഥാർത്ഥ പ്രചോദനം. കേരളത്തിലെ ഒട്ടു മിക്ക സ്വകാര്യ ആശുപത്രികളും ബ്ലെയ്ഡ് കമ്പനികൾ ആണ്. ചികിത്സയിൽ സൽപ്പേരുള്ള ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളുടെ കാര്യം പറയുകയേ വേണ്ട. ഇതിന് ജാതി വ്യത്യാസം ഒന്നുമില്ല. കൂടുതൽ സ്വകാര്യ ആശുപത്രികൾ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിൽ ആയതിനാൽ ബ്ലെയ്ഡ് കമ്പനികളുടെ ലിസ്റ്റിൽ ഇവർ കൂടുതൽ ഇടം പിടിക്കന്നു എന്ന് മാത്രം. കോട്ടയത്തെ കാരിത്താസ്, ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ, കൊച്ചിയിലെ ലെയ്ക്‌ഷോർ അസ്റ്റർ തിരുവനന്തപുരത്തെ കിംസ് തുടങ്ങ്യ ആശുപത്രികൾ എല്ലാം വൻ രോഗികളെ പിഴിതിട്ടുള്ളതായി വലിയ പരാതികൾ ആണുള്ളത്. ഈ ആശുപത്രികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഈ കൊള്ളയടികൾ. തലസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളുടെയും സ്ഥിതി ഇങ്ങനെയാണ്. രോഗികൾ വന്ന് തുടങ്ങിയാൽ ഉടൻ കൊള്ളയും ആരംഭിക്കും എന്ന അവസ്ഥ

ജീവനക്കാരുടെ ഐക്യബോധംമൂലം മരണം സംഭവിച്ചാൽ പോലും തിരിച്ചറിയാൻ വഴികളില്ല. തലസ്ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രസവം എടുക്കുവേ കുഞ്ഞിന്റെ കൈ പറിഞ്ഞു പോയെന്നും അബോധാവസ്ഥയിലായ അമ്മ കാണും മുൻപ് കുഞ്ഞിനെ മാറ്റിയെന്നും കൈ നഷ്ടപ്പെട്ടാൽ വലിയ തോതിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാൽ കുഞ്ഞിനെ പ്രസവം എടുത്ത നേഴ്‌സിനെ കൊണ്ട് തന്നെ കൊന്നു കളയിച്ചെന്നും ഒരു ആരോപണം നിലവിലുണ്ട്. ആശുപത്രിയിലെ ജീവനക്കാർ തന്നെയാണ് ഇതു പറയുന്നത്. എന്നാൽ എത്രമാത്രം വാസ്തവം ഉണ്ട് എന്ന് ആർക്കും അറിയില്ല.

ഇത്തരം അനുഭവങ്ങൾ പൊതുജനം അറിയേണ്ടതല്ലേ. അങ്ങനെ എങ്കിൽ നിങ്ങൾക്ക് സംഭവിച്ച നഷ്ടം വേറൊരാൾക്ക് കൂടി സംഭവിക്കാതിരിക്കില്ലേ? അതുകൊണ്ട് ആശുപത്രികളുടെ ദുരനുഭവങ്ങളെ കുറിച്ച് മറുനാടൻ വായനക്കാരുടെ പിന്തുണയോടെ ഒരു അന്വേഷണം ആരംഭിക്കുകയാണ്. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങൾക്ക് എഴുതുക. ചെറിയ അനുഭവങ്ങൾ ആണെങ്കിൽ ഈ വാർത്തയുടെ ഈ കമന്റ് ബോക്‌സിൽ കമന്റ് ചെയ്താൽ മതിയാകും. എന്നാൽ വിശദമായ അനുഭവം ആണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ അനുഭവം news@marunadan.in  എന്ന വിലാസത്തിലേക്ക് അയക്കുക.

ഏത് ആശുപത്രിയിൽ വച്ചാണ് നിങ്ങൾക്ക് ഇങ്ങനെ ഒരു ദുരന്താനുഭവം ഉണ്ടായത് എന്നും എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവ വിവരങ്ങൾ ആണ് ഞങ്ങൾക്ക് വേണ്ടത്. എന്നാൽ നിങ്ങളുടെ ആരോപണത്തെ ശരി വയ്ക്കുന്ന എന്തെങ്കിലും രേഖകൾ കൂടി നൽകണം. ചിലരെങ്കിലും ഈ അവസരം മുതലെടുത്ത് ആശുപത്രികളെ അപകീർത്തിപെടുത്താൻ ശ്രമിക്കുമെന്നതുകൊണ്ടും അതിന്റെ നിയമപരമായ ബാധ്യത മറുനാടൻ മലയാളിക്ക് ആവുമെന്നതു കൊണ്ടുമാണ് ഇങ്ങനെ ഒരു നിബന്ധന വയ്ക്കുന്നത്. നിങ്ങളുടെ ചികിത്സ ചെലവിന്റെ കോപ്പി/ പരാതികൾ വല്ലതും നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി എന്നിവ സഹിതം വേണം നിങ്ങളുടെ ദുരാനുഭവം എഴുതാൻ. ഇനി എന്തെങ്കിലും ഒരു ആശുപത്രിയിൽ നിന്നും മഹത്തായ അനുഭവം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അവയും എഴുതാം. മറക്കാതെ ഉടൻ ചെയ്യുക വായനക്കാരുടം സഹായത്തോടെ കേരളത്തിലെ സ്വകാര്യ ആശുപത്രി മാഫിയയുടെ തനിനിറം വ്യക്തമാക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ അവസരം നിങ്ങൾ ഉപയോഗിക്കുമല്ലോ.