കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ആരോഗ്യ രംഗത്തെ ചൂഷണങ്ങളാണ്. കോടികളുടെ ബിസിനസ്സായി ആരോഗ്യ രംഗം മാറുമ്പോൾ കീശ വീർപ്പിക്കുന്നത് സ്വകാര്യ മുതലാളിമാരാണ്. ജീവൻ നഷ്ടമാകുമെന്ന് ഭയപ്പെടുത്തി പാവപ്പെട്ടവന്റെ പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ അടിച്ചെടുക്കുകയാണ് മുതലാളിമാർ. ഇതിന് എല്ലാ ഒത്താശയും ചെയ്ത് സർക്കാരുമുണ്ട്. അപ്പോൾ പിന്നെ പാവപ്പെട്ടവന് വെറും കാഴ്ചക്കാരായി മാറാനേ കഴിയുന്നുള്ളൂ. എന്നാൽ അനുഭവകഥകൾ സമൂഹത്തെ അറിയിച്ച് കൂടുതൽ തട്ടിപ്പുകാരെ വളർത്താതിരിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്. അതിന് വഴിയൊരുക്കാൻ മറുനാടൻ മലയാളി മുന്നോട്ട് വ്ന്നപ്പോൾ വായനക്കാരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ആശുപത്രിയിലെ കൊള്ളയുടെ കഥകൾ പലതും മറുനാടന് ലഭിച്ചു.

സ്വകാര്യ ആശുപത്രികളുടെ കൊള്ളത്തരത്തിൽ നിന്ന് രക്ഷനേടാൻ ചിലർ സഹകരണ ആശുപത്രികളിലെത്തും. എന്നാൽ സഹകരണത്തിലും കൊള്ള മാത്രമാണ് നടക്കുന്നത്. ശസ്ത്രിക്രിയയ്ക്ക് അനുസരിച്ച് ഡോക്ടർമാർക്ക് കമ്മീഷൻ നൽകുന്ന രീതിയാണ് അപത്കരം. അത്തരമൊരു അനുഭവ കഥയാണ് ചുവടെ:

ഡോക്ടർമാരുടെ തട്ടിപ്പുകൾ- ഒരു ഡോക്ടർ തന്നെ പറയുമ്പോൾ
ആർവികെ നായർ

രോഗ്യ രംഗത്ത് നടക്കുന്ന പുത്തൻ ചൂഷണങ്ങൾ എങ്ങനെ തടയാം എന്ന ചിന്തയിൽ നിന്ന് ഊർജ്ജം ഉൾകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു ഒരു ലേഖനം എഴുതുന്നത്. കോഴിക്കോട് ഹോസ്പിറ്റലിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. കെ. കുഞ്ഞാലിയുടെ ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞാൻ ഇതിൽ ചേർക്കുന്നു.

ഈ അടുത്ത് ഒരു ദിവസം ഞാൻ എന്റെ ഉപ്പയെയുംകൊണ്ട് മലപ്പുറം ജില്ലയിലെ ഒരു പ്രശസ്ത സഹകരണ ആശുപത്രിയിൽ കാർഡിയോള്ളജിസ്റ്റ്‌നെ കാണാൻ പോയി.അവിടെ ഒടുക്കത്തെ തിരക്കായിരുന്നു-രാവിലെ ഒൻപതു മണിക്ക് പോയിട്ട് ഡോക്ടറെ കാണാൻ കഴിഞ്ഞപ്പോൾ സമയം അഞ്ചു മണി കയിഞ്ഞിരുന്നു. ഡോക്ടറോട് ഉപ്പയുടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു . ഉടനെ ഒരു ചെറിയ ലിസ്റ്റിൽ രണ്ടു ചെറിയ ടെസ്റ്റുകൾ കുറിച്ച് തന്നു. അത് കഴിഞ്ഞു വരാനും പറഞ്ഞു. ടിഎംടിയും എക്കോ ടെസ്റ്റും. ബിൽ അത്ര ചെറുതായിരുന്നില്ല.

ടെസ്റ്റ് കഴിഞ്ഞ് റിസൾട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഒന്നു ആൻജിയോഗ്രാം ചെയ്യേണ്ടി വരും ബ്ലോക്ക് എവിടെയാണ്ണ്! എന്ന് മനസ്സിലാക്കണം. നിങ്ങൾ നാളെ രാവിലെ നേരത്തെ വരൂ ഒരു മൂന്ന് മണിക്കൂർകൊണ്ട് എല്ലാം കഴിയും എന്നും പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം രാവിലെ അത്യാവിശ്യം വേണ്ടതെല്ലാം എടുത്ത് ആശുപത്രിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ വേറെ ചില ടെസ്റ്റിനുള്ള ലിസ്റ്റ് നേഴ്‌സ് എന്റെ കയ്യിൽ തന്നിട്ട് അതുകൂടി ചെയ്തു വന്നിട്ടുവേണം ആൻജിയോഗ്രാം ചെയ്യാൻ എന്ന് പറഞ്ഞു. അങ്ങനെ ആ ടെസ്റ്റും ആൻജിയോഗ്രാമും കഴിഞ്ഞു റിസൾട്ട് വന്നു. കാത്ത് ലാബിലേക്ക് ഡോക്ടർ എന്നെ വിളിച്ചു ആൻജിയോഗ്രാം ചെയ്ത വീഡിയോ കാണിച്ചിട്ടു പറഞ്ഞു

'ഉപ്പക്കു മൂന്ന് ബ്ലോക്കുണ്ട് ഉടനെ എന്തെങ്കിലും ചെയ്യണ്ണം (ആൻജിയോപ്ലാസ്റ്റി ചെയ്യണം). ഇല്ലെങ്കിൽ ഉപ്പാന്റെ കാര്യം കഷ്ടത്തിലാകും' പിന്നെ ഒരു കാര്യംകൂടി പറഞ്ഞു 'ഇപ്പോൾത്തന്നെ ചെയ്യുന്നതാണ് നല്ലത് നിങ്ങൾ ആലോചിച്ചിട്ടു വേഗം പറയൂ. 'അവിടെ ഡോക്ടറെ കാണാൻ വന്ന എല്ലാ ആളുകളുടെയും സ്ഥിതി മറിച്ചല്ല. എല്ലാവരോടും ബലൂൺ സർജറി (ആൻജിയോപ്ലാസ്റ്റി) ചെയ്യാൻ പറഞ്ഞു എന്നറിഞ്ഞു. ചിലരോട് ഡോക്ടർ ഇങ്ങനെയും പറഞ്ഞു 'പെട്ടന്ന് ചെയ്യണം ഇല്ലെങ്കിൽ വാപ്പ തട്ടിപോകും' ഇതൊക്കെ കേട്ട് ഞാനും വല്ലാത്ത വിഷമത്തിലായി. ഞാൻ എന്തായാലും ഡോക്ടറെ കണ്ട് കാര്യങ്ങൾ ഒന്നുകൂടി തിരക്കി.

ഈ സർജറി ചെയ്യാൻ എത്ര രൂപയാകും, എത്ര ദിവസം ഇവിടെ കിടക്കേണ്ടിവരും എന്നൊക്കെ.അപ്പോൾ ഡോക്ടർ വളരെ നിസാരമായി പറഞ്ഞു 'ഉപ്പക്കു കാര്യമായ രണ്ട് ധമനികളിൽ ബ്ലോക്ക് ഉണ്ട് അതുചെയ്യാൻ ഏകദേശം രണ്ട് ലക്ഷം രൂപ മതിയാകും. ഉള്ളിൽ വില കൂടിയ മുന്തിയ സ്റ്റണ്ട് തന്നെയിടാം അതാകും നല്ലത് (ഡോക്ടർക്ക് കമ്മിഷൻ കൂടുകയും ചെയ്യും)'. അപ്പോൾ ശരിക്കും എനിക്ക് തോന്നിയത് ഒരു കച്ചവടകാരൻ തന്റെ പ്രോഡക്റ്റ് വിൽക്കുന്ന പോല്ലെയാണ്ണ്!. ഉപ്പ എന്തായാലും ഇപ്പോൾ ചെയ്യേണ്ടാ എന്ന ഉറച്ച തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഡിസ്ചാർജ് എഴുതിത്ത്ത്ത്തന്നു. ഉപ്പക്ക് ഇത് ഇന്നോ ഇന്നല്ലെയോ തുടങ്ങിയ പ്രശ്‌നങ്ങൾ ആയിരുന്നില്ല എന്നതുകൊണ്ട് ഞാനും എതിർത്ത് ഒന്നും പറഞ്ഞില്ല. മറ്റുള്ള രോഗികളുടെ അവസ്ഥ ഇതായിരുന്നില്ല ബ്ലോക്കുണ്ടെന്നു കേട്ടപ്പോയെ ജീവതം അവസാനിച്ചു എന്ന മട്ടിൽ നിരാശരായി എന്തൊക്കെയ്യോ പിറു പിറുക്കുന്നത് കാണാമായിരുന്നു. അവരുടെ കൂടെവന്നവർ ഓപരേഷനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലും.

എന്തായാലും ഡിസ്ചാർജ് ബിൽ കിട്ടാൻ കുറച്ചു സമയമെടുക്കും, ഞാൻ ഡോക്ടറെ കാണാൻ വന്ന ഒരു രോഗിയുടെ അടുത്തിരുന്നു അദ്ധേഹത്തിന്റെ അസുഖവിവരങ്ങൾ തിരക്കി അയാൾ ഒരു മാസം മുൻപ് സർജറി കഴിഞ്ഞു ഡോക്ടറെ കാണാൻ വന്നതാണ്. ഒരു പാവപ്പെട്ട കൂലിപ്പണികാരനാണ് അദ്ദേഹം. സർജറി ചെയ്താൽ എല്ലാ പ്രശ്‌നങ്ങളും തീരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഇല്ലാത്ത കാശുണ്ടാക്കി അതങ്ങു ചെയ്തു പക്ഷെ എനിക്ക് ഇപ്പോയും പണിയെടുക്കാനൊന്നും വയ്യാ എന്നയാൾ സങ്കടത്തോടെ പറഞ്ഞപ്പോൾ മനസ്സൊന്നു പതറി. ഇതൊക്കെ കേട്ട് സമയം പോയതറിഞ്ഞില്ല. ഞാൻ ഡിസ്ചാർജ് ബില്ലടച്ചു രസീത് വാങ്ങി ആൻജിയോഗ്രാം ചെയ്തതിന്റെ വീഡിയോ പകർപ്പ് ചോദിച്ചപ്പോയാണ് അക്ഷരാർഥത്തിൽ ഞെട്ടിപോയത് അതിനു 750 രൂപ വേറെ അടക്കണമെന്നു. വെറും 15 രൂപയുടെ സീഡിയിൽ പകർപ്പ് ചെയ്തുതരാൻ 30 രൂപപോലും തികച്ചു വേണ്ടെന്നിരിക്കെ ഇത്രയും വലിയ തുക ഈടാക്കുന്നതിനെതിരെ ഞാൻ ചോദ്യംചെയ്തപ്പോൾ ബില്ലിങ് സെക്ഷനിലേ മാഡത്തിന്റെ ഉത്തരം ഇതായിരുന്നു 'എല്ലാ ആശുപത്രിയിലും ഇതിനെക്കാൾ വലിയ തുകയാണ് നിങ്ങള്ക്ക് പരാതി ഉണ്ടെങ്കിൽ ഓഫീസിൽ പറയണം'. ആരോഗ്യരംഗത്തെ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിൽ ആണെന്നതു എനിക്ക് ഒറ്റ ദിവസംകൊണ്ട് മനസ്സിലായി.

'ഇടിമിന്നലേറ്റവനെ പാമ്പ് കടിച്ച പോലെ' എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടിൽ അതിനെ അനര്തമാക്കുന്ന വിതം വ്യവസായമായി മാത്രം ഇന്നു ആരോഗ്യ രംഗം മാറിയിരിക്കുന്നു. ഒരു രോഗി വന്നാൽ അവനെവച്ചു ഏതൊക്കെ രീതിയിൽ കാശുണ്ടാക്കാം എന്നാണ് അവർ ചിന്തിക്കുന്നത്. എമെർജെൻസി രോഗികളാണ് ഇന്നു ഡോക്ടർമാർക്ക് ഏറ്റവും പ്രിയപ്പെട്ടവർ. അവരാകുമ്പോൾ ആസുപത്രിയിലുള്ള സകലടെസ്റ്റും ചെയ്‌തോളും പ്രത്യകിച്ചു ഹാർട്ട് അറ്റാക്ക് വന്നവരാകുമ്പോൾ സംഗതി കുശാൽ !!!….

നമ്മുടെ നാട്ടിൽ ഹൃദരോഗികൾ കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു അതിന്റെ കാരണക്കാരും നമ്മൾ തന്നെ. ഭക്ഷണ രീതിയിലെ അറേബ്യൻ ടച്ച് കേരളത്തിലും പ്രത്യേകിച്ച് മലബാറിലും പടർന്ന്! അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുമ്പോൾ കാർഡിയോളോജി ഡോക്ടർമാർക്ക് ചാകര വന്ന സന്തോഷമാണ്. അന്ജിയോപ്ലാസ്ടിയും ബൈപാസ്സ് സർജരിയും നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായിരിക്കുന്നു. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരുന്ന ഇത്തരം സർജറികൾ പെട്ടന്ന് ചെയ്യണം എന്ന് ഡോക്ടർമാർ പറയുന്നതിലെ വ്യവസായ ലക്ഷ്യം തുറന്നു പറയുകയാണ് ഡോ. കെ കുഞ്ഞാലി.

ഡോ .കെ കുഞ്ഞാലിയുടെ നാൽപതു വർഷത്തെ അനുഭവത്തിന്റെ വെള്ളിച്ചത്തിൽ ആൻജിയോപ്ലാസ്റ്റി ഒരു പരാജയമാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. മാത്രമല്ല ഇതുവരെ അദ്ധേഹത്തിന്റെ മൂവായിരത്തിൽ ഏറെ വരുന്ന ഹൃദയരോഗികളിൽ ഓപ്പറേഷൻ ചെയ്തവരെക്കാൾ കൂടുതൽക്കാലം ജീവിച്ചത് ഓപ്പറേഷനൊന്നും ചെയ്യാതെ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധ ചെലുത്തി ജീവിച്ചവർ ആണെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. എന്തിനേറെ പറയുന്നു ഈ ഡോക്ടര്തന്നെ അതിനു ജീവിച്ചിരിക്കുന്ന തെളിവാണ്. 23 വർഷങ്ങൾക്കു മുൻപ് ഹൃദയ ധമനികളിൽ രണ്ടു ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു ശസ്ത്രക്രിയ ചെയ്യാതെ തന്റെ ജീവിത രീതിയിൽ മാറ്റം വരുത്തി സ്വയം പരീക്ഷണത്തിന്നു വിധേയമായി നടത്തിയ ഗവേഷനങ്ങളുടെയും അനുഭവ സമ്പത്തിന്റെയും വെളിച്ചത്തിൽ ഇന്നു കോഴിക്കോട് 'ഡോ. കുഞ്ഞാലിസ് ഓപ്പണിങ്ങ് ഹാർട്ട് പ്രോഗ്രാം' എന്ന പേരിൽ ഓപ്പറേഷൻ കൂടാതെ ഹൃദയരോഗികളെ ചികിൽസിച്ചു സുഗപെടുത്തിവരുന്നു.

രോഗത്തെ അല്ല രോഗം ഉണ്ടാക്കാൻ കാരണമായവയെ കണ്ടെത്തി അതിനെ ഒഴിവാക്കുകയാണ് വേണ്ടത് എന്ന് ഡോക്ടർ പറയുന്നു. ഇതാണ് വസ്തുത എന്നിരിക്കെ എന്തിനാണ് നമ്മുടെ ഡോക്ടർ സമൂഹം ഓപ്പറേഷനു തിടുക്കം കാട്ടുന്നത് എന്നതിന്റെ മനഃശാസ്ത്രം മനസിലാക്കാൻ ഡോക്ടർ ബുദ്ധിയൊന്നും വേണ്ട! ഓരോ മരുന്ന് കമ്പനിക്കാരും കൊടുക്കുന്ന കാശിന്റെ തൂക്കമനുസരിച് ഡോക്ടർമാർ രോഗിയെ ഉപയോഗിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ പ്രതികരിക്കാതിരുനാൽ കേരളം നേടിയ വിദ്യഭ്യാസവും സാക്ഷരതയും ഉപയോഗസൂന്യമാണെന്നു വിലയിരുത്തേണ്ടി വരും.

-------
(ആർവികെ നായർ പങ്കുവച്ചതിന് സമാനമായ അനുഭവങ്ങൾ പൊതുജനം അറിയേണ്ടതല്ലേ. അങ്ങനെ എങ്കിൽ നിങ്ങൾക്ക് സംഭവിച്ച നഷ്ടം വേറൊരാൾക്ക് കൂടി സംഭവിക്കാതിരിക്കില്ലേ? അതുകൊണ്ട് ആശുപത്രികളുടെ ദുരനുഭവങ്ങളെ കുറിച്ച് മറുനാടൻ വായനക്കാരുടെ പിന്തുണയോടെ ഒരു അന്വേഷണം ആരംഭിച്ചത്്. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങൾക്ക് എഴുതുക. ചെറിയ അനുഭവങ്ങൾ ആണെങ്കിൽ ഈ വാർത്തയുടെ ഈ കമന്റ് ബോക്‌സിൽ കമന്റ് ചെയ്താൽ മതിയാകും. എന്നാൽ വിശദമായ അനുഭവം ആണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളുടെ അനുഭവംnews@marunadan.in എന്ന വിലാസത്തിലേക്ക് അയക്കുക.

ഏത് ആശുപത്രിയിൽ വച്ചാണ് നിങ്ങൾക്ക് ഇങ്ങനെ ഒരു ദുരന്താനുഭവം ഉണ്ടായത് എന്നും എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവ വിവരങ്ങൾ ആണ് ഞങ്ങൾക്ക് വേണ്ടത്. എന്നാൽ നിങ്ങളുടെ ആരോപണത്തെ ശരി വയ്ക്കുന്ന എന്തെങ്കിലും രേഖകൾ കൂടി നൽകണം. ചിലരെങ്കിലും ഈ അവസരം മുതലെടുത്ത് ആശുപത്രികളെ അപകീർത്തിപെടുത്താൻ ശ്രമിക്കുമെന്നതുകൊണ്ടും അതിന്റെ നിയമപരമായ ബാധ്യത മറുനാടൻ മലയാളിക്ക് ആവുമെന്നതു കൊണ്ടുമാണ് ഇങ്ങനെ ഒരു നിബന്ധന വയ്ക്കുന്നത്. നിങ്ങളുടെ ചികിത്സ ചെലവിന്റെ കോപ്പി/ പരാതികൾ വല്ലതും നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി എന്നിവ സഹിതം വേണം നിങ്ങളുടെ ദുരാനുഭവം എഴുതാൻ. ഇനി എന്തെങ്കിലും ഒരു ആശുപത്രിയിൽ നിന്നും മഹത്തായ അനുഭവം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അവയും എഴുതാം. മറക്കാതെ ഉടൻ ചെയ്യുക വായനക്കാരുടം സഹായത്തോടെ കേരളത്തിലെ സ്വകാര്യ ആശുപത്രി മാഫിയയുടെ തനിനിറം വ്യക്തമാക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ അവസരം നിങ്ങൾ ഉപയോഗിക്കുമല്ലോ.)