ന്യൂഡൽഹി: ഏറെ ഇന്ധനക്ഷമതയുള്ളതും ഡീസൽ എൻജിൻ ശ്രേണിയിലെ ഏറ്റവും ചെറിയ എൻജിനുമായി മാരുതി സുസൂക്കിയെത്തുന്നു. 800 സിസിയിൽ ഏറ്റവും ചെറിയ എൻജിനുമായാണ് മാരുതി സുസൂക്കിയെത്തുന്നത്. അടുത്ത രണ്ടു മാസത്തിനുള്ളിൽ മാരുതിയുടെ 800 സിസി എൻജിൻ കാറുകൾ വിപണിയിലെത്തുമെന്നാണ് സൂചന.

സുസൂക്കി വികസിപ്പിച്ചെടുത്ത ഈ എൻജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരികയായിരുന്നു. നിലവിൽ 1300 സിസി ഡീസൽ എൻജിനുകളാണ് മാരുതി വിപണിയിലിറക്കുന്നത്. മാരുതി പുതുതായി വിപണിയിലിറക്കാൻ ഉദ്ദേശിക്കുന്ന 800 സിസി എൻജിൻ വളരെ ഇന്ധന ക്ഷമതയുള്ളതും രാജ്യത്ത് നിലവിൽ ഈ ശ്രേണിയിലുള്ള ഡീസൽ എൻജിനുകളിൽ ഏറ്റവും ചെറുതുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ 30 കിലോ മീറ്റർ മൈലേജും പുതിയ എൻജിൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

വൻ വില കൊടുത്ത് കാറു വാങ്ങാൻ പ്രാപ്തിയില്ലാത്ത സാധാരണക്കാരന് പ്രാപ്യമായ രീതിയിലാണ് ചെറുകാറുകളിൽ 800 സിസി ഡീസൽ എൻജിൻ ഘടിപ്പിച്ച് മാരുതി ചെറുകാർ വിപണിയിലെത്തിക്കുന്നത്. ആദ്യഘട്ടത്തിൽ സെലറിയോ മോഡൽ ചെറു കാറുകളിലായിരിക്കും 800 സിസി എൻജിൻ ഘടിപ്പിച്ച് ഇറക്കുക. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെലറിയോ മോഡൽ മാരുതി വിപണിയിലിറക്കിയത്. പ്രതിമാസം അയ്യായിരം സെലറിയോ കാറുകളാണ് വിറ്റുപോകുന്നത്. സെലറിയോ പെട്രോൾ കാറുകൾക്ക് നിലവിൽ 3.9 ലക്ഷം രൂപ മുതൽ 4.96 ലക്ഷം രൂപ വരെയാണ് വില.

ചെറിയ ഡീസൽ എൻജിൻ ഘടിപ്പിച്ച കാറുകൾ ഇന്ത്യയിൽ അധികമില്ല. ജനറൽ മോട്ടോഴ്‌സിന്റെ ബീറ്റ് ആണ് നിലവിൽ ഡീസൽ എൻജിൻ ഉള്ള ചെറുകാറുകളിൽ ഒന്ന്. എന്നാൽ 1000 സിസി എൻജിനാണ് ബീറ്റിനുള്ളത്. ഇതിന് 25 കിലോമീറ്ററാണ് മൈലേജ് ലഭ്യമാകുന്നത്.  സെലറിയോ ഡീസൽ ചെറുകാറുകളിൽ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് മാരുതി കരുതുന്നു. വർഷം ഒരു ലക്ഷം മിനി ഡീസൽ എൻജിനുകൾ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

മികച്ച ഇന്ധന ക്ഷമതയും കുറഞ്ഞ മെയിന്റനൻസും ഉപയോക്താക്കളെ സെലറിയോ ഡീസലിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണെന്നും കമ്പനി എക്‌സിക്യുട്ടീവുകൾ പറയുന്നു.