കൊച്ചി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവതി പിടിയിലായ സംഭവത്തിൽ അന്വേഷണം ബംഗളുരുവിലേക്കും. കലൂർ കതൃക്കടവ് വട്ടേക്കാട്ട് റോഡിൽ ജോസൺ വീട്ടിൽ മേരി ആൻ ക്ലമന്റ് (37) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ആറു മാസം വളർച്ചയെത്തിയ ആറര അടി ഉയരമുള്ള ചെടികളാണ് പിടിച്ചെടുത്തത്.

ആയുർവേദ വൈദ്യൻ നിര്‌ദേശിച്ചത് അനുസരിച്ചാണ് കഞ്ചാവ് വളർത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരുവിലുള്ള സുഹൃത്താണ് ചെടികൾ നല്കിയതെന്നും ഇവർ പറഞ്ഞു. അമ്മയ്ക്കു തൈറോയ്ഡ് ഹോർമോണ് വ്യതിയാനം ഉണ്ടാകുന്നതിനുള്ള മരുന്നായി വൈദ്യന് നിർദ്ദേശിച്ചത് കഞ്ചാവ് ആണെന്നും പൊലീസിനോട് ഇവർ വിശദീകരിച്ചു. ഇവരുടെ മൊഴി പൊലീസ് പൂര്ണമായും വിശ്വസിച്ചിട്ടില്ല. ടൂറിസ്റ്റ് ഗൈഡാ ആയാണ് മേരി ജോലി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് എത്തിയപ്പോൾ ചെടികൾ നശിപ്പിക്കാനും മേരി ശ്രമം നടത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നത്. കഞ്ചാവ് നൽകിയെന്ന് പറഞ്ഞ സുഹൃത്തിനേയും വൈദ്യനേയും പൊലീസ് ചോദ്യം ചെയ്യും. വീടിന്റെ മുകളിൽ കഞ്ചാവ് ചെടികൾ വളർത്തുന്നു എന്ന് പൊലീസിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം നിരീക്ഷണം നടത്തിയതിനു ശേഷമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്.

വ്യാഴാഴ്ച പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേരി ടെറസിൽ കഞ്ചാവ് ചെടി വളർത്തിയതിനെപ്പറ്റി അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിക്കെതിരേ എൻ.ഡി.പി.എസ്. 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തുകൊല്ലം തടവ് ലഭിക്കാവുന്ന കേസാണ് ഇത്. നോർത്ത് സിഐ കെ.ജെ. പീറ്റർ, എസ്.ഐ. വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.

അഡീ. എസ്.ഐ. സുരേഷ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളായ സന്തോഷ്, മാഹിൻ, ശ്രീകാന്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ആറു മാസം വളർച്ചയെത്തിയ ആറര അടി ഉയരമുള്ള അഞ്ച് ചെടികളാണ് പിടിച്ചെടുത്തത്. എല്ലാം പൂക്കാറായ ചെടികളാണ്. ടെറസിൽ മറ്റു ചെടികൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് വളർത്തൽ.