- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രീയ നൃത്തം പഠിച്ചതിന് മഹല്ല് കമ്മിറ്റി ഊരുവിലക്കി; പെറ്റമ്മയുടെ ഖബറടക്കം പോലും തടഞ്ഞു; അതേ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങി ഉചിതമായ മറുപടി; സംഗീത കലാകാരനുമായി വിവാഹം; കൂടൽമാണിക്യം ഉത്സവത്തിൽ മതത്തിന്റെ പേരിൽ വിലക്കിയ മൻസിയ 'അതിജീവനം' കലയാക്കിയ നർത്തകി
മലപ്പുറം: നർത്തക മൻസിയയെ കൂടൽമാണിക്യം ക്ഷേത്രം ഭാരവാഹികൾ മതത്തിന്റെ പേരിൽ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി എന്ന വാർത്ത പുറത്തുവന്നത് സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. ശാസ്ത്രീയ നൃത്തവും ക്ഷേത്ര കലകളും അഭ്യസിച്ചതിന്റെ പേരിൽ ഇസ്ലാം മതത്തിലെ പുരോഹിതർ ഊരുവിലക്കിയ നർത്തകി കൂടിയാണ് മൻസിയ. ഇവരുടെ ജീവിതം എന്നുമൊരു പോരാട്ടമായിരുന്നു. അങ്ങനെയുള്ള നർത്തകിക്ക് എതിരെയാണ് ഇപ്പോൾ ക്ഷേത്രഭാരവാഹികളും തിരിഞ്ഞിരിക്കുന്നത്.
ക്ഷേത്രകലകൾ അഭ്യസിച്ചതിന്റെ പേരിൽ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മൻസിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏർപ്പെടുത്തിയത് കാലങ്ങൾക്ക് മുന്നാണ്. മൻസിയയുടെ മാതാവ് മരിച്ചപ്പോൾ പോലും മൃതദേഹം കബറടക്കാൻ പോലും മതനേതൃത്വം അനുവദിച്ചിരുന്നില്ല. ഊരുവിലക്ക് നേരിട്ട അതേ നാട്ടിൽ തന്നെ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങിയാണ് മൻസിയ വിലക്ക് ഏർപ്പെടുത്തിയവർക്ക് മറുപടി നൽകിയത്.
ചെറുപ്പം മുതൽ മനസ്സിൽ കലയെ നെഞ്ചേറ്റിയ മൻസിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മഹല്ല് കമ്മിറ്റി മൻസിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവർ മതശാസനം നൽകി. തുടർന്ന് ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ഇവർ അനുവദിച്ചില്ല.
കൊലപാതകി മുതൽ ബലാത്സംഗ കുറ്റവാളി വരെയുള്ളവർക്കെല്ലാം 'പൂർവ ചരിത്രം' നോക്കാതെ പ്രാർത്ഥന ചൊല്ലി കബറടക്കുന്ന പ്രമാണിമാർക്കെല്ലാം, സ്വന്തം മകളുടെ ഇഷ്ടങ്ങളെ സ്‌നേഹിച്ച ഒരുമ്മയുടെ വാത്സല്യം പൊറുക്കാനാവാത്ത തെറ്റായിരുന്നു. കലാജീവിതത്തിൽ മതം തടസമാകുമെന്ന കണ്ട മൻസിയ ഇസ്ലാമിക ജീവിത രീതികൾ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയം തുടങ്ങിയ മൻസിയ കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേർന്നു. അതേസമയം, മത നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണികൾ വന്നെങ്കിലും അതെല്ലാം അതിജീവിക്കാൻ അവർക്കു കഴിഞ്ഞു. മൂന്നാം വയസ്സ് മുതൽ നെഞ്ചോട് ചേർത്ത നൃത്തം സ്വന്തം ജീവിതം തന്നെയെന്ന് തീരുമാനിച്ചു മൻസിയ. ചെറുപ്പം മുതൽ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവ വേദികളിൽ ഒന്നാം റാങ്കു തന്നെയായിരുന്നു.
അതായിരുന്നു യാഥാസ്തിക മതവാദികൾക്ക് ദഹിക്കാതെ പോയത്. ദൈവികമായ ഒരു കഴിവിൽ തന്റെ മാറ്റു തെളിയിച്ചതിന്റെ പേരിൽ മത നേതാക്കൾ ഒറ്റപ്പെടുത്താൻ ശ്രമിച്ച മൻസിയ സ്വന്തം മാതാപിതാക്കളുടെ മാത്രം പിന്തുണയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. മൻസിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കാത്തതിന്റെ പേരിൽ ഏറെ അവഗണനകളും എതിർപ്പുകളും ഏറ്റു വാങ്ങേണ്ടി വന്നു.
നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്ന സ്ത്രീ വിവേചനത്തിന്റെയും, മുസ്ലിം സമുദായത്തിൽ ഇപ്പോഴും നില നിൽക്കുന്ന സങ്കുചിത മനോഭാവത്തിന്റെയും നേർക്കാഴ്ചയായിരുന്നു മൻസിയയും കുടുംബവും നേരിട്ട അനുഭവങ്ങൾ. ഒരു പക്ഷെ 'മൻസിയ'ക്കു പകരം 'മൻസൂർ'-ഉം 'ഭരതനാട്യ'ത്തിന് പകരം കണ്ടംപററി ഡാൻസുമായിരുന്നെങ്കിൽ ഈ കഥ ഇങ്ങനെയാവുമായിരുന്നില്ല. ചലച്ചിത്ര, നൃത്ത, ടെലിവിഷൻ മേഖലകളിൽ നിന്ന് നിങ്ങൾക്കതിനു ഏറെ ഉദാഹരണങ്ങൾ കാണാനാവും, താര ചക്രവർത്തിമാരടക്കം.
തിരിഞ്ഞു നോക്കാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ ശ്രമിക്കുന്നില്ല മൻസിയ ഇന്നും. കല ദൈവികമാണെങ്കിൽ കലകൾക്കെല്ലാം ഒരു മതമേ ഉള്ളുവെന്നും, മതം നോക്കാതെ കലയെ ആസ്വദിക്കാൻ നമുക്ക് കഴിയണമെന്നും മാത്രമേ ഈ വിജയത്തിളക്കത്തിലും മൻസിയക്ക് പറയാനുള്ളു.
നൃത്ത കലയെ അത്രമേൽ സ്‌നേഹിച്ചതിന്റെ പേരിൽ എതിർപ്പുകളുടെ 'ബദർ യുദ്ധം' നേരിടേണ്ടി വന്ന ഈ പെൺകുട്ടി മദ്രാസ് സർവകലാശാല എം എ ഭരതനാട്യത്തിന് ഒന്നാം റാങ്ക് നേടിയിരുന്നു. മൻസിയയുടെ സഹോദരി റൂബിയയും ചേച്ചിയുടെ പിന്നാലെ നൃത്തത്തിന്റെ വഴിയിലാണ്. മതത്തിനുമപ്പുറത്താണ് കലയെന്നും അതിജീവനത്തിന്റെ ആദ്യ പാഠം സ്വയം തിരിച്ചറിവുകളാണെന്നും തെളിയിച്ചതാണ് ഇവരുടെ ജീവിതം.
അടുത്തിടെയാണ് മൻസിയ സംഗീതകലാകാരൻ കൂടിയായ ശ്യാം കല്യാണിനെ വിവാഹം ചെയ്തത്. കൂടൽ മാണിക്യം ക്ഷേത്ര അധികൃതരുടെ നടപടിയിൽ മൻസിയ ദുഃഖിതയാണ്. ബയോഡാറ്റ അയച്ചു കൊടുത്തിരുന്നു. അവിടെ നിന്ന് വളരെ നല്ല ബയോഡേറ്റയാണ് എന്നുള്ള വിളിയൊക്കെ വന്നു. ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി പരിപാടി ചാർട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് നോട്ടീസും അടിച്ചു. പിന്നീട് ഇന്നലെ രാത്രിയാണ് അവിടെ നിന്ന് വീണ്ടും വിളി വരുന്നത്. അപ്പോൾ ഞാൻ കരുതിയത് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്താനാണ് എന്നാണ്. എന്നാൽ 'നമുക്ക് ആ പരിപാടി ചെയ്യാൻ പറ്റില്ല, അഹിന്ദുക്കളെ അവിടെ കയറ്റാൻ പറ്റില്ല' എന്നു പറഞ്ഞുവെന്നാണ് മൻസിയ പറയുന്നത്.
എന്നാൽ അവിടെ തൊഴാനല്ല മറിച്ച് ഭരതനാട്യം ഡാൻസർ എന്ന രീതിയിലല്ലേ ഞാൻ അപേക്ഷിച്ചത് എന്ന് ചോദിച്ചു. ദേശീയ നൃത്തോത്സവം എന്നാണല്ലേ പേര്, എന്റെ ഡാൻസിലെ എന്തെങ്കിലും പ്രശ്‌നമാണെങ്കിൽ അതല്ലേ പറയേണ്ടത്. പിന്നെ ചോദിച്ചത് 'വിവാഹശേഷം മതം മാറിയോ' എന്നാണ്. അങ്ങനെയാണെങ്കിൽ നൃത്തം ചെയ്യാമെന്നും. മതമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന ആളാണ് ഞാൻ എന്ന് മറുപടി നൽകി. എന്നാൽ അവതരിപ്പിക്കാൻ പറ്റില്ല എന്ന മറുപടി നൽകി. ഭർത്താവിന്റെ കുടുബമൊക്കെ ഹിന്ദു ആചാരങ്ങളൊക്കെ പിന്തുടരുന്നവരാണ്. അവരെന്നോടോ ഞാനവരോടോ ഇതുവരെ മതം അടിച്ചേൽപ്പിച്ചിട്ടില്ലെന്നും മൻസിയ പറയുന്നു.
കേരളത്തിൽ ശാസ്ത്രീയ നൃത്തം ഒരു ജനപ്രിയമായി മാറാതെ ഇപ്പോഴും ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. സർക്കാർ വേദികളിൽപ്പോലും ഒന്നും രണ്ടും മണിക്കൂർ സിനിമാ താരങ്ങൾക്കാണ് നൽകുന്നത്. അരമണിക്കൂറെങ്കിലും ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് നൽകേണ്ടതല്ലേ?യെന്ന ചോദ്യവും മൻസിയ ഉന്നയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ