ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇനി മാസ്‌ക് ധരിക്കാത്തവർ 2000 രൂപ പിഴയൊടുക്കണം. 500 രൂപയിൽ നിന്നാണ് പിഴത്തുക 2000 ആയി വർദ്ധിപ്പിച്ചു. ഹൈക്കോടതിയിൽ നിന്നും സർക്കാറിന് കടുത്ത വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ തീരുമാനം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൈക്കൊണ്ടത്.

സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു കിടക്കകളുടെ 80 ശതമാനവും നോൺ ഐ.സി.യു കിടക്കകളുടെ 60 ശതമാനവും കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ അല്ലാത്തവ മാറ്റിവയ്ക്കാനും നിർദ്ദേശം നൽകിയതായി കെജ്രിവാൾ വ്യക്തമാക്കി.

ലെഫ്റ്റനന്റ് ഗവർണറുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് കെജ്രിവാൾ പറഞ്ഞു. നിരവധി ആളുകൾ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മത, സാമൂഹ്യ, രാഷ്ട്രീയ സംഘടനകൾ ആളുകൾക്ക് മാസ്‌ക് നൽകാനും മാസ്‌ക് ധരിക്കാൻ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണമെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം മാസ്‌ക് ധരിക്കുന്നതാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

മാസ്‌ക് ധരിക്കാത്തവർക്കെതിരെ 2000 പിഴ ഈടാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ റവന്യൂ, പൊലീസ് വകുപ്പുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ ആശുപത്രികളിൽ 7461 നോൺ ഐ.സി.യു ബെഡുകളും 446 ഐ.സി.യു ബെഡുകളും ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.