- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം; സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിർബന്ധമാക്കി സർക്കാർ; പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ; ദുരന്തനിവാരണ നിയമപ്രകാമുള്ള ഉത്തരവ്, പിഴതുക വ്യക്തമാക്കാതെ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്.
പൊതു സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്ന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രചെയ്യുമ്പോഴും നിർബന്ധമായും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. അതേസമയം, എത്ര രൂപയാണ് പിഴയായി ഈടാക്കുക എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ, തൊഴിലടങ്ങൾ, വാഹന യാത്രകളിലും മാസ്‌ക് ധരിക്കൽ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു. ഡൽഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയിരുന്നു. ഡൽഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.
ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്‌ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. കോവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്,മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കൊച്ചിയിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകൾ വർധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വർധിച്ചാൽ പ്രായമായവരെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രിക്കോഷൻ ഡോസ് നൽകാൻ പ്രോത്സാഹിപ്പിക്കണം. വാക്‌സിനേഷൻ പരമാവധി ആളുകളിൽ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷൻ ശക്തിപ്പെടുത്തും.ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളിൽ കൂടിയ നിരക്കിൽ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ