കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്ത വ്യാപ്തി ഇനിയും ഉയരേണ്ടതായിരുന്നു. അത്രയേറെ വെടിമരുന്ന് ഈ അമ്പലത്തിൽ കരുതിയിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് കമ്പപ്പുരയ്ക്ക് തീപിടിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ കമ്പം തുടങ്ങിയിരുന്നു. അതായത് കമ്പം തുടങ്ങി മൂന്ന് മണിക്കൂർ കഴിഞ്ഞായിരുന്നു അപകടം. അതായത് കരുതിയിരുന്ന കമ്പത്തിന്റെ എൺപത് ശതമാനവും കത്തിയിരുന്നു.

രണ്ട് കമ്പപ്പുരകളാണ് ക്രമീകരിച്ചിരുന്നത്. അതിൽ ഒന്നിലുണ്ടായിരുന്നവ പൂർണ്ണമായും ഉപയോഗിച്ചിരുന്നു. രണ്ടാമത്തേതും പകുതിയിലേറെ ഉപയോഗിച്ചു. അതുകൊണ്ട് തന്നെ ശേഖരിച്ചതിൽ നാലിലൊന്ന് മാത്രമാണ് കമ്പപ്പുരയിൽ ഉണ്ടായിരുന്നത്. എന്നിട്ടും പുറ്റിംഗലിൽ ഉണ്ടാത് കേരളത്തെ ഞെട്ടിച്ച ദാരുണമായ ദുരന്തമായി. രണ്ട് കമ്പപ്പുരയിലും നിറയെ വെടിമരുന്നുണ്ടായിരുന്നുവെങ്കിൽ ഇതിലുമേറെ വലുതാകുമായിരുന്നു ദുരന്ത വ്യാപ്തി. കൊല്ലം-തിരുവനന്തപുരം അതിർത്തി പ്രദേശമാണ് പരവൂർ. അതുകൊണ്ട് തന്നെ രണ്ട് ജില്ലയിൽ നിന്നും നിരവധി പേർ കമ്പം കാണാനെത്തി. ഇതിൽ മൂക്കാൽ ഭാഗം പേരും രണ്ടരയോടെ തന്നെ മടങ്ങിയിരുന്നു.

അതുകൊണ്ട് കമ്പം തുടങ്ങിയപ്പോൾ ക്ഷേത്ര പരിസരത്തുണ്ടായിരുന്നതിൽ ഏറെ പങ്കും മടങ്ങിയിരുന്നു. കമ്പം കഴിയും തോറും അതിനടുത്തേക്ക് ആളുകൾ പോകുന്നതും കൂടി. എല്ലാം അവസാനിപ്പിക്കുന്നതിന്റെ അലസതയും ഉണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടണം ഉണ്ടായപ്പോൾ തന്നെ ആളുകൾ ഭയപ്പാടിലായി. ഇത് തിക്കും തിരിക്കും ഉണ്ടാക്കി. ഇവരിലേക്ക് ദേവസം ഓഫീസിന്റെ ഭാഗങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ ആളുകൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങുകയും ചെയ്തു.

വൈദ്യുതി ബന്ധം നിലച്ചതിനാൽ എങ്ങും ഇരുട്ടു പടർന്നു. കമ്പപ്പുരയ്ക്കും ദേവസം ഓഫീസിനും അടുത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുമുണ്ടായി. പൊട്ടാത്ത അമിട്ടുകൾ ഇനിയും ദുരന്തമുണ്ടാകുമോ എന്ന ഭയവും ഉണ്ടായി. അതുകൊണ്ട് തന്നെ കമ്പപ്പുരയ്ക്ക് അടുത്തേക്ക് കരുതലോടെ മാത്രമേ രക്ഷാ പ്രവർത്തകർ എത്തിയുള്ളൂ. എങ്കിലും നാട്ടുകാർ ആവും വിധമെല്ലാം രക്ഷാപ്രവർത്തനം നടത്തി. നാലരയോടെ തന്നെ ആറുപതോളം മൃതദേഹങ്ങൾ ക്ഷേത്രത്തിൽ നിന്ന് നീക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി.

ഞായറാഴ്ച ആയതിനാൽ ആശുപത്രിയിൽ എല്ലാം ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് ഇടപെട്ട് ഈ പ്രശ്‌നം അതിവേഗം പരിഹരിച്ചു. എന്നാലും ആശുപത്രിയിലെത്തിയ ബഹുഭൂരിഭാഗം പേരും മരിച്ച നിലയിലായിരുന്നു. പൊള്ളലേറ്റും കെട്ടിടാവശിഷ്ടങ്ങൾ വീണും പരിക്കേറ്റവരാണ് ഗുരുതരമായി പരിക്കേറ്റവരിൽ ഭൂരി ഭാഗവും. അതുകൊണ്ട് തന്നെ മരണ സംഖ്യം ഉയരുമെന്ന സൂചനയാണ് ആശുപത്രികളും നൽകുന്നത്. തിരുവനന്തപുരം-കൊല്ലം ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ചവരെ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും അനിവാര്യമാണെന്നാണ് വിലയിരുത്തൽ. അതിനുള്ള നടപടികൾ ആരംഭിക്കാനും ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.