മസ്‌കറ്റ്: മസ്‌കറ്റിലെ മലയാളി ഉടമസ്ഥതയിലുള്ള ഹൈപ്പർമാർക്കറ്റിന്റെ വെയർഹൗസിൽ വൻ തീപിടിത്തം. മക്ക ഹൈപ്പർമാർക്കറ്റിന്റെ മുലദ ഇന്ത്യൻ സ്‌കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന വെയർഹൗസിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടിയിലധികം റിയാലിന്റെ നഷ്ടമുണ്ടായതായി മക്ക ഹൈപ്പർമാർക്കറ്റ് അധികൃതർ പറഞ്ഞു.

രണ്ട് മണിയോടെ ജീവനക്കാർ ഉച്ച വിശ്രമത്തിനായി പോയസമയത്താണ് തീപിടിത്തമുണ്ടായത്. ഷോർട്ട്‌സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.മുലദ ഇന്ത്യൻ സ്‌കൂളിന് എതിർവശത്തുള്ള വിശാലമായ കോമ്പൗണ്ടിലാണ് വെയർഹൗസ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്‌സ് എത്തും മുമ്പ് ടാങ്കറിലും മറ്റും വെള്ളം കൊണ്ടുവന്ന് അടിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മക്കയുടെ ഒമാനിലെ എല്ലാ ഷോറൂമുകളിലേക്കുമുള്ള സാധനങ്ങൾ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ടായിരുന്നു. വിവിധ സിവിൽ പ്രതിരോധ കേന്ദ്രങ്ങളിൽ നിന്നായി 12 യൂനിറ്റോളം ഫയർഫോഴ്‌സ് സ്ഥലത്തെത്തി. സന്ധ്യ കഴിഞ്ഞിട്ടും തീയണക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുനിരത്താൻ ആരംഭിച്ചു. രാത്രി വൈകിയും തീകെടുത്താനുള്ള ശ്രമങ്ങൾ തുടർന്നതായാണ് റിപ്പോർട്ട്.