അമൃതപുരി: മാതാ അമൃതാനന്ദമയിയുടെ 62ാം ജന്മദിനം ഇന്ന്. പിറന്നാൾ ആഘോഷങ്ങളിൽ പങ്കു ചേരാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ശനിയാഴ്ച തന്നെ അമൃതപുരിയിൽ എത്തിച്ചേർന്നിരുന്നു. അമൃത എൻജിനിയറിങ് കോളേജ് അങ്കണത്തിൽ തയ്യാറാക്കിയ കൂറ്റൻ പന്തലിലാണ് ആഘോഷ പരിപാടികൾ നടക്കുക.

ചടങ്ങിൽ ബിജെപി. ദേശീയ പ്രസിഡന്റ് അമിത് ഷാ മുഖ്യാതിഥിയാകും. ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്തുള്ള, ശ്രീപദ് നായിക്, മനോജ് സിൻഹ, രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ, മന്ത്രിമാർ, വി.എച്ച്.പി. നേതാവ് അശോക് സിംഗാൾ, ഫ്രാൻസിന്റെ അംബാസഡർ ഫ്രാൻസ്വാ റിഷിയേർ തുടങ്ങിയവർ പങ്കെടുക്കും.പുലർച്ചെ അഞ്ചിന് ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയിലും പരിസര പ്രദേശങ്ങളിലും 2500 പൊലീസ് ഉദ്യോഗസ്ഥകരെ വിന്യസിപ്പിച്ചുകൊണ്ടുള്ള കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമ്മേളനവേദിയിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂമുകൾ തുറന്നു. കരുനാഗപ്പള്ളി മുതൽ സമ്മേളനവേദിയും ആശ്രമപരിസരവും സി.സി.ടി.വി ക്യാമറയിലൂടെ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും ഭക്തർക്ക് സൗജന്യ ഭക്ഷണത്തിനുള്ള നൂറിലേറെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.